Breaking News

*പോലീസ് ഓപ്പറേഷൻ തൂഫാന് പിന്നാലെ: ജില്ലയിൽ തീരദേശത്ത് നിന്ന് വ്യാപക മണൽ കൊള്ള,കടവുകളിൽ അനധികൃത മണലൂറ്റൽ.*

കാസർഗോഡ് : ചില പോലീസുകാർ സ്റ്റേഷനുകളിൽ നിന്ന് മാറുമ്പോൾ തന്നെ മണൽ കടത്ത് വ്യാപകമാകുന്നത് എന്തുകൊണ്ട്..? പോലീസ് ഉദ്യോഗസ്ഥരെ മണലൂറ്റ് സംഘം രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തിയാണോ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ വിന്യസിക്കുന്നത്..? ജനങ്ങൾക്കിടയിൽ ചോദ്യങ്ങൾ വരിക സ്വാഭാവികം. നാളുകൾക്ക് ശേഷം തീരദേശത്തും, മണൽകടവുകളിലും മണൽകൊള്ള സജീവമാവുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്.

 അംഗീകൃത കടവുകളിൽ പോലും അനധികൃതമായ മണലൂറ്റ് നടക്കുന്നുണ്ടെന്നാണ് ജനസംസാരം.ജില്ലയിൽ പരിസ്ഥിതി അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കടവു കളുമുണ്ട്.ഇത്തരം  ഇത്തരം കടവുകളുടെ പ്രവർത്തനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞത്.ഷിറിയ, ആരിക്കാടി കടവു കളുടെ പ്രവർത്തനമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. 

തീരദേശത്താണെങ്കിൽ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുമ്പോഴാണ് വ്യാപക മണൽകൊള്ള എന്നത് നാട്ടുകാരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്.കടൽക്ഷോഭം നേരിട്ട പ്രദേശങ്ങളിൽ നിന്ന് തന്നെ മണലൂറ്റുന്നത് എന്നത് തീരദേശവാസികളിൽ ഭയവും,ആശങ്കയും വർധിപ്പിക്കുന്നുമുണ്ട്. രാത്രി 12 മണിക്ക് തുടങ്ങുന്ന മണലൂറ്റ് വെളുപ്പിന് ആറുമണിവരെ തുടരും. ഈ സമയങ്ങളിൽ ഒരൊറ്റ പോലീസുകാരനെയും തീരദേശത്ത് കാണാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.എല്ലാവരും തിരക്കിലാണ്,ഓപ്പറേഷൻ തൂഫാന് പിന്നാലെയാണെന്നാണ് അധികൃതരുടെ വിശദീകരണം.എന്നാൽ നാട്ടുകാർ ഇത് വിശ്വസിക്കുന്നില്ല.

 കുമ്പള തീരദേശവും, കടവുകളും എന്നും മണൽ കൊള്ളയ്ക്ക് പേരുകേട്ട ഇടങ്ങളാണ്. കുമ്പള പോലീസ് സ്റ്റേഷനിൽ നേരാംവണ്ണം സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ വെച്ചുപൊറുപ്പിക്കാറില്ല.രാഷ്ട്രീയ ഇടപെടലുകൾ നടത്തി സ്ഥലംമാറ്റും.ഇത് മണത്തറിഞ്ഞ ജില്ലാ പോലീസ് മേധാവി കഴിഞ്ഞവർഷം മണലൂറ്റ് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഏഴോളം പോലീസുകാരെ സസ്പെൻഡ് ചെയ്തത് വലിയ വാർത്തയായിരുന്നു.

 ആരിക്കാടി,ഷിറിയ കടവുകൾ വീണ്ടും തുറക്കാൻ കുമ്പള പഞ്ചായത്ത് ഭരണസമിതി വളരെ ധൃതിപിടിച്ച് എടുത്ത തീരുമാനം ഇപ്പോൾ പൊല്ലാപ്പായി മാറി. പ്രവർത്തനം ഹൈക്കോടതി തടഞ്ഞു.പരിസ്ഥിതി അനുമതിയില്ലാതെയാണ് കടവ് പ്രവർത്തനം നടത്തിയതെന്ന് കാണിച്ചാണ് ഒരു ഹരജിയിൻമേൽ ഹൈക്കോടതി തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിറക്കിയത്. രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളാണ് ഷിറിയ തീരവും,ആരിക്കാടിയും. ഇവിടെ കടവ് പ്രവർത്തിക്കണമെങ്കിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം,തീരദേശ മാനേജ്മെന്റ് അധികൃതർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അനുമതി വേണം. ഇതൊന്നുമില്ലാ തെയാണ് കടവ് പ്രവർത്തനം തുടങ്ങിയതെന്ന് കാണിച്ചാണ് ഹരജി നൽകിയിരുന്നത്. അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്. കേസ് വീണ്ടും സെപ്റ്റംബർ ഒമ്പതിന് പരിഗണിക്കും.

 അതേസമയം ഹൈക്കോടതി ഇടക്കാല ഉത്തരവ് മറ്റുള്ള അംഗീകൃത കടവുകളുടെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നുവരുന്നുണ്ട്. അംഗീകൃത കടവന്ന് കാണിച്ച് മണലൂറ്റുന്ന കടവുകളിൽ ഇനി മലിനീകരണ നിയന്ത്രണ ബോർഡ്,തീരദേശ മാനേജ്മെന്റ് അനുമതി കാണിക്കേണ്ടിവരും.

 ജില്ലയിൽ പ്രകൃതിക്ഷോഭവും, കടൽക്ഷോഭവും കാരണം തീരദേശ ജനത ദുരിതമനുഭവിക്കുമ്പോൾ മണൽക്കടവിന് ഗ്രാമപഞ്ചായത്തുകൾ അനുമതി നൽകുന്നതും അനധികൃത മണലൂറ്റ് നടക്കുന്നതും നാട്ടുകാർ തന്നെയാണ് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നത്. കടൽക്ഷോഭത്തിൽ കരയിടിച്ചിൽ  വ്യാപകമാകുമ്പോഴാണ് പുഴയിൽ നിന്നും,തീരത്തു നിന്നും മണൽവാരുന്നത് തീരത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്നത്. വാനിലും,ഓട്ടോകളിലും ചാക്കുകളിലാക്കി കടത്തുന്ന മണലാണ് പോലീസ് പലപ്പോഴും പിടിച്ചെടുക്കുന്നത്.ടിപ്പർ ലോറികളിലും മറ്റും തീരത്തു നിന്നും, കടവുകളിൽ നിന്നും അനധികൃതമായി മണലെടുക്കുന്നത് തടയാൻ പോലീസിന് കഴിയുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുമുണ്ട്.

ഫോട്ടോ:മൊഗ്രാൽ പുത്തൂരിലെ അംഗീകൃത മണൽക്കടവ്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments