*'പശു' വെറുമൊരു മൃഗം, ഗോപൂജയെ സവര്‍ക്കര്‍ കടുത്ത ഭാഷയില്‍ എതിര്‍ത്തിരുന്നു; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ കോടതിയില്‍ സമ്മതിച്ച് കൊച്ചുമകൻ*
പശുവിനെ ദൈവമായി ആരാധിക്കുന്നതിനെയും ഗോപൂജയെയും ഹിന്ദുത്വ സൈദ്ധാന്തികനായ വി.ഡി സവർക്കർ ശക്തമായി എതിർത്തിരുന്നതായി അദ്ദേഹത്തിന്റെ കൊച്ചുമകൻ സത്യകി സവർക്കർ.പശുവിനെ വെറുമൊരു ഉപയോഗപ്രദമായ മൃഗമായി മാത്രമാണ് സവർക്കർ കണ്ടിരുന്നതെന്നും സത്യകി കോടതിയില്‍ സമ്മതിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിന്റെ വിസ്താരത്തിനിടെ, ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന പുണെയിലെ പ്രത്യേക കോടതിയിലാണ് (എം.പി/എം.എല്‍.എ കോടതി) സത്യകി സവർക്കറുടെ ഈ നിർണായക വെളിപ്പെടുത്തല്‍.
ലണ്ടനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വി ഡി സവർക്കറെ രാഹുല്‍ ഗാന്ധി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് സത്യകി സവർക്കർ നല്‍കിയ കേസിലാണ് ഇപ്പോള്‍ കോടതിയില്‍ വാദം നടക്കുന്നത്. ചൊവ്വാഴ്ച നടന്ന ക്രോസ് വിസ്താരത്തിനിടെ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ മിലിന്ദ് പവാർ സവർക്കർ രചിച്ച ‘വിജ്ഞാൻ നിഷ്ഠ് നിബന്ധ്’ (ശാസ്ത്രീയ യുക്തിയെ അടിസ്ഥാനമാക്കിയുള്ള ഉപന്യാസങ്ങള്‍) എന്ന പുസ്തകം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ പുസ്തകം സവർക്കർ തന്നെ എഴുതിയതാണെന്നും, പശുവിനെക്കുറിച്ചുള്ള അതിലെ ഉള്ളടക്കങ്ങള്‍ സത്യമാണെന്നും സത്യകി കോടതിയില്‍ സമ്മതിക്കുകയായിരുന്നു. ഗോപൂജയെയും പശുവിനെ ദൈവമായി കാണുന്നതിനെയും സവർക്കർ ഈ പുസ്തകത്തില്‍ രൂക്ഷമായാണ് വിമർശിക്കുന്നത്.
സവർക്കറുടെ പുസ്തകത്തിലെ പ്രധാന പരാമർശങ്ങള്‍ ഇവയാണ്:
പശു ഒരു മൃഗം മാത്രം: മനുഷ്യരേക്കാള്‍ വളരെ താഴെയാണ് മൃഗങ്ങളുടെ സ്ഥാനം. മനുഷ്യനുള്ളത്ര ബുദ്ധിപോലുമില്ലാത്ത ഒരു മൃഗത്തെ ദൈവമായി കണക്കാക്കുന്നത് മനുഷ്യത്വത്തെ മാത്രമല്ല, ദൈവീക സങ്കല്‍പ്പത്തെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
സംരക്ഷണം ഉപയോഗമുള്ളത് കൊണ്ട് മാത്രം: പശു മനുഷ്യർക്ക് പ്രയോജനകരമായിരിക്കുന്ന കാലത്തോളം അതിനെ സംരക്ഷിക്കണം. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അത് ഉപകാരപ്പെടാതിരിക്കുകയോ ദോഷകരമായി മാറുകയോ ചെയ്താല്‍, അതിനെ കൊല്ലുന്നത് പോലും ആവശ്യമായി വന്നേക്കാമെന്ന് സവർക്കർ വ്യക്തമാക്കിയിട്ടുണ്ട്.
നായയും കുതിരയും തുല്യം: നായ, കുതിര, കഴുത എന്നീ മൃഗങ്ങളോടാണ് പശുവിന്റെ ഉപയോഗത്തെ സവർക്കർ താരതമ്യം ചെയ്തത്. ഇവയെല്ലാം മനുഷ്യന് ഉപകാരപ്രദമാണെങ്കിലും അവയെ ആരും ദൈവമായി ആരാധിക്കാറില്ല എന്ന് അദ്ദേഹം ചോദിക്കുന്നു.
ചാണകവും ഗോമൂത്രവും കഴിക്കുന്നത്: പശുവിന്റെ ചാണകവും മൂത്രവും പുണ്യമാണെന്ന് വിശ്വസിച്ച് അവ കഴിക്കുന്ന രീതിയെ സവർക്കർ നിശിതമായി വിമർശിച്ചു. ഇതൊന്നും മതപരമായ ആചാരങ്ങളല്ലെന്നും, സമൂഹത്തിന്റെ ബൗദ്ധികമായ തകർച്ചയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
33 കോടി ദേവതകളെന്നത് അസംബന്ധം: പശുവിന്റെ ശരീരത്തില്‍ മുപ്പത്തിമുക്കോടി ദേവതകള്‍ കുടികൊള്ളുന്നുണ്ടെന്ന വാദം മതത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. പശുവിനെ ‘ഗോമാതാവ്’ എന്ന് വിളിക്കുന്നത് കേവലം ആലങ്കാരികമായി മാത്രമായിരിക്കണമെന്നും അക്ഷരാർത്ഥത്തില്‍ എടുക്കരുതെന്നും അദ്ദേഹം പുസ്തകത്തില്‍ വാദിച്ചു.
സവർക്കർ തന്നെ രചിച്ച പുസ്തകത്തിലെ ഇത്തരം പരാമർശങ്ങള്‍ കൊച്ചുമകൻ തന്നെ കോടതിയില്‍ അംഗീകരിച്ചത് കേസില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ആശ്വാസമാകും. ഹിന്ദുത്വ സൈദ്ധാന്തികനായ സവർക്കറുടെ മതപരവും ശാസ്ത്രീയവുമായ കാഴ്ച്ചപ്പാടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ അഭിഭാഷകർ ഈ അപകീർത്തിക്കേസിനെ പ്രതിരോധിക്കുന്നത്. കോടതി നടപടികളുടെ വിശദാംശങ്ങള്‍ പ്രമുഖ നിയമ വാർത്താ പോർട്ടലായ ‘ലൈവ് ലോ’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments