Breaking News

*സംശയകരമായ ഇടപാടിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് പൂർണമായി മരവിപ്പിക്കരുത് നിർണായക വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി*

ജയ്പൂർ : സൈബർ തട്ടിപ്പ് കേസുകളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ പൂർണമായി മരവിപ്പിക്കുന്ന രീതി തടഞ്ഞ് രാജസ്ഥാൻ ഹൈക്കോടതിയുടെ നിർണായക മാർഗരേഖ. അന്വേഷണങ്ങളുടെ പേരിൽ അക്കൗണ്ടുകൾ അനിശ്ചിതകാലത്തേക്ക് പൂർണമായി മരവിപ്പിക്കരുതെന്നും പരാതിക്കിടയാക്കിയ തർക്ക തുകയിൽ മാത്രമായി നിയന്ത്രണം പരിമിതപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ആനന്ദ് ശർമ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നൂറിലധികം ഹർജികൾ പരിഗണിച്ചുകൊണ്ട് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

പോലീസിന്റെയോ സൈബർ ക്രൈം വിഭാഗത്തിന്റെയോ അറിയിപ്പുകളെത്തുടർന്ന് അക്കൗണ്ടുകൾ പൂർണമായി മരവിപ്പിക്കുന്നതിനെതിരെ വ്യക്തികളും വ്യാപാര സ്ഥാപനങ്ങളുമാണ് കോടതിയെ സമീപിച്ചത്. നൂറ്, ആയിരം, 5000, 10000 രൂപ തുടങ്ങിയ ചെറിയ തുകകളുടെ പേരിലുള്ള തർക്കങ്ങളിൽ പോലും വലിയ തുകകളുള്ള അക്കൗണ്ടുകൾ പൂർണമായി മരവിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. സൈബർ തട്ടിപ്പുകളിൽ നിന്ന് ഇരകളെ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെങ്കിലും നിരപരാധികളായ പൗരന്മാരുടെ അവകാശങ്ങൾ അകാരണമായി ഹനിക്കപ്പെടരുതെന്ന് കോടതി വ്യക്തമാക്കി. ശമ്പളം വാങ്ങുന്നതിനും നികുതി അടയ്ക്കുന്നതിനും ജീവനക്കാർക്ക് വേതനം നൽകുന്നതിനുമെല്ലാം ബാങ്ക് അക്കൗണ്ടുകൾ അത്യാവശ്യമായതിനാൽ സമ്പൂർണ മരവിപ്പിക്കൽ സാധാരണ ജീവിതത്തെയും വ്യാപാരങ്ങളെയും നിശ്ചലമാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അവ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അക്കൗണ്ടുകൾ പൂർണമായി മരവിപ്പിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. തർക്കമുള്ള തുക കൃത്യമായി തിരിച്ചറിയാൻ കഴിയുമെങ്കിൽ ആ തുക മാത്രം ഹോൾഡ് ചെയ്യുകയോ ലിയൻ മാർക്ക് ചെയ്യുകയോ വേണം. ബാക്കി തുക സാധാരണ രീതിയിൽ ഉപയോഗിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അനുവാദം നൽകണം. മ്യൂൾ അക്കൗണ്ടുകൾ, തുടർച്ചയായ സംശയകരമായ ഇടപാടുകൾ തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ അക്കൗണ്ട് പൂർണമായി മരവിപ്പിക്കാവൂ. ഇതിന് വ്യക്തമായ കാരണം രേഖപ്പെടുത്തി ബാങ്കിനെ അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) 106 വകുപ്പ് പ്രകാരമുള്ള നടപടികൾ ഉടൻ മജിസ്ട്രേറ്റിനെ അറിയിക്കുകയും 107 വകുപ്പ് പ്രകാരമുള്ള സ്വത്ത് കണ്ടുകെട്ടലിന് കോടതി ഉത്തരവ് നേടുകയും വേണം.

അന്വേഷണം പൂർത്തിയായാലോ അക്കൗണ്ട് ഉടമയ്ക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് വ്യക്തമായാലോ ഉടൻ തന്നെ മരവിപ്പിക്കൽ നടപടികൾ പിൻവലിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകണം. അക്കൗണ്ട് മരവിപ്പിക്കൽ നടപടികൾ ക്രമീകരിക്കുന്നതിനായി നാല് ആഴ്ചയ്ക്കകം സംസ്ഥാന വ്യാപകമായി സർക്കുലർ പുറപ്പെടുവിക്കാൻ ഡിജിപിക്കും സൈബർ ക്രൈം വിഭാഗത്തിനും കോടതി നിർദേശം നൽകി. അക്കൗണ്ടുകളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ബാങ്ക് ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകാൻ ആർബിഐയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച റിപ്പോർട്ട് എട്ട് ആഴ്ചയ്ക്കകം ഹൈക്കോടതിയിൽ സമർപ്പിക്കണം.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments