Breaking News

*കര്‍ണാടകയില്‍ പശുക്കളെ തെരഞ്ഞു പോയവരെ വെടിവച്ചു കൊന്നു; 7 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി*

ബെംഗളൂരു : കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ വേട്ടക്കാരാണെന്ന് സംശയിക്കുന്ന ഗ്രാമീണർ വെടിയേറ്റ് മരിച്ച സംഭവത്തില്‍, ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഹനൂർ പോലീസ് സ്റ്റേഷനില്‍ ബി.എൻ.എസ്. സെക്ഷൻ 103(1) പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താൻ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉത്തരവിട്ടു.

പശുക്കളെ തെരഞ്ഞുപോയ മൂന്ന് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

പശുക്കളെ തെരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. കുടുംബാംഗങ്ങളുടെ പരാതിയിലാണ് നടപടി എന്ന് ഐ ജി വ്യക്തമാക്കി. സംഭവത്തില്‍ സർക്കാർ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി ഉറപ്പുനല്‍കി.

ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഇതേത്തുടർന്ന് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികള്‍ വൈകിയെങ്കിലും, സർക്കാരിന്റെയും മന്ത്രിയുടെയും ഉറപ്പിന് പിന്നാലെ പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും സംസ്‌കാരം ഇന്ന് നടക്കും.

ഇന്നലെയാണ് ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടത്. കാടിനുള്ളില്‍ വച്ച്‌ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവർക്ക് നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ട മൂന്ന് പേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ നാട്ടുകാർ ഇത് തള്ളിയിരുന്നു.

വെടിവയ്പ്പ് വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തുകയും ഓഫീസ് കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ആറ് വേട്ടക്കാർ ചേർന്ന് ഒരു മാനെ കൊന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. പട്രോളിംഗിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോള്‍ വേട്ടക്കാർ അവർക്കുനേരെ വെടിയുതിർക്കുകയും, വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചും വെടിയുതിർക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ഉണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments