Breaking News

*വൈദ്യുതി പ്രതിസന്ധി രൂക്ഷം: കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ കേരളം സുപ്രീം കോടതിയിൽ*

ന്യൂഡൽഹി : ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അനുമതി നിഷേധിച്ചതിന് എതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതിനാൽ ഹർജി അടിയന്തരമായി കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

വൈദ്യുതി കരാറുകൾ റദ്ദാക്കിയതിനെ തുടർന്ന് കുറഞ്ഞ വിലയിലുള്ള വൈദ്യുതി ലഭിക്കുന്നില്ലെന്നാണ് സംസ്ഥാനം സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ടാക്കുന്നു. ഇതുവരെ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം 12570 കോടി രൂപ ആണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2024-25 ൽ മാത്രം സംസ്ഥാന സർക്കാരിന്റെ നഷ്ടം 748.20 കോടി ആണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങൾ ആണ് കേരളത്തിന്റെ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽചെയ്തത്.

2014-ൽ ആണ് ദീർഘകാലം വൈദ്യുതി വാങ്ങുന്നതിന് കേരളം നാല് കരാറുകൾ ഒപ്പുവച്ചത്. യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി ലഭിക്കുന്നതിനാണ് മൂന്ന് കമ്പനികളുമായി കരാർ ഒപ്പിട്ടത്. ജാബുവ പവർ (115, 100 മെഗാവാട്ട് വീതം രണ്ടുകരാറുകൾ), ജിൻഡൽ പവർ (150 മെഗാവാട്ട്), ജിൻഡൽ ഇന്ത്യ തെർമൽ പവർ (100 മെഗാവാട്ട്) എന്നീ കമ്പനികളുമായാണ് കരാർ. 2014-ലെ കരാർ പ്രകാരം 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാമായിരുന്നു. 2016 മുതൽ സംസ്ഥാനം കരാർ അനുസരിച്ച് വൈദ്യുതി വാങ്ങിതുടങ്ങി. എന്നാൽ, നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2023 മേയ് മുതൽ ഇവരിൽനിന്ന് വൈദ്യുതി വാങ്ങുന്നത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിലക്കി.

ഇതിനിടെ, 2003-ലെ വൈദ്യുതി നിയമം 108-ാം വകുപ്പ് പ്രകാരം സർക്കാർ റെഗുലേറ്ററി കമ്മിഷനോട് കരാർ പുനഃസ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകി. ഇതുപരിഗണിച്ച് റെഗുലേറ്ററി കമ്മിഷൻ കരാർ പുനഃസ്ഥാപിച്ചു. എന്നാൽ, വൈദ്യുത വിതരണ കമ്പനികൾ റെഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തിനെതിരെ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചു. അപ്പലേറ്റ് ട്രിബ്യുണൽ സ്വകാര്യ വൈദ്യുതി കമ്പനികൾക്ക് അനുകൂലമായി വിധിച്ചു.

ഈ വിധിയെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയിൽ നോട്ടീസ് അയച്ചെങ്കിലും മാസങ്ങളായി ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹർജി അടിയന്തരമായി കേളക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments