*തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കാതെ സിപിഐഎം*
തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കാതെ സിപിഐഎം. ജൂണ്‍ പതിനഞ്ചിന് ശേഷം യോഗം വിളിക്കാനായിരുന്നു അവസാന യോഗത്തിലെ ധാരണ. എന്നാല്‍ ഇതുവരെയും യോഗം ചേര്‍ന്നില്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി, പിഎം ശ്രീ, വിഴിഞ്ഞം തുടങ്ങിയ വിഷയങ്ങളില്‍ കൂട്ടായ പ്രക്ഷോഭം വേണമെന്നും ഘടകകക്ഷികള്‍ക്ക് നിലപാടുണ്ട്. സിപിഐഎം ഒറ്റയ്ക്ക് പ്രതികരിക്കുന്ന രീതി മാറ്റണമെന്നും ഘടകകക്ഷികള്‍ അഭിപ്രായപ്പെടുന്നു. അതേസമയം സിപിഐഎം ഉപനേതൃപദവി ആവശ്യപ്പെടുമോ എന്ന ആശങ്കയിലാണ് സിപിഐഎം.
തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം ഒരേ ഒരു തവണ മാത്രമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. എന്നാല്‍ ആ യോഗം തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയതുമില്ല. അന്ന് ചേര്‍ന്ന യോഗത്തില്‍ എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് വിശദമായി പഠിക്കാനായിരുന്നു സിപിഐഎം നിര്‍ദ്ദേശിച്ചത്. ജൂണ്‍ പതിനഞ്ചിന് ശേഷം വീണ്ടും എല്‍ഡിഎഫ് യോഗം ചേര്‍ന്ന് തോല്‍വിക്കുള്ള കാര്യകാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും സിപിഐഎം പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും എല്‍ഡിഎഫ് യോഗം വിളിച്ചിട്ടില്ല. സിപിഐഎം നേതൃത്വത്തെ ഘടകകക്ഷികള്‍ ബന്ധപ്പെടുമ്പോള്‍ എപ്പോള്‍ യോഗം വിളിക്കും എന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ചികിത്സയിലാണെന്നായിരുന്നു ഒരാഴ്ച മുന്‍പ് വരെ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തിലും ഇപ്പോള്‍ വ്യക്തമായ മറുപടിയില്ലെന്നാണ് വിവരം.
No comments