Breaking News

*‘സ്വര്‍ണക്കിരീടം ശബരിമലയിൽ തന്നെയുണ്ട്; നട തുറക്കുമ്പോൾ 75 ലക്ഷം ടിന്‍ അരവണ സ്റ്റോക്കുണ്ടാകും’*

ശബരിമലയില്‍ 55 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാതായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. തിരുവാഭരണം കമ്മിഷണറോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് കിരീടം സന്നിധാനത്തെ സ്‌ട്രോങ് റൂമില്‍ ഉണ്ടെന്ന് ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2012ല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വൈദ്യനാഥസ്വാമിയാണ് കിരീടം നടയ്ക്കു വച്ചത്. എല്ലാ വര്‍ഷവും അദ്ദേഹം വരുമ്പോള്‍ ഭഗവാന് കിരീടം ചാര്‍ത്തി കണ്ടു തൊഴുതാണ് മടങ്ങുന്നത്. അതുകൊണ്ട് ശബരിമല സ്‌ട്രോങ് റൂമിലാണ് കിരീടം സൂക്ഷിക്കുന്നത്. ആ സ്‌ട്രോങ് റൂമിലെ സാധനങ്ങള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റൊരു സ്‌ട്രോങ്‌റൂമിലേക്കു മാറ്റിയിരുന്നു. അതേ മാതൃകയിലുള്ള മറ്റൊരു കിരീടം അവിടെ ഉണ്ടായിരുന്നതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. ഇന്നലെ നടന്ന പരിശോധനയില്‍ തിരുവാഭരണം കമ്മിഷണര്‍ റെജിലാല്‍ തന്നെ സ്വര്‍ണക്കിരീടം നേരിട്ടു കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കെ.ജയകുമാര്‍ പറഞ്ഞു. 

അരവണ നിര്‍മാണവും ലേലവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെന്നും നടക്കുന്ന പ്രവൃത്തികളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ ആഴ്ചയും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നല്‍കുമെന്നും കെ.ജയകുമാര്‍ പറഞ്ഞു. തുലാമാസ പൂജയ്ക്ക് അരവണക്ഷാമം ഉണ്ടാകില്ലെന്നും സീസണായി നട തുറക്കുമ്പോള്‍ 75 ലക്ഷം ടിന്‍ സ്‌റ്റോക്ക് ഉണ്ടാകുമെന്നും കെ.ജയകുമാര്‍ പറഞ്ഞു. 50 ലക്ഷം ശര്‍ക്കര കരാറുകാരനില്‍നിന്നും 25 ലക്ഷം കിലോ ശര്‍ക്കര ജെം പോര്‍ട്ടല്‍ വഴിയും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രിയെ കണ്ട് കാര്യങ്ങള്‍ അറിയിക്കും. വഴിപാട് ബുക്കിങ് ഉള്‍പ്പെടെ ഡിജിറ്റലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അപ്പം, അരവണ നിര്‍മാണത്തിനുള്ള ഉൽപന്നങ്ങള്‍ പമ്പയില്‍ എത്തിച്ചാല്‍ മതിയെന്നു പറഞ്ഞത് വിതരണക്കാരെ സഹായിക്കാനും ഗുണനിലവാരം ഉറപ്പിക്കാനും ആണ്. നെയ്യ് വാങ്ങുന്നതു സംബന്ധിച്ച് പ്രായോഗിക കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും ജയകുമാര്‍ പറഞ്ഞു.

എഐ ക്യാമറ ഉപയോഗിച്ചു തിരക്കു നിയന്ത്രിക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ ഉള്‍പ്പെടെ ക്യാമറകള്‍ വച്ചാണ് നിയന്ത്രണം നടത്തുക. അഞ്ചു കോടിയാണ് ഇതിനു ചെലവു വരുന്നത്. ക്യാമറ ഉപയോഗിച്ച് ആളുകളുടെ വരവും പോക്കും വിലയിരുത്തിയാവും പമ്പയിലേക്കു കടത്തിവിടുക. ഇതിനായി നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറക്കും. തീര്‍ഥാടകര്‍ക്ക് കാത്തിരിക്കാനായി 6000 പേര്‍ക്കിരിക്കാവുന്ന പന്തല്‍ നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കും.  മറ്റു പ്രവൃത്തികള്‍ക്കായി 13.5 കോടി രൂപയുടെ ടെന്‍ഡര്‍ ആയി. ഒക്‌ടോബര്‍ 31നു മുന്‍പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. മരാമത്ത് നിര്‍മാണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നാലംഗ ഉന്നതസംഘത്തെ നിയോഗിച്ചതായും ജയകുമാർ‌ പറഞ്ഞു. 

ശബരിമലയില്‍ ആവശ്യത്തിനു ശര്‍ക്കര ഇപ്പോള്‍ വാങ്ങിവച്ചിട്ടുണ്ട്. ബാക്കി വിതരണത്തിനായി ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. പുണെയിൽ നിന്നുള്ള കമ്പനികളുടെ പ്രാപ്തി പരിശോധനയും സാംപിള്‍ പരിശോധനയും നടത്തും. അതിനു ശേഷം ചര്‍ച്ചകള്‍ക്കു ശേഷം ഒക്‌ടോബര്‍ 5ന് മുന്‍പ് കരാര്‍ ഒപ്പുവയ്ക്കും. അരവണ ടിന്നിന്റെ ലിഡ് വാങ്ങുന്നതിനുള്ള കരാറിലും ഉടന്‍ ഏര്‍പ്പെടും. ചുക്ക് ഉള്‍പ്പെടെ റീടെന്‍ഡര്‍ ചെയ്തു. എല്ലാ കരാറുകളും ഒക്‌ടോബര്‍ 15ന് മുന്‍പ് ഒപ്പിടും. കടകളുടെ ഇ-ലേലം അടുത്ത ദിവസം ആരംഭിക്കും. സ്ഥിരമായി ചിലര്‍ മാത്രം കടകള്‍ നടത്തുന്ന രീതി അവസാനിപ്പിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments