Breaking News

*ഡ്രൈവിങ് ലൈസൻസിന് പുതിയ കടമ്പ; ഡിസംബർ ഒന്നുമുതൽ ഹസാർഡ് ടെസ്റ്റ്*

ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുക ഇനി അൽപ്പം കൂടി കടുപ്പമാകും. റോഡിലെ അപകടങ്ങൾ നിരന്തരം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഡ്രൈവിങ് ടെസ്റ്റിനൊപ്പം പുതിയൊരു കടമ്പ കൂടി സംസ്‌ഥാന സർക്കാർ കൊണ്ടുവരുന്നു. അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ശേഷി പരിശോധിക്കുന്ന 'ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്' വരുന്ന ഡിസംബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു അറിയിച്ചു.

വീഡിയോ ഗെയിം മാതൃകയിലുള്ള പരീക്ഷ: പണ്ടത്തെപ്പോലെ റോഡ് സൈനുകളും അടയാളങ്ങളും മാത്രം പഠിച്ച് ലൈസൻസ് സ്വന്തമാക്കാമെന്ന ധാരണ ഇനി വേണ്ട. കംപ്യൂട്ടർ സ്ക്രീനിൽ ഒരു വീഡിയോ ഗെയിം കളിക്കുന്നതുപോലെയുള്ള അനുഭവമായിരിക്കും ഈ ടെസ്റ്റ്. ഉദ്യോഗാർത്ഥി ഡ്രൈവർ സീറ്റിലിരുന്ന് വാഹനം ഓടിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ കംപ്യൂട്ടർ സ്ക്രീനിൽ തെളിയും.

ഈ യാത്രാവേളയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടസാധ്യതകൾ പെട്ടെന്ന് തിരിച്ചറിഞ്ഞ് മൗസ് ക്ലിക്ക് വഴിയോ ബ്രേക്ക് പെഡൽ വഴിയോ ഉദ്യോഗാർഥി പ്രതികരിക്കണം. പെട്ടെന്ന് മുന്നിലേക്ക് ചാടുന്ന കാൽനടയാത്രക്കാർ, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്ന കുട്ടികൾ, പെട്ടെന്ന് ബ്രേക്കിടുന്ന വാഹനങ്ങൾ, വളവുകളിൽ നിന്നു പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന മറ്റ് വാഹനങ്ങൾ എന്നിവയൊക്കെ ഈ വീഡിയോയിലുണ്ടാകും. അപകടം സംഭവിക്കുന്നതിന് കൃത്യം എത്ര സെക്കൻഡ് മുൻപ് ഉദ്യോഗാർത്ഥി സാഹചര്യം മനസിലാക്കി പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മാർക്ക് നൽകുക.

കേരളത്തിലെ റോഡുകളിൽ ദിനംപ്രതി വർധിച്ചുവരുന്ന വാഹനാപകടങ്ങളും ജീവനഷ്ടങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മോട്ടോർ വാഹന വകുപ്പിനെ എത്തിച്ചത്. ലൈസൻസ് ലഭിക്കുന്ന പല ഡ്രൈവർമാർക്കും പെട്ടെന്ന് ഒരു അപകടസന്ധി ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പോകുന്ന അവസ്ഥയുണ്ട്. അപകടം വരുത്തിയശേഷമുള്ള പ്രതികരണമല്ല, മറിച്ച് അപകടം വരാൻ പോകുന്നത് മുൻകൂട്ടി കണ്ട് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ മാനസികമായ തയ്യാറെടുപ്പും സാമാന്യബുദ്ധിയുമാണ് ഹസാർഡ് ടെസ്റ്റിലൂടെ പരിശോധിക്കപ്പെടുന്നത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments