Breaking News

*കുടിവെള്ളത്തിൽ ഇ കോളി മാലിന്യം; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഗുരുതരവീഴ്ചയെന്ന് സിഎജി"*

ന്യൂ‍ഡൽഹി : പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലെ വാട്ടർ കൂളറിൽനിന്നുള്ള കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നു കൺട്രോളർ ആൻഡ് ഓ‍ഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ഇതിനുപുറമേ, 8 സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ കൂടി മനുഷ്യ വിസർജ്യത്തിൽനിന്നു പരക്കുന്ന ഇ കോളി കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം മറ്റു റെയിൽവേ സോണുകളിലാണ്. 512 നോൺ സബർബൻ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള സേവനങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് സിഎജി പരിശോധിച്ചത്. 49 സ്റ്റേഷനുകളിലെ ടാപ്പുകളിൽനിന്നു ശേഖരിച്ച കുടിവെള്ള സാംപിളുകളിലും മാലിന്യം കലർന്നതായി കണ്ടെത്തി.

പാലക്കാട് സ്റ്റേഷനിലെ വാട്ടർ ടാങ്ക് പൂർണമായി മൂടിയിട്ടില്ലെന്നും ടാങ്കിലേക്കു ചാഞ്ഞു നിൽക്കുന്ന മരത്തിൽ വവ്വാൽ ഉൾപ്പെടെ പക്ഷികൾ സ്ഥിരതാമസമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്ലാറ്റ്ഫോം ഷെൽട്ടറുകൾക്കിടയിൽ മേൽക്കൂരയില്ലാത്തതിനാൽ പാലക്കാട് സ്റ്റേഷനിൽ മഴക്കാലത്തു യാത്രക്കാർ നനയുന്നു. ആലുവ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനുകളിൽ ഫാനുകളും വാട്ടർ കൂളറുകളും പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽനിന്ന് പാലക്കാട്, കോഴിക്കോട്, ആലുവ, തിരുവനന്തപുരം, കാഞ്ഞങ്ങാട്, തുറവൂർ, കൊട്ടാരക്കര തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങളും സിഎജി വിലയിരുത്തിയിട്ടുണ്ട്.

റിപ്പോർട്ടിലെ വിവരങ്ങളനുസരിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്റ്റേഷനുകൾ വൃത്തിയുടെ കാര്യത്തിൽ ഭേദമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 243 സ്റ്റേഷനുകൾ പരിശോധിച്ചതിൽ വിശ്രമകേന്ദ്രങ്ങൾ വരെ മുറുക്കിത്തുപ്പി വൃത്തികേടാക്കിയ നിലയിലാണ്. 21 സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾ ഇപ്പോഴും വെളിയിട വിസർജന കേന്ദ്രങ്ങളാണ്. അതേസമയം, തെലങ്കാനയിലെ കാച്ചെഗുഡ സ്റ്റേഷനിൽ മുറുക്കിത്തുപ്പാൻ പ്രത്യേക സംവിധാനമൊരുക്കിയത് മികച്ച മാതൃക ആയാണു കഴിഞ്ഞ ദിവസം പാർലമെന്റിൽ വച്ച റിപ്പോർട്ടിൽ സിഎജി വിശേഷിപ്പിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, വിവിധ സ്റ്റേഷനുകളിലെ കുടിവെള്ള സംവിധാനം മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിച്ചെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

8 വർഷത്തിനുശേഷവും സൗകര്യം ഒരുക്കിയിട്ടില്ലഎല്ലാ സ്റ്റേഷനുകളിലും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് 2018 ഏപ്രിലിൽ റെയിൽവേ ബോർഡ് നിർദേശിച്ചിരുന്നു. ശുദ്ധജലം, വിശ്രമകേന്ദ്രം, സീറ്റുകൾ, പ്ലാറ്റ്ഫോം ഷെൽറ്റർ, ശുചിമുറികൾ, ഫാൻ, ഫുട് ഓവർ ബ്രിജുകൾ, ചവറ്റുകുട്ടകൾ, ക്ലോക്ക്, പൊതു അറിയിപ്പ് സംവിധാനങ്ങൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. എന്നാൽ, ഇത്രയേറെ വർഷമായിട്ടും മിക്ക സ്ഥലങ്ങളിലും ശുചിമുറികൾ പോലുമില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷനുകളിൽ കുടിവെള്ള സംവിധാനങ്ങൾക്കു നിലവിൽ നിശ്ചയിച്ചിട്ടുള്ള പരിശോധനകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് റെയിൽവേയോടു സിഎജി നിർദേശിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments