*കേരളത്തിൽ ആദ്യം, കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി*
അങ്കമാലി : മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് ആദ്യ പ്രതികരണവുമായി അങ്കമാലി സ്വദേശി. കെഎസ്ആർടിസിക്ക് സഹായവുമായി ഒരു ബസ് തന്നെ വാങ്ങിക്കൊടുക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിക്കിടെ കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകിയാണ് അങ്കമാലി സ്വദേശിയും റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ജോസിന്റെ വേറിട്ട സഹായം.
ബസ് വാങ്ങാനുള്ള പണത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. മുഖ്യമന്ത്രി ഈ ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറി. താൻ അങ്കമാലിക്കാരനായതിനാൽ ഈ ബസ് അങ്കമാലി ഡിപ്പോയ്ക്ക് തന്നെ നൽകണമെന്ന അഭ്യർത്ഥന ജോസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ആരെങ്കിലും ബസ് സംഭാവന നൽകിയാൽ നന്നായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടാണ് ബസ് വാങ്ങി നൽകാൻ തീരുമാനിച്ചതെന്ന് ജോസ് വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങി നൽകുന്നത്.
ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ഗതാഗത മന്ത്രി സി.പി ജോണിന് കൈമാറിയത്. ജോസേട്ടന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് ബസ് വാങ്ങി നൽകാൻ തീരുമാനിച്ച ജോസ് ഇക്കാര്യം ആദ്യം അറിയിച്ചത് മന്ത്രി റോജി എം ജോണിനെയാണ്. ചൊവ്വാഴ്ച ഗതാഗത മന്ത്രി സി.പി ജോണിനെ കണ്ടപ്പോൾ റോജി എം ജോൺ ഇക്കാര്യം പറയുകയും ജോസേട്ടനെ നേരിട്ട് വിളിച്ച് തുക കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു.
താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസേട്ടന്റെ ഡിമാന്റ്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നും അദ്ദേഹം ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. അതേആവശ്യം റോജി എം ജോണും ഉന്നയിച്ചു. ജോസ് പറയുന്ന റൂട്ടിൽ ബസ് സർവീസ് നടത്തുന്ന കാര്യത്തിൽ ഗതാഗത മന്ത്രി ഉറപ്പുനൽകി. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങാൻ തുക സംഭാവന ചെയ്തപ്പോൾ ഈ മാതൃക പിന്തുടരാൻ കൂടുതൽ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജോസ് നൽകിയ ചെക്ക് ഗതാഗത മന്ത്രി കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിനെ ഏൽപ്പിച്ചു. സർക്കാരിൻ്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ നൽകാമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments