Breaking News

*‘അവൾ ചത്തില്ലേ?’; എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്*

കോഴിക്കോട് : വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റ എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പേരാമ്പ്ര ബിആർസിയിലെ മുൻ സ്പെഷൽ എജ്യുക്കേറ്ററായ കീർത്തനയെ ലിവിങ് ടുഗദർ പങ്കാളിയായ ജിനീഷ് ആണ് ആക്രമിച്ചത്. ശനിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷൻ വളപ്പിലായിരുന്നു സംഭവം.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടേണ്ടതുണ്ടായിരുന്നു കീർത്തനയ്ക്ക്. ഇതിന്റെ ഭാഗമായി വടകര പൊലീസ് ഇൻസ്പെക്ടറെ കാണാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജിനീഷ് (38) കറിക്കത്തി ഉപയോഗിച്ച് കീർത്തനയെ പലതവണ കുത്തുകയായിരുന്നു.

രാവിലെ 10.10ഓടെയായിരുന്നു സംഭവം. കഴുത്ത് ഉൾപ്പെടെ ശരീരത്തിന്റെ അഞ്ചിടങ്ങളിൽ കുത്തേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

സ്റ്റേഷൻ വളപ്പിൽ വെച്ച് കത്തിക്കുത്തുണ്ടായതോടെ പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തി ജിനീഷിനെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷവും കീർത്തന മരിച്ചോ എന്ന് ഇയാൾ പലതവണ ചോദിച്ചതായാണ് വിവരം.

പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിട്ട ശേഷം കീർത്തന മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാന റോഡിലേക്ക് എത്തുന്നതിന് തൊട്ടുമുൻപ് പിന്നാലെയെത്തിയ ജിനീഷ് കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഇതിനിടെ ഇരുവരും തമ്മിലുള്ള പിടിവലിയിൽ കത്തി ഒടിഞ്ഞതായും വിവരമുണ്ട്. കീർത്തനയുടെ നിലവിളി കേട്ടാണ് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ സ്ഥലത്തേക്ക് ഓടിയെത്തിയത്. തുടർന്ന് ജിനീഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

വടകര സർക്കിൾ ഇൻസ്പെക്ടർ എ.കെ. സജീഷിന്റെ നേതൃത്വത്തിലായിരുന്നു കീർത്തനയെ ആശുപത്രിയിലെത്തിച്ചത്. വനിതാ സെല്ലിൽ പരാതി നൽകാനെത്തിയ ചിലരും സംഭവത്തിന് ദൃക്സാക്ഷികളായി.

ഭർത്താവിൽനിന്ന് അകന്നുകഴിയുകയായിരുന്ന കീർത്തനയ്ക്കൊപ്പം ജിനീഷ് ഏകദേശം രണ്ടുവർഷമായി താമസിച്ചിരുന്നതായാണ് വിവരം. ജിനീഷ് ബസ് ഡ്രൈവറാണ്. എംഡിഎംഎ കേസിൽ കീർത്തന അറസ്റ്റിലായതിനു പിന്നാലെ ഇയാൾ വീട്ടിൽ എത്തിയിരുന്നില്ലെന്നും കീർത്തന ജയിലിൽ കഴിയുമ്പോഴും കാണാനെത്തിയില്ലെന്നുമാണ് സൂചന.

ഈ മാസം ആദ്യം കീർത്തനയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്വർണാഭരണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും വിവരമുണ്ട്.

അതേസമയം, ജിനീഷിന്റെ താമസസ്ഥലത്തും മറ്റും ഒരു സംഘം എത്തി ഇയാളെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണോ ആക്രമണം നടന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മലപ്പുറം ന്യൂസ്‌.
പ്രാഥമികമായി കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജിനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കരുതുന്നത്. എന്നാൽ പ്രമാദമായ എംഡിഎംഎ കേസിലെ രണ്ടാം പ്രതിയാണ് കീർത്തന. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് തടയാൻ മറ്റാരുടെയെങ്കിലും പ്രേരണയിലോ ഇടപെടലിലോ ജിനീഷ് ആക്രമണം നടത്തിയോ എന്നതും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments