Breaking News

*ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്‌സി കാവി നിറമാക്കിയ സംഭവം; മാറ്റം പ്രസിഡന്റ് പോലുമറിഞ്ഞില്ല, ഹോക്കി ഇന്ത്യയില്‍ തര്‍ക്കം രൂക്ഷം*

ന്യൂഡല്‍ഹി : വരാനിരിക്കുന്ന എഫ് ഐ എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ദേശീയ ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറമാക്കിയ സംഭവത്തില്‍ ഹോക്കി ഇന്ത്യയില്‍ വന്‍ പൊട്ടിത്തെറി. എക്‌സിക്യൂട്ടീവ് ബോര്‍ഡുമായോ തന്നോട് യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹോക്കി ഇന്ത്യ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ദിലീപ് ടിര്‍ക്കി രംഗത്തെത്തി. തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി സമഗ്രമായ റിപോര്‍ട്ട് നല്‍കണമെന്ന് ഹോക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.കെ. ശ്രീവാസ്തവയോട് ടിര്‍ക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടു.


പരമ്പരാഗതമായ നീല ജേഴ്‌സി മാറ്റാനുള്ള പ്രധാന കാരണം, ഏത് ഉദ്യോഗസ്ഥന്റെയോ കമ്മിറ്റിയുടെയോ അധികാരത്തിന്മേലാണ് ഈ തീരുമാനമെടുത്തത്?, തീരുമാനമെടുക്കുന്നതില്‍ പങ്കാളികളായ വ്യക്തികളും കമ്മിറ്റികളും ഏതെല്ലാം?, പരിശീലകര്‍, ക്യാപ്റ്റന്‍, നിലവിലെ താരങ്ങള്‍, മുന്‍ അന്താരാഷ്ട്ര താരങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ?, ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് പ്രസിഡന്റിനെയോ ഭരണസമിതിയെയോ വിവരം അറിയിക്കാതിരുന്നത് എന്തുകൊണ്ട്? എന്നീ കാര്യങ്ങളിലാണ് ഹോക്കി ഇന്ത്യ പ്രസിഡന്റ് വിശദീകരണം തേടിയത്.

തന്റെ എതിര്‍പ്പ് കാവി നിറത്തോടല്ല. മറിച്ച് ദേശീയ ടീമിന്റെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഇത്രയും വലിയൊരു തീരുമാനം തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെയും പ്രസിഡന്റിനെ അറിയിക്കാതെയും എടുത്തതിലാണെന്നും ദിലീപ് ടിര്‍ക്കി പറഞ്ഞു. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ആവശ്യമില്ലാത്ത രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് ടീമിനെ വലിച്ചിഴയ്ക്കരുതെന്നും, കളിക്കാരുടെ ശ്രദ്ധ മത്സരത്തില്‍ മാത്രമായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഒഡീഷ സര്‍ക്കാരും ദിലീപ് ടിര്‍ക്കിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.


നേരത്തെ, നിലവിലെ കളിക്കാരുമായി പോലും ചര്‍ച്ച ചെയ്യാതെയാണ് പുതിയ ജേഴ്‌സി അടിച്ചേല്‍പ്പിച്ചതെന്ന് വെളിപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ജേഴ്‌സി കൈമാറിയപ്പോള്‍ മാത്രമാണ് നിറം മാറിയ വിവരം പല പ്രമുഖ താരങ്ങളും അറിയുന്നത്. പൊതുസമൂഹത്തിലും രാഷ്ട്രീയ തലത്തിലും വിഷയം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ ഉള്ളിലും പോര് രൂക്ഷമായത്. ഓഗസ്റ്റ് 15 മുതല്‍ 30 വരെ നെതര്‍ലന്‍ഡ്‌സിലും ബെല്‍ജിയത്തിലുമായാണ് എഫ്.ഐ.എച്ച് വനിതാ/പുരുഷ ഹോക്കി ലോകകപ്പ് മാമാങ്കം നടക്കുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹോക്കി ഇന്ത്യയിലുണ്ടായ ഈ ആഭ്യന്തര തര്‍ക്കം ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കായിക പ്രേമികള്‍.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments