*മാധ്യമം ജീവനക്കാരുടെ സമരം അവഗണിച്ചാൽ പൊതുജനങ്ങളെ അണിനിരത്തും -ടി.പി. രാമകൃഷ്ണൻ*
കോഴിക്കോട് : മാധ്യമം ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടിയുള്ള സമരത്തെ അവഗണിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനമെങ്കിൽ പൊതുജനങ്ങളെയും വർഗ ബഹുജന പ്രസ്ഥാനങ്ങളെയും പ്രക്ഷോഭത്തിൽ അണിനിരത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മാനേജ്മെന്റ് നിഷേധാത്മക നയം തുടരുകയാണെങ്കിൽ വലിയ ജനകീയ മുന്നേറ്റത്തിന് നിർബന്ധിതരാവും. സമരത്തിന്റെ ശക്തിയും ജീവനക്കാർക്കുള്ള ജനകീയ പിന്തുണയും മാധ്യമത്തിന് മുമ്പിൽ തെളിയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിമാടുകുന്ന് മാധ്യമം ഓഫിസിന് മുമ്പിൽ നടക്കുന്ന ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടു മാസത്തെ ശമ്പള കുടിശ്ശികയെന്ന അടിസ്ഥാന ആവശ്യം പോലും ശരിയല്ലെന്ന നിലയിൽ മാധ്യമം മാനേജ്മെന്റ് പുറത്ത് പ്രചാരണം നടത്തുകയാണ്.
ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കരാർവത്കരണമെന്ന ചൂഷണത്തിന് പ്രോത്സാഹനം നൽകുന്നത് ശരിയാണോയെന്ന് മതവിശ്വാസികളായ മാനേജ്മെന്റ് ആലോചിക്കണം. ഇത് അധ്വാനിക്കുന്നവരോട് സ്വീകരിക്കുന്ന സമീപനത്തിന്റെ പ്രശ്നമാണ്. ആ സമീപനത്തിൽ നിന്ന് മാനേജ്മെന്റ് മാറണം. ഒരു സമ്മർദത്തിനും പിടിവാശിക്കും തയ്യാറാകാതെ ജീവനക്കാരെ സഹജീവികളായി കണ്ട്, അവർ സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി കണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം. അങ്ങനെയൊരു മനുഷ്യത്വപരമായ നിലപാടിലേക്ക് അവർ വന്നാൽ സ്ഥാപനത്തിനും ജീവനക്കാർക്കും നാടിനും തന്നെ ഗുണകരമാവും. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകളും ഇടതുപക്ഷവും സമരത്തിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റ് പ്രശ്നത്തിൽ ഇടപെട്ടാൽ ഇക്കാര്യത്തിൽ ഉടനെ പരിഹാരമുണ്ടാവുമെന്നും ടി.പി പറഞ്ഞു.
സമരത്തിന്റെ ഒമ്പതാം ദിവസം അഭിവാദ്യമർപ്പിക്കാൻ ഒട്ടേറെ സംഘടന പ്രതിനിധികൾ എത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി സദാനന്ദൻ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗം സുരേഷ് വെള്ളിമംഗലം, മുൻ ജനറൽ സെക്രട്ടറി സി. നാരായണൻ, കണ്ണൂർ ജില്ല കമ്മിറ്റി അംഗം വിപിൻദാസ് തോട്ടട, സേവ യൂനിയൻ പ്രതിനിധി സത്യ, റൂബ മുഹമ്മദ് എന്നിവർ സംസാരിച്ചു. സിറ്റി കോർപറേഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) അംഗങ്ങൾ പ്രകടനമായെത്തി സമരവേദിയിൽ കഞ്ഞിവെക്കാനുള്ള തുക സംഭാവന നൽകി.
പടം:
വെള്ളിമാടുകുന്ന് മാധ്യമം ഓഫിസിന് മുമ്പിൽ നടക്കുന്ന ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ സംസാരിക്കുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments