Breaking News

*മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് മർകസിൽ ഉജ്ജ്വല സ്വീകരണം*

കോഴിക്കോട് : ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കുന്നതിനായി കാരന്തൂർ മർകസിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് ഉജ്ജ്വല സ്വീകരണം. അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്.

വൈകിട്ട് 5.40ഓടെ മർകസിലെത്തിയ പ്രധാനമന്ത്രിയെ മർകസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സെക്രട്ടറി സി. മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി.

മർകസും മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയ ബന്ധം ശക്തിപ്പെടുത്തുന്നത്, വിദ്യാഭ്യാസം, സാംസ്കാരികം, വൈജ്ഞാനികം തുടങ്ങിയ മേഖലകളിലെ സഹകരണം, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

മാനുഷിക സേവനം, സാമൂഹിക പരിഷ്‌കരണം, വിദ്യാഭ്യാസ ഉന്നമനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർക്ക് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമത്തിൽ അൻവർ ഇബ്രാഹീമിന് സമ്മാനിച്ചു.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾക്കുള്ള ആദരസൂചകമായി ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ കയ്യെഴുത്തുപ്രതി കാന്തപുരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

സ്വീകരണ സംഗമത്തിന് ശേഷം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത കാന്തപുരത്തിന്റെ അത്താഴ വിരുന്നിലും അൻവർ ഇബ്രാഹീം പങ്കെടുത്തു. രാത്രി 9.30ഓടെ കാന്തപുരത്തോടൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സി.എം. വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദർശിച്ചു.

അൻവർ ഇബ്രാഹീം കാന്തപുരത്തെ സന്ദർശിക്കുന്നതിനായി കേരളത്തിലെത്തുന്നത് ഇത് രണ്ടാം തവണയാണ്. മലേഷ്യൻ പ്രധാനമന്ത്രിയാകുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, 2022 സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മർകസ് സന്ദർശനം. 2023ൽ മതപണ്ഡിതർക്കുള്ള മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം കാന്തപുരത്തിന് സമ്മാനിച്ചിരുന്നു.

കാന്തപുരത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തെ ആദരിച്ച് മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ 2023, 2024, 2025 വർഷങ്ങളിൽ ക്വാലാലംപൂരിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങളും സംഘടിപ്പിച്ചിരുന്നു.

കേരള സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ വാണിജ്യം, വിനോദസഞ്ചാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, കണക്ടിവിറ്റി തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് കേരളത്തിലെത്തുന്നതിന് മുമ്പ് അൻവർ ഇബ്രാഹീം സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു.

കൂടിക്കാഴ്ചയിലും സ്വീകരണ സംഗമത്തിലും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കർണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി. ഖാദർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, വി.പി.എം. ഫൈസി വില്യാപ്പള്ളി, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, കുറ്റൂർ അബ്ദുറഹ്‌മാൻ ഹാജി, എ.പി. അബ്ദുൽ കരീം ഹാജി ചാലിയം തുടങ്ങിയ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments