Breaking News

*മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കൽ: 126 കോടിയുടെ ഇടപാടിൽ രേഖകളില്ലെന്ന് അന്വേഷണ റിപ്പോർട്ട്*

തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നടന്ന സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകളും ചട്ടലംഘനങ്ങളും കണ്ടെത്തിയതായി കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ, അന്നത്തെ കണക്കിൽ ഏകദേശം 126 കോടി രൂപ, നൽകിയതായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നെങ്കിലും പണം കൈമാറിയതിന്റെയോ എഎഫ്എ തുക സ്വീകരിച്ചതിന്റെയോ രേഖകൾ സർക്കാരിന് ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരും എഎഫ്എയും തമ്മിൽ കരാർ ഒപ്പിട്ടതിന്റെയും സ്പോൺസറും സർക്കാരും തമ്മിൽ കരാർ നിലവിലുണ്ടായിരുന്നതിന്റെയും രേഖകൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്പോൺസറെ കണ്ടെത്തിയതിലും ചട്ടലംഘനം

അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ തയ്യാറാണെന്നും മുഴുവൻ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാമെന്നും അറിയിച്ച് കളമശേരി ആസ്ഥാനമായ ഗോട്ട് ആഡ് ഗ്ലോബൽ എന്ന സ്ഥാപനം 2023 ജൂലൈയിലാണ് സർക്കാരിന് ആദ്യ കത്ത് നൽകിയത്.

എന്നാൽ, കത്ത് നൽകുന്നതിന് വെറും 20 ദിവസം മുൻപാണ് സ്ഥാപനം രജിസ്റ്റർ ചെയ്തതെന്നും അന്ന് ഒരു ലക്ഷം രൂപ മാത്രമായിരുന്നു മൂലധനമെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് സ്പോൺസറായി എത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും ഈ സ്ഥാപനത്തിനും ഒരേ മേൽവിലാസമാണുണ്ടായിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ടെൻഡർ നടപടികളില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ തെരഞ്ഞെടുത്തതിലും വീഴ്ച സംഭവിച്ചതായി കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മുൻകായികമന്ത്രിയുടെ സ്പെയിൻ യാത്രയും സംശയ നിഴലിൽ

അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിൽ മുൻകായികമന്ത്രി വി.അബ്ദുറഹിമാൻ 2024 സെപ്റ്റംബറിൽ സ്പെയിനിൽ ഒരാഴ്ചയോളം പര്യടനം നടത്തിയിരുന്നു. അന്നത്തെ കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ പി.വിഷ്ണുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

എന്നാൽ, സ്പെയിൻ സന്ദർശനത്തിന് എഎഫ്എയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചതിന്റെ രേഖകൾ സർക്കാരിന്റെ കൈവശമില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. മന്ത്രി ആരുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നും വ്യക്തമല്ല.

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, സ്പോൺസർ തിരഞ്ഞെടുപ്പ്, വിദേശപണമിടപാട്, മുൻമന്ത്രിയുടെ വിദേശയാത്ര എന്നിവയിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്ന തരത്തിലാണ് കായികവകുപ്പിന്റെ റിപ്പോർട്ട്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments