*കുമ്പളയിലെ കർക്കിടക തെയ്യം: കേരളീയ തെയ്യ സംസ്കാരവും, കർണാടകത്തിലെ തുളുനാടൻ ഭൂതക്കോല പാരമ്പര്യവും ഒത്തുചേരുന്ന ഒരു സാംസ്കാരിക സമന്വയം.*
കുമ്പള : കാസർഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയ്ക്ക് വടക്കുള്ള കുമ്പള സ്വരൂപത്തിലെ (മായ്പ്പാടി സ്വരൂപം) തെയ്യങ്ങൾക്ക് സാംസ്കാരികമായി ഏറെ സവിശേഷതകളു ണ്ട്.കേരളീയ തെയ്യ സംസ്കാരവും, കർണാടകത്തിലെ തുളുനാടൻ ഭൂതക്കോല പാരമ്പര്യവും ഒത്തുചേരുന്ന ഒരു സാംസ്കാരിക സമന്വയമാണ് ഇവിടത്തെ തെയ്യങ്ങളുടെ പ്രധാന വിശേഷം.
കുമ്പള പ്രദേശത്ത് കർക്കിടക മാസത്തിൽ വീടുകൾതോറും കയറിയിറങ്ങുന്ന പ്രധാന കർക്കിടക തെയ്യങ്ങൾ മൂന്നെണ്ണമാണ്.ഉത്തര മലബാറിലെ മറ്റു ഭാഗങ്ങളിൽ ആടിയും,വേടനും മാത്രമുള്ളപ്പോൾ കുമ്പള ഉൾപ്പെടുന്ന തുളുനാടൻ അതിർത്തിയിൽ മഹാഭാരതത്തിലെ കിരാത പർവ്വം കഥയെ അടിസ്ഥാനമാക്കി വേടൻ,ആടി,ഗളിഞ്ചൻ എന്നീ മൂന്ന് തെയ്യങ്ങൾ കെട്ടിയാടുന്നു.
വേടൻ തെയ്യം എന്നത് പാശുപതാസ്ത്രം നൽകുന്നതിനായി അർജുനനെ പരീക്ഷിക്കാൻ വേട രൂപത്തിൽ വന്ന പരമശിവന്റെ സങ്കല്പമാണിത്.മലയൻ സമുദായത്തിലെ കൊച്ചുകുട്ടികളാണ് ഈ തെയ്യം കെട്ടിയാടുന്നത്. കർക്കിടക മാസത്തിലെ ആദ്യ പകുതിയിലാണ് വേടൻ തെയ്യം വീടുകളിൽ എത്തുന്നത്. കർക്കിടകം 31 വരെ ഇത് തുടരും. ദാരിദ്ര്യവും ദുരിതങ്ങളും അകറ്റി ഐശ്വര്യം നൽകാനാണ് വേടൻ വരുന്നതെന്നാണ് ഐതിഹ്യം.
ആടി തെയ്യം വേട രൂപം പൂണ്ട ശിവനോടൊപ്പം കാട്ടാളത്തിനായി വന്ന പാർവതി ദേവിയുടെ സാങ്കൽപികമാണിത്.ഇതിനെ "കർക്കിടോത്തി'' എന്നും വിളിക്കാറുണ്ട്. മണ്ണാർ സമുദായത്തിലെ കുട്ടികളാണ് ഈ തെയ്യം കെട്ടുന്നത്.
ഗളിഞ്ചൻ തെയ്യമാണ് കുമ്പളയുടെ ആത്മാവ്.ഇതിന് ഒരുപാട് ചരിത്രങ്ങളുണ്ട്. ശിവനോട് യുദ്ധം ചെയ്ത അർജുനന്റെ സങ്കല്പമാണ് ഗളിഞ്ചൻ തെയ്യം.കുമ്പള ഉൾപ്പെടുന്ന തുളുനാടൻ മേഖലയിൽ മാത്രം കാണാറുള്ള സവിശേഷമായ തെയ്യമാണിത്.തുളു പാരമ്പര്യമുള്ള നാൽക്കത്തായ സമുദായത്തിലെ കുട്ടികളാണ് ഈ തെയ്യം കെട്ടിയാടുന്നത്. ഇതിന്റെ "തോറ്റപ്പാട്ടുകൾ'' മലയാളത്തിന് പകരം തുളു ഭാഷയിലാണ് പാടുന്നത്. അതുകൊണ്ടുതന്നെ അതിന് തുളുനാട്ടിൽ മനോഹാരിതയുമുണ്ട്.
കർക്കിടകമാസം പകുതിയാകുമ്പോൾ വീട്ടിലെത്തുന്ന ഈ തെയ്യം കോലങ്ങൾ വീട്ടിലെ ദോഷങ്ങൾ അകറ്റാൻ സഹായകമാവു ന്നുവെന്നാണ് വിശ്വാസം. പതിറ്റാണ്ടുകളായിട്ടുള്ള ഈ ആചാരം ഇന്നും കുമ്പളയുടെ വിവിധ ഭാഗങ്ങളിൽ തെയ്യം കെട്ടിയാടുന്നുമു ണ്ട്.വീട്ടിലെത്തുന്ന തെയ്യം കൂട്ടങ്ങളെ വീട്ടുകാർ രണ്ട് കൈയും നീട്ടി സ്വീകരിക്കും. ദോഷങ്ങൾ അകറ്റാനും,കൃഷി അഭിവൃദ്ധിക്കും മഞ്ഞളും,ചുണ്ണാമ്പും ചേർന്ന ചുവന്ന "ഗുരുതി'' വെള്ളം ഉഴിഞ്ഞെ ടുക്കുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിന് വേണ്ടി തെയ്യം കെട്ടിയാടിയതിന് ശേഷം മുകളിൽ പറഞ്ഞ "ഗുരുതി'' വെള്ളം വീടിന് ചുറ്റും ഒഴുക്കും.അതോടെ ഒരു വീട്ടിലെ പരിപാടിക്ക് സമാപനവുമാവും.
പണ്ടുകാലത്ത് കെട്ടിയാടുന്ന ഇത്തരം തെയ്യങ്ങൾക്ക് വീട്ടുകാർ "ദഡ്പ്പയിൽ''കൂടി വലിയ ദക്ഷിണ നൽകുമായിരുന്നു. അതിൽ അരിയും ഉപ്പുതൊട്ട് കൽപ്പൂരം വരെയുള്ള മറ്റു അവശ്യസാധനങ്ങളുമുണ്ടാകുമായിരുന്നുവെന്ന് കുമ്പളയിലെ തെയ്യം കലാകാരൻ അജയ് ആരിക്കാടി പറയുന്നു. എന്നാൽ ഇന്ന് മിക്ക വീടുകളിൽ നിന്നും പണമാണ് ദക്ഷിണയായി നൽകുന്നത്.
കർക്കിടകമല്ലാത്ത മാസങ്ങളിൽ കുമ്പളയിൽ വിവിധ ആഘോഷ പരിപാടികളിലും, മതപരമായ ചടങ്ങുകളിലും വിവിധങ്ങളായ തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട്. കുണ്ടൂർ ചാമുണ്ഡി, കുറത്തി തെയ്യം, മന്ത്രമൂർത്തി,ആലി ചാമുണ്ഡി,ധൂമാവലി,പഞ്ചുരുളി, കൃഷ്ണമൂർത്തി, ഭഗവതി തുടങ്ങിയവ അതിൽ പെടും.കുമ്പള രാജവംശത്തിന്റെ പ്രധാന വര ദേവതയാണ് കുണ്ടൂർ ചാമുണ്ഡി.കോപ്പാളർ സമുദായത്തിൽ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്. "മന്ത്രമൂർത്തി'' കുമ്പള ഭാഗങ്ങളിൽ കെട്ടിയാടുന്ന വളരെ ശക്തമായ മറ്റൊരു ആരാധനാമൂർത്തിയാണ്.കുമ്പള ആരിക്കാടിയിൽ കെട്ടിയാടുന്ന വളരെ പ്രശസ്തമായ തെയ്യമാണ് ആലി ചാമുണ്ഡി.ആലി എന്ന മുസ്ലിം യുവാവിന്റെ ആത്മാവും,ചാമുണ്ഡി ദേവിയുടെ ചൈതന്യവും ചേർന്ന ഐതിഹ്യമാണ് ഇതിന് പിന്നിലുള്ളത്. ആരിക്കാടി ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ ഐതിഹ്യം. ഇവിടത്തെ ഭൂരിഭാഗം തെയ്യങ്ങളുടെയും "തോറ്റങ്ങൾ'' ചൊല്ലുന്നത് മലയാളത്തിന് പകരം തുളു ഭാഷയിലാണ് എന്ന പ്രത്യേകതയും ഉണ്ട്.കുമ്പളയിലെ ഓരോ പ്രദേശത്തും ഓരോ തെയ്യങ്ങളും, ഐതിഹ്യങ്ങളുമുണ്ട്. അതിനനുസരിച്ച് ഓരോ വർഷവും വ്യത്യസ്ത മാസങ്ങളിലായി ക്ഷേത്രങ്ങളിലും മറ്റും തെയ്യങ്ങൾ കെട്ടിയാടുന്നു.ഇത് കാണാൻ വലിയ ജനാവലിയാണ് തടിച്ചു കൂടുന്നതും.
ഫോട്ടോ:കുമ്പളയിലെ തെയ്യം കലാകാരൻ അജയ് ആരിക്കാടിയും, ഗളിഞ്ചൻ തെയ്യത്തിന് വേഷമിട്ടിരിക്കുന്ന ജേഷ്ഠന്റെ മകൻ ജെഷ്വിനും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments