*തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷൻ പോർട്ടൽ ഇന്ന് മുതൽ; അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം*
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും പ്രവാസജീവിതം നയിച്ച ശേഷം കേരളത്തിൽ തിരിച്ചെത്തിയ പ്രവാസി കേരളീയർക്കായി നോർക്ക റിട്ടേണി ഐ.ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി.
ദീർഘകാലമായി പ്രവാസികൾ ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.
കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തിയവർക്കാണ് നോർക്ക റിട്ടേണി ഐ.ഡി കാർഡിന് അപേക്ഷിക്കാനാകുക. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ ഒക്ടോബർ 8ന് രാവിലെ 11 മുതൽ പ്രവർത്തനം ആരംഭിക്കും. നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.kerala.gov.in വഴിയാണ് അപേക്ഷ നൽകേണ്ടത്.
സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം. കൂടാതെ, തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ആസ്ഥാനമായ നോർക്ക സെന്ററിൽ റിട്ടേണി ഐ.ഡി കാർഡ് എൻറോൾമെന്റിനായി പ്രത്യേക സഹായകേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.
മൂന്ന് വർഷമാണ് കാർഡിന്റെ കാലാവധി. അപേക്ഷാ ഫീസ് 200 രൂപയാണ്. എൻറോൾമെന്റും രേഖകളുടെ പരിശോധനയും പൂർത്തിയായ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ-കാർഡ് ലഭിക്കും.
*ആവശ്യമായ രേഖകൾ*
അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവ നിർബന്ധമായും സമർപ്പിക്കണം. ഇതിന് പുറമെ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവാസം തെളിയിക്കുന്നതിനു താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാം:
കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി ഐ.ഡി കാർഡ്
പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്
പാസ്പോർട്ടിലെ ആദ്യത്തെയും അവസാനത്തെയും വിസാ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിൽ പ്രവാസിയായിരുന്നവർക്ക് കാലാവധി കഴിഞ്ഞ എൻ.ആർ.കെ ഐ.ഡി കാർഡ്
പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്
രണ്ട് വർഷത്തിലധികം പ്രവാസി കേരളീയനായി കഴിഞ്ഞുവെന്നും നിലവിൽ കേരളത്തിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നും തെളിയിക്കുന്ന സാക്ഷ്യപത്രം
വില്ലേജ് ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി/പ്രസിഡന്റ്, ഗസറ്റഡ് ഓഫീസർ, നിയമസഭാംഗം, പാർലമെന്റ് അംഗം എന്നിവരിൽ ആരിൽ നിന്നെങ്കിലും ലഭിച്ച സാക്ഷ്യപത്രം ഇതിന് ഉപയോഗിക്കാം.
പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവയ്ക്കൊപ്പം മുകളിൽപ്പറഞ്ഞ പ്രവാസം തെളിയിക്കുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിച്ചാൽ റിട്ടേണി ഐ.ഡി കാർഡിന് അപേക്ഷിക്കാം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments