തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറി (CFSL) സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു.
കൊച്ചി : മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടുകളിലെ കാലതാമസത്തിന് പരിഹാരമൊരുങ്ങുന്നു. ശാസ്ത്രീയ തെളിവുകൾ വേഗത്തിൽ ലഭ്യമാക്കി കേസുകളുടെ തീർപ്പാക്കൽ ത്വരിതപ്പെടുത്താൻ തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറി (CFSL) സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ദേശീയ ഫൊറൻസിക് അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ ലാബ് യാഥാർഥ്യമാകുന്നത്.പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതോടെ ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് നിർബന്ധമായിട്ടുണ്ട്. ഇതോടെ ഫൊറൻസിക് പരിശോധനകളുടെ ആവശ്യകതയും വർധിച്ചു. ടെക്‌നോപാർക്കിൽ ലാബിനായി സ്ഥലം കണ്ടെത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
പരിശോധനാ റിപ്പോർട്ടുകളിലെ കാലതാമസം കുറയ്ക്കാൻ സംസ്ഥാനത്തെ ഫൊറൻസിക് ലാബുകളിൽ കൂടുതൽ സയന്റിഫിക് ഓഫീസർമാരെ നിയമിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ല. നിലവിൽ വിചാരണക്കോടതികളിൽ മാത്രം 8,422 മയക്കുമരുന്ന് കേസുകൾ തീർപ്പാക്കാനായി കാത്തിരിക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ കീഴിൽ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് പ്രധാന ഫൊറൻസിക് ലബോറട്ടറി പ്രവർത്തിക്കുന്നത്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ റീജണൽ ലാബുകളും എല്ലാ ജില്ലകളിലും ഫൊറൻസിക് ലാബുകളും 19 മൊബൈൽ ഫൊറൻസിക് യൂണിറ്റുകളും നിലവിലുണ്ട്.
നിലവിൽ കോഴിക്കോട്ടും തൊടുപുഴയിലുമാണ് എൻ.ഡി.പി.എസ്. കോടതികൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും പുതിയ എൻ.ഡി.പി.എസ്. കോടതികൾക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. പാലക്കാട്, തൃശ്ശൂർ, മഞ്ചേരി എന്നിവിടങ്ങളിലും പുതിയ കോടതികൾ ആരംഭിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments