Breaking News

*സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് സർവീസ് ഡിസംബർ നാല് മുതൽ പുനരാരംഭിക്കുന്നു*മലബാറിലെ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും തീരുമാനം വലിയ ആശ്വാസമാകും

ജിദ്ദ : സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' ജിദ്ദ-കോഴിക്കോട് സെക്ട‌റിലെ വിമാന സർവീസുകൾ ഡിസംബർ നാല് മുതൽ പുനരാരംഭിക്കുന്നു. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം തന്നെ സൗദിയ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ വീണ്ടും ആരംഭിക്കുന്നത് മലബാറിൽ നിന്നുള്ള പടിഞ്ഞാറൻ പ്രവിശ്യയിലുള്ള മലയാളി സമൂഹത്തിന് വലിയ അനുഗ്രഹമാകും.

ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വെള്ളി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 4:25-ന് പുറപ്പെടുന്ന വിമാനം രാത്രി 12:25-ന് കരിപ്പൂരിലെത്തും. കൂടാതെ തിങ്കളാഴ്ച പുലർച്ചെ 1:00-ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനം രാവിലെ 9:00 മണിക്ക് കരിപ്പൂരിലെത്തും. ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് തിരിച്ചുള്ള സർവീസുകൾ.

ശനി, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ 1:30-ന് കരിപ്പൂരിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 5:25-ന് ജിദ്ദയിലെത്തും. തിങ്കളാഴ്ച രാവിലെ 9:55-ന് കരിപ്പൂരിൽ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1:50-ന് ജിദ്ദയിലെത്തും
2020ൽ കോഴിക്കോട് വിമാനത്താവളത്തിൽ
എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തം ഉണ്ടായതിനെ തുടർന്നുള്ള സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളും, ശേഷം വിമാനത്താവളത്തിലെ റൺവേ വികസനം, റീകാർപ്പറ്റിംഗ് പ്രവൃത്തികൾ തുടങ്ങിയ ജോലികളെല്ലാം കാരണമാണ് സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് സർവീസുകൾ നിർത്തിയിരുന്നത്. സർവീസുകൾ വീണ്ടും സജീവമാവുന്നത് വഴി വർഷങ്ങളായി ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. നിലവിൽ നേരിട്ടുള്ള വിമാനസർവീസുകളുടെ കുറവ് കാരണം കനത്ത ടിക്കറ്റ് നിരക്ക് നൽകിയോ, മറ്റ് വിമാനത്താവളങ്ങൾ വഴി ചുറ്റിത്തിരിഞ്ഞോ ആയിരുന്നു പ്രവാസികൾ യാത്ര ചെയ്തിരുന്നത്. സൗദിയുടെ സ്വന്തം വിമാനത്തിൽ മിതമായ നിരക്കിൽ കൂടുതൽ ലഗേജ് അലവൻസോടെ നേരിട്ട് കോഴിക്കോട്ടേക്ക് എത്താൻ സാധിക്കുന്നത് പ്രവാസികൾക്ക് ഏറെ ഗുണകരമാകും

പ്രവാസികൾക്ക് പുറമെ മലബാറിലെ ഉംറ തീർത്ഥാടകർക്കും ജിദ്ദയിലേക്ക് നേരിട്ടുള്ള സർവീസ് വലിയൊരു അനുഗ്രഹമാണ്. വിശുദ്ധ നഗരമായ മക്കയോട് ഏറ്റവും അടുത്തുള്ള ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുകൾ ലഭ്യമാകുന്നതോടെ തീർത്ഥാടകരുടെ യാത്രാക്ലേശം പൂർണ്ണമായും ഒഴിവാകും.

സീസൺ സമയങ്ങളിലെ ടിക്കറ്റ്' ലഭ്യതക്കുറവും യാത്രാക്കൂലി വർധനവും മൂലം ബുദ്ധിമുട്ടുന്നവർക്ക് സൗദി എയർലൈൻസിന്റെ തിരിച്ചുവരവ് വലിയൊരു ആശ്വാസമാകും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments