Breaking News

*സാഹിത്യ, പത്രപ്രവർത്തന മേഖലയിൽ 65 വർഷം; ജമാൽ കൊച്ചങ്ങാടിയെ ആദരിച്ചു *

കോഴിക്കോട് : സാഹിത്യ, പത്രപ്രവർത്തന മേഖലയിൽ 65 വർഷം പിന്നിട്ട ജമാൽ കൊച്ചങ്ങാടിയെ മുൻ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ആദരിച്ചു. കോഴിക്കോട് മാവൂർ റോഡിലെ വേദി ഓഡിറ്റോറിയത്തിൽ തേജസ് സൗഹൃദവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് എൻ പി ചെക്കുട്ടിയുടെ അധ്യക്ഷതയിൽ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ മാനവിക സൗഹാർദത്തിന്റെ മഹത്തായ സന്ദേശം  പ്രസരിപ്പിച്ചത് സംഗീത പ്രതിഭകളാണ്. അവരാണ് ഫാസിസ്റ്റുകൾ സൃഷ്‌ടിച്ച എല്ലാ വേലിക്കെട്ടുകളും പൊളിച്ചെഴുതിയത്. ഈ ഫാസിസിറ്റ് കാലത്തും ആ വലിയ സന്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് എക്കാലത്തും കരുത്ത് പകർന്നത് സംഗീതമായിരുന്നു.  മലബാറിന്റെയും കൊച്ചിയുടെയും അതി സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം ആവാഹിച്ച ജമാൽക്കയെ പോലുള്ള വ്യക്തികൾക്കാണ് ഇക്കാര്യത്തിൽ കൂടുതൽ ചെയ്യാൻ കഴിയുക എന്നും ആലങ്കോട് ലീല കൃഷ്ണൻ പറഞ്ഞു.

എൻ.പി. ചെക്കുട്ടി, എ പി കുഞ്ഞാമു, കാനേഷ് പൂനൂർ, കെ.എച്ച്. നാസർ, പി.എ .എം ഹാരിസ്,  ഡോ. അസീസ് തരുവണ, എൻ.എം. സിദ്ദീഖ്, അഹ്മദ് ഷരീഫ്,  ബാബുരാജ് ഭഗവതി, അംബിക, ഫായിസ് മുഹമ്മദ്, കെ പി. ഒ റഹ്മത്തുല്ല, വി എ മജീദ് എന്നിവർ സംസാരിച്ചു. 

1944ൽ പശ്ചിമകൊച്ചിയിൽ ജനിച്ച ജമാൽ കൊച്ചങ്ങാടി സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനുമായിരുന്ന പി.എ. സൈനുദ്ദീൻ നൈനയുടെ മകനാണ്. വൈക്കം മുഹമ്മദ് ബഷീറിനൊപ്പം ‘ഉജ്ജീവനം’ എന്ന പേരിൽ പത്രം നടത്തിയ വ്യക്തിയായിരുന്നു സൈനുദ്ദീൻ നൈന.

ഗ്രന്ഥകാരൻ, വിവർത്തകൻ, നാടകകൃത്ത്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റർ തുടങ്ങി വിവിധ മേഖലകളിൽ ജമാൽ കൊച്ചങ്ങാടി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലീഗ് ടൈംസ്, മാധ്യമം, തേജസ് എന്നീ പത്രങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചു. പത്രങ്ങളുടെ വാർഷികപ്പതിപ്പുകളെ ഗൗരവവായനയുടെയും സാംസ്‌കാരിക സംവാദങ്ങളുടെയും ഇടമാക്കി മാറ്റുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച എഡിറ്റർ കൂടിയാണ് അദ്ദേഹം.

പി.എ. ബക്കർ സംവിധാനം ചെയ്ത ‘ചാപ്പ’ സിനിമയുടെ കഥ ജമാൽ കൊച്ചങ്ങാടിയുടേതാണ്. പി. ഗോപകുമാർ സംവിധാനം ചെയ്ത ‘തളിരിട്ട കിനാക്കൾ’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും അദ്ദേഹം നിർവഹിച്ചു. സംഗമം തിയേറ്റേഴ്‌സ്, സ്റ്റേജ് ഇന്ത്യാ ഇന്റർനാഷണൽ എന്നിവയ്ക്കുവേണ്ടിയും നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവാണ് ജമാൽ കൊച്ചങ്ങാടി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments