Breaking News

*പരാജയത്തിന്റെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം ; സിപിഎം സംഘടനാ രേഖ*

തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ പോരാട്ടങ്ങളിലും പാർട്ടിക്കുണ്ടാകുന്ന കനത്ത തിരിച്ചടികളുടെയും നയപരമായ വീഴ്ചകളുടെയും ഉത്തരവാദിത്തം ഇനി കമ്മിറ്റികളുടെ കൂട്ടായ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ നേതാക്കൾക്ക് സാധിക്കില്ല. തെറ്റായ തീരുമാനങ്ങളും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും പാർട്ടിക്ക് തിരിച്ചടിയായാൽ, ആ തീരുമാനം മുന്നോട്ടുവെച്ച നേതാക്കൾ തന്നെ അതിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന വിപ്ലവകരമായ നിർദ്ദേശവുമായി സിപിഎം പുതിയ സംഘടനാ രേഖ. കോഴിക്കോട് വെച്ച് ചേരുന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കാനൊരുങ്ങുന്ന തിരുത്തൽ രേഖയിലാണ് നേതൃത്വത്തിന്റെ ഏകാധിപത്യ തീരുമാനങ്ങൾക്ക് കടിഞ്ഞാണിടുന്ന സുപ്രധാന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമ്പോൾ ‘തീരുമാനമെടുത്തത് കമ്മിറ്റിയാണ്’ എന്ന പതിവ് സ്ഥിരം പല്ലവി പറഞ്ഞ് നേതാക്കൾ കൈകഴുകുന്ന പ്രവണത പൂർണ്ണമായും അവസാനിപ്പിക്കാനാണ് നിർദ്ദേശം. കമ്മിറ്റികളിൽ നിർദ്ദേശിക്കപ്പെടുന്ന തീരുമാനങ്ങൾ പരാജയപ്പെട്ടാൽ, ആ നിർദ്ദേശം കൊണ്ടുവന്ന നേതാവിനായിരിക്കും അതിന്റെ നേരിട്ടുള്ള ബാധ്യത. കമ്മിറ്റി ഒന്നടങ്കം തീരുമാനം അംഗീകരിച്ചിരുന്നല്ലോ എന്ന സ്ഥിരം ന്യായീകരണം ഇനി നേതൃത്വത്തിന് മുൻപിൽ വിലപ്പോവില്ലെന്ന് രേഖ അടിവരയിടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ മുൻ എംഎൽഎ പി.കെ ശ്യാമള പരാജയപ്പെട്ടപ്പോൾ, സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത് വ്യക്തിപരമായി താനല്ലെന്നും കണ്ണൂർ ജില്ലാ കമ്മിറ്റിയാണെന്നും പറഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ ന്യായീകരിച്ചിരുന്നു. അത്തരം രക്ഷപ്പെടലുകൾക്ക് ഇനി പാർട്ടിയിൽ പഴുതുണ്ടാകില്ലെന്ന കൃത്യമായ സൂചനയാണ് പുതിയ രേഖ നൽകുന്നത്. ജനങ്ങളോടും താഴെത്തട്ടിലുള്ള അണികളോടും നേതാക്കൾക്ക് അകമഴിഞ്ഞ വിനയവും വിട്ടുവീഴ്ചാ മനോഭാവവും ഉണ്ടാകണമെന്നും രേഖയിൽ കർശനമായി അനുശാസിക്കുന്നുണ്ട്. പൊതുവേദികളിലും ചടങ്ങുകളിലും നേതാക്കൾ നടത്തുന്ന അനാവശ്യ വാചകക്കസർത്തുകൾക്കും ധാർഷ്ട്യം നിറഞ്ഞ ശരീരഭാഷയ്ക്കും കടിഞ്ഞാണിടണം. പ്രസംഗങ്ങൾ ജനവിരുദ്ധമാകാതെ, വെറും വാചക കസർത്തുകൾ ഒഴിവാക്കി പൂർണ്ണമായും കാര്യമാത്ര പ്രസക്തമാവണം. ഭരണത്തുടർച്ചയുടെ അഹങ്കാരവും അച്ചടക്കമില്ലായ്മയും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്ന രൂക്ഷമായ വിമർശനങ്ങൾ തോമസ് ഐസക് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരസ്യമായി ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തിരുത്തൽ നടപടികൾ രേഖയായി രൂപപ്പെടുന്നത്. നാളെ തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സമിതി യോഗം ഈ കരട് രേഖ ചർച്ച ചെയ്ത് അന്തിമരൂപം നൽകും. തുടർന്ന് അടുത്ത ആഴ്ച കോഴിക്കോട്ട് വെച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ വിശാല സംസ്ഥാന സമിതിയിൽ രേഖ ഔദ്യോഗികമായി അവതരിപ്പിക്കും.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments