*ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്ത്*
ന്യൂഡൽഹി : വിവാദ അമേരിക്കൻ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി (ശരദ് പവാർ വിഭാഗം), ശിവസേന (യുബിടി) തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ നേതാക്കളാണ് ചിത്രം പങ്കുവെച്ച് മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
എപ്സ്റ്റീനെ താൻ ഒരിക്കലും നേരിട്ട് ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നും ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കണ്ടിട്ടുള്ളതെന്നുമുള്ള ഹർദീപ് സിങ് പുരിയുടെ പഴയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ചോദ്യംചെയ്യൽ. ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, ഇരുവരും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ച് സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എപ്സ്റ്റീനെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നായിരുന്നു ഹർദീപ് പുരി നേരത്തെ പറഞ്ഞിരുന്നതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയുള്ള ആളുകളെയാണ് ഒപ്പം നിർത്താൻ ഇഷ്ടപ്പെടുന്നതെന്നും ആർഎസ്എസും വലതുപക്ഷവും സ്ത്രീകളെ തുല്യരായി പരിഗണിക്കില്ലെന്നതിന് വേറെ എന്തെങ്കിലും തെളിവ് വേണോ എന്നും സുപ്രിയ ശ്രീനാഥെ എക്സിൽ കുറിച്ചു.

ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് പുരി പറഞ്ഞിരുന്നതെന്നും ചിത്രങ്ങളിൽ മറ്റ് പ്രതിനിധികൾ മേശയ്ക്കടിയിൽ ഒളിച്ചിരിക്കുകയാണോ എന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പരിഹസിച്ചു. പുരിയുടെ മുൻ വീഡിയോ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു മഹുവയുടെ പ്രതികരണം.
പുറത്തുവന്ന ചിത്രങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് എൻസിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെ പ്രതികരിച്ചു. അംബാസഡർ എന്ന പദവിയിലാണെങ്കിൽ പോലും എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നുവെന്ന് പുരി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കൂടിക്കാഴ്ചയെ 'നയതന്ത്ര അനിവാര്യത' എന്ന് ന്യായീകരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചേക്കാമെന്നും ചർച്ചയിലെ വിഷയങ്ങൾ എന്തൊക്കെയാണെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നും ഗവാണ്ടെ ആവശ്യപ്പെട്ടു.

അതേസമയം, ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന് (ഐപിഐ) കീഴിലുള്ള ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ മൾട്ടിലാറ്ററലിസത്തിന്റെ (ഐസിഎം) ഭാഗമായി മൂന്നോ നാലോ തവണ മാത്രമാണ് ഔദ്യോഗിക പദവിയിൽ ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡർ പദവി ഒഴിഞ്ഞ ശേഷവും 2017-ൽ കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിന് മുമ്പുമാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്. കൂടിക്കാഴ്ചകൾ പൂർണമായും ഔദ്യോഗികമായിരുന്നുവെന്നും എപ്സ്റ്റീനെതിരായ ക്രിമിനൽ ആരോപണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പുരി അന്ന് വിശദീകരിച്ചിരുന്നു. ഐപിഐയിലെ തന്റെ മേധാവിയായിരുന്ന ടെർജെ റോഡ്-ലാഴ്സനാണ് എപ്സ്റ്റീനെ അറിയാമായിരുന്നതെന്നും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടതെന്നും പുരി വ്യക്തമാക്കിയിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments