Breaking News

*മതേതര കേരളത്തിന്റെ വെളിച്ചം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമകൾക്ക് ഇന്ന് പതിനേഴാണ്ട്*

മലപ്പുറം : പക്വതയാർന്ന നേതൃമഹിമ കൊണ്ട് പതിറ്റാണ്ടുകളോളം മതേതര കേരളത്തിന് വഴികാട്ടിയായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമകൾ അയവിറക്കി മതേതര കേരളം. ശബ്ദകോലാഹലങ്ങൾ പൊതുമണ്ഡലത്തെ ഭരിക്കുന്ന ഈ വർത്തമാനകാലത്ത്, നിശബ്ദത കൊണ്ടും ശാന്തത കൊണ്ടും സമാധാനം തീർത്ത ആ മഹാനുഭാവന്റെ വിയോഗം സൃഷ്ടിച്ച വിടവ് ഇന്നും നികത്താനാവാത്ത വേദനയായി അവശേഷിക്കുന്നു.
മന്ത്രിസഭകളെയും ഭരണകൂടങ്ങളെയും തീരുമാനിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നിട്ടും, ഒരു ഭരണപദവിയുടെയും തണൽപറ്റാൻ ആഗ്രഹിക്കാത്ത നേതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ. അധികാരത്തിന്റെ ഇടനാഴികളിലേക്ക് വാതിലുകൾ തുറന്നുകിടന്നപ്പോഴും, പാണക്കാട്ടെ പൂമുഖത്ത് സാധാരണക്കാരുടെ കണ്ണീരൊപ്പാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. പദവികൾ കൊണ്ട് അളക്കാനാവാത്ത ആദർശവിശുദ്ധിയായിരുന്നു ആ വ്യക്തിത്വത്തിന്റെ കരുത്ത്. തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയം, വിട്ടുവീഴ്ചയില്ലാത്ത ആദർശം, സൗമ്യമായ പെരുമാറ്റം, പാരമ്പര്യത്തിൽ അടിയുറച്ച് നിന്ന  മതേതര വാദി  എന്നിവയെല്ലാം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തി. രൂക്ഷമായ രാഷ്ട്രീയ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, എതിർപക്ഷത്തുള്ള നേതാക്കൾക്ക് പോലും സർവസ്വീകാര്യനായ നയതന്ത്രജ്ഞന്റെ സ്ഥാനമാണ് കേരള പൊതുസമൂഹത്തിൽ തങ്ങൾക്കുണ്ടായിരുന്നത്.
വർഷങ്ങളോളം നീണ്ടുനിൽക്കാമായിരുന്ന സിവിൽ കേസുകളും കുടുംബ വഴക്കുകളും സ്വത്തുതർക്കങ്ങളും ഒരൊറ്റ കൂടിക്കാഴ്ച കൊണ്ട് തീർപ്പാക്കിയിരുന്ന ഇടമായിരുന്നു പാണക്കാട്ടെ കൊടപ്പനക്കൽ പൂമുഖം. 
ഈജിപ്തിലെ അൽ അസ്ഹർ, കെയ്‌റോ സർവകലാശാലകളിലെ പഠനത്തിലൂടെ നേടിയ ലോകപരിചയവും ഭാഷാപരിജ്ഞാനവും വഴി ശാന്തവും ദീർഘവീക്ഷണമുള്ളതുമായ ഒരു നേതൃശൈലി വാർത്തെടുത്തു ശിഹാബ് തങ്ങൾ. അത് മതേതര കേരളത്തിനും വരുംതലമുറകൾക്കും ഒരുപോലെ ഗുണകരമായി ഭവിച്ചു. മുസ്്ലിം ലീഗിന്റെ അവസാന വാക്കായിരിക്കുമ്പോഴും സമസ്തയേയും സുന്നത്ത് ജമാഅത്തിനെയും അതിരറ്റു സ്‌നേഹിക്കുകയും അമരത്തിരിക്കുകയും ചെയ്തു.
ദീർഘകാലം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ നയിച്ചിട്ടും ഒരു ഭരണപദവിയും ആഗ്രഹിക്കാതെ, അധികാര രാഷ്ട്രീയത്തിന് അതീതനായി നിലകൊണ്ട ആ വ്യക്തിത്വത്തിന്റെ വിയോഗത്തിന് വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾക്കുള്ള പ്രസക്തി ഏറിവരികയാണ്. 2009 ഓഗസ്റ്റ് ഒന്നിനാണ് ശിഹാബ് തങ്ങൾ വിടവാങ്ങിയത്. ഇന്ന് അദ്ദേഹത്തിന്റെ 17ാം ഓർമദിനമാണ്. പാണക്കാട് മഖാമിൽ ഇന്ന് രാവിലെ എട്ടിന് ഖബർ സിയാറത്ത് നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments