*"മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പുറത്തുനിന്നുള്ള വെള്ളം അനുവദിക്കണം’; അമിതവിലയിൽ സർക്കാരിന് പരിമിതി, ഇടപെടുമെന്ന് അനൂപ് ജേക്കബ്"*
കോട്ടയം : മൾട്ടിപ്ലക്സ് അടക്കമുള്ള തിയറ്ററുകളിലെ കഫറ്റീരിയകളിൽ അമിതവില ഈടാക്കുന്നതിൽ കർശന ഇടപടെലുണ്ടാകുമെന്നും സർക്കാരിനു നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാ ഇടപെടലുകളും നടത്തുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മനോരമ ഓൺലൈനോട്. ഇക്കാര്യത്തിൽ സർക്കാരിനു ചില പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ തിയറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് പ്രതികരിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ ചർച്ചയായതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിനു തിയറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും തിയറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും ആയിരുന്നു വി.വി. രാജേഷിന്റെ പ്രതികരണം.
തിയറ്ററുകളിലെ കഫറ്റീരിയകളിൽ വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു. അങ്ങനെയൊരു പട്ടിക ഉണ്ടെങ്കിൽ ആ വിലയ്ക്കാണ് വിൽപ്പന നടത്തുന്നതെന്ന് ഉറപ്പാക്കും. ഇതാണ് സിവിൽ സപ്ലൈസ് വകുപ്പ് എല്ലായിടത്തും ചെയ്യുന്നത്. പച്ചക്കറി കടകളിലും ബേക്കറികളിലുമെല്ലാം 50 രൂപ വില പതിപ്പിച്ച ഉൽപന്നം 100 നൂറു രൂപയ്ക്ക് വിൽക്കുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. വില നിർണയ അധികാരം അവർക്കാണ്. വില പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നാണ് നോക്കുന്നത്. തൂക്കവും പരിശോധിക്കാം. ഈ വിലയ്ക്ക് വിൽക്കണമെന്ന് പറയാൻ നിയമപരമായ അധികാരം സിവിൽ സപ്ലൈസ് വകുപ്പിനില്ല. പല തിയറ്ററുകളിലും വിൽക്കുന്ന അമിതവില പ്രദർശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘‘അമിതവിലയാണ് തിയറ്ററുകളിലെ കഫറ്റീരിയകളിൽ ഈടാക്കുന്നത് എന്ന കാര്യം ശരിയാണ്. എന്നാൽ ആ വില അവിടെ പ്രദർശിപ്പിച്ചിരിക്കുകയാണ്. ലീഗൽ മെട്രോളജിക്കാർ നൽകിയ റിപ്പോർട്ട് പ്രകാരം മൾട്ടിപ്ലക്സ് തിയറ്ററുകാർക്ക് അവരുടെ തന്നെ കുപ്പിവെള്ളമുണ്ട്. ആ കുപ്പിവെള്ളത്തിനു 50 രൂപയും നൂറു രൂപയുമൊക്കെ ആയിരിക്കും. ആ കുപ്പിവെള്ളത്തിൽ ഒട്ടിച്ചിരിക്കുന്ന വിലയും അത് തന്നെയായിരിക്കും. പുറത്തുനിന്നുള്ള കുപ്പിവെള്ളം മൾട്ടിപ്ലക്സുകളിൽ അനുവദിക്കില്ല. അത് മനുഷ്യാവകാശ ലംഘനമാണ്. എല്ലാവരും കുപ്പിവെള്ളം കുടിക്കണമെന്ന് നിർബന്ധം പറയാനാകില്ല.
അസുഖങ്ങളൊക്കെ ഉള്ളവരുണ്ട്. അങ്ങനെയുള്ളവർ ഇളം ചൂട് വെള്ളമോ ജീരക വെള്ളമോ ഒക്കെയാകും ഫ്ലാസ്കിൽ കൊണ്ടുപോവുക. അത്തരത്തിൽ ധാരാളം പേരുണ്ട്. അവർ ഒരു കുപ്പിവെള്ളം കയ്യിൽ വച്ചാൽ തിയറ്ററിനുള്ളിൽ കയറ്റാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ഉപഭോക്തൃ അവകാശത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണത്. ഇതൊരു ധാർമിക വിഷയം കൂടിയാണ്. ആ കടുംപിടിത്തത്തിൽ നിന്നും തിയറ്ററുകാർ പിന്മാറണം. വെള്ളം പുറത്ത് നിന്ന് കയറ്റില്ലെന്ന് ശാഠ്യം പിടിക്കുന്നതിൽ അർഥമില്ല. അത് ശരിയല്ലെന്ന സമീപനമാണ് സർക്കാരിനുള്ളത്. ആക്ഷേപങ്ങൾ തുടരെ തുടരെ വരുന്നതിന്റെ ഭാഗമായി നിയമപരമായി ചെയ്യാവുന്ന എല്ലാ നടപടികളും ഉപഭോക്തൃകാര്യ വകുപ്പ് പരിശോധിക്കും’’ – അനൂപ് ജേക്കബ് പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments