*സ്വകാര്യ ബസുകളെ വാടകയ്ക്കെടുത്ത് ‘പ്രിയദർശിനി’യാക്കും: രക്ഷാപാക്കേജ് ഒരുക്കി കെഎസ്ആർടിസി*
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്നു പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകളടങ്ങിയ റിപ്പോർട്ട് പഠന സമിതി സർക്കാരിനു കൈമാറി. ബസുകളുടെ കാലാവധി 22 ൽനിന്ന് 25 വർഷമായി ഉയർത്തുക, സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയാണു സമിതിയുടെ പ്രധാന നിർദേശങ്ങൾ.
എംഎസ്എംഇ പരിഗണന നൽകി ബസ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ബാങ്ക് വായ്പകളും സാങ്കേതിക സഹായങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കാൻ കഴിയുമെന്ന് സമിതി ശുപാർശ ചെയ്യുന്നു.
പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയിൽ വാടകയ്ക്കെടുക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ട്. കിലോമീറ്റർ അടിസ്ഥാനത്തിൽ കെഎസ്ആർടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇതു നടപ്പിലാക്കുക. രണ്ട് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സർവീസ് ക്രമീകരിക്കുക.
നിലവിലെ നികുതി ഘടനയിൽ മാറ്റം വരുത്താതെ തന്നെ പ്രതിമാസം വാഹന നികുതി അടയ്ക്കാൻ ഉടമകൾക്കു സൗകര്യമൊരുക്കണം. കൃത്യമായ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കേരള മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തണം. യാത്ര ഫ്യുവൽസ് പമ്പുകളിൽനിന്ന് ഡീലർ നിരക്കിൽ സ്വകാര്യ ബസുകൾക്ക് ഇന്ധനം ലഭ്യമാക്കാനും നിർദേശമുണ്ട്. അവധി ദിവസങ്ങളിൽ നൽകുന്ന പ്രത്യേക പെർമിറ്റുകൾക്കായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഓൺലൈൻ വഴി വേഗത്തിൽ ലഭ്യമാക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
സുരക്ഷയെ ബാധിക്കാത്ത രീതിയിൽ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി നൽകണം. ഇതിനായി ഓരോ പരസ്യത്തിനും പ്രത്യേകം ഫീസ് ഈടാക്കുന്നതിനു പകരം പ്രതിവർഷം ഒറ്റത്തവണയായി മിതമായ തുക ഈടാക്കുന്നത് പരിഗണിക്കാം. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി സ്വകാര്യ ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കണം. പ്രിയദർശിനി സർവീസുകൾ നടക്കുന്ന റൂട്ടുകളിൽ സമയക്രമം സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടിയുണ്ടാകണം. ഇതിനായി മേഖലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ഏകോപന സമിതികൾ രൂപീകരിക്കണം.
ബസ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ മൂന്ന് പേർ എന്നതിനു പകരം രണ്ട് പേരാക്കി ചുരുക്കണമെന്ന ഉടമകളുടെ ആവശ്യം തൊഴിൽ വകുപ്പിന്റെ പരിഗണനയ്ക്കു വിടാനും സമിതി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗത നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും സമിതി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഭാവിയിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഐടി അധിഷ്ഠിത മൊബിലിറ്റി കാർഡ് ഘട്ടം ഘട്ടമായി നടപ്പിലാക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments