*സർവേ വിഭാഗത്തില്‍ ജില്ലയില്‍ 6,317 ഫയലുകൾ കെട്ടിക്കിടക്കുന്നു; സർവേയർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് കല്ലട്ര മാഹിൻ എം.എൽ.എ നിവേദനമയച്ചു.*
കാസർകോട് : ജില്ലയിലെ സർവേ ഓഫീസുകളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം കാരണം 6,317 എൽ.ആർ.എം.( ലാന്‍ഡ് റെക്കോര്‍ഡ്സ് മെയ്ന്റനന്‍സ്) ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണെന്നും അടിയന്തരമായി സർവേയർമാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍കൂടിയായ കല്ലട്ര മാഹിൻ എം.എൽ.എ റവന്യൂ മന്ത്രി എ. പി. അനിൽ കുമാറിന് നിവേദനമയച്ചു.ഭൂമിയുടെ അതിർത്തി നിർണയം, അതിർത്തി തർക്കങ്ങൾ പരിഹരിക്കൽ, റീസർവേ രേഖകളിലെ അപാകതകൾ തിരുത്തൽ, ഭൂമിയുടെ രേഖകൾ കൃത്യമാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകളാണ് എൽ.ആർ.എം. വിഭാഗത്തിൽ പരിഗണിക്കുന്നത്. എന്നാൽ ആവശ്യത്തിന് സർവേയർമാർ, ഹെഡ് സർവേയർമാർ, ഡ്രാഫ്റ്റ്സ്മാൻമാർ, അനുബന്ധ ജീവനക്കാർ എന്നിവരില്ലാത്തതിനാൽ അപേക്ഷകളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിലായി 3,118 എൽ.ആർ.എം. ഫയലുകളാണ് നിലവിൽ തീർപ്പാക്കാനുള്ളത്. ഇതിനു പുറമെ താലൂക്ക് സർവേയർമാരുടെ പക്കൽ 3,199 ഫയലുകളും കെട്ടിക്കിടക്കുന്നു. ആകെ തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം 6,317 ആയി ഉയർന്നിരിക്കുകയാണ്.മഞ്ചേശ്വരം താലൂക്കിൽ 715, കാസർകോട് താലൂക്കിൽ 350, ഹോസ്ദുർഗ് താലൂക്കിൽ 2,053 എന്നിങ്ങനെയാണ് എൽ.ആർ.എം. വിഭാഗത്തിൽ തീർപ്പാക്കാനുള്ള ഫയലുകൾ. താലൂക്ക് സർവേയർമാരുടെ പക്കൽ മഞ്ചേശ്വരത്ത് 619, കാസർകോട് 943, ഹോസ്ദുർഗ് 1,147, വെള്ളരിക്കുണ്ട് 490 എന്നിങ്ങനെയും ഫയലുകൾ കെട്ടിക്കിടക്കുന്നു.ജീവനക്കാരുടെ കുറവ് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുകയാണ്. മഞ്ചേശ്വരം താലൂക്കിൽ മൂന്ന് സർവേയർമാരും ഒരു ഹെഡ് സർവേയറുമാണുള്ളത്. കാസർകോട് താലൂക്കിൽ ഒരു സർവേയറും ഒരു ഡ്രാഫ്റ്റ്സ്മാനും മാത്രമാണുള്ളത്. ഹോസ്ദുർഗ് താലൂക്കിൽ ഏഴ് സർവേയർമാരും ഒരു ഹെഡ് സർവേയറും ഒരു ഡ്രാഫ്റ്റ്സ്മാനുമാണുള്ളത്. ആവശ്യത്തിന് സാങ്കേതിക ജീവനക്കാരില്ലാത്തത് സർവേ നടപടികളുടെ വേഗതയെ പ്രതികൂലമായി ബാധിക്കുന്നതായും എം.എൽ.എ ചൂണ്ടിക്കാട്ടി.കാസർകോട് ജില്ലയിൽ 25 സർവേയർമാരെ അടിയന്തരമായി നിയമിക്കണം. എല്ലാ താലൂക്കുകളിലും ആവശ്യത്തിന് ഹെഡ് സർവേയർമാരെയും ഡ്രാഫ്റ്റ്സ്മാൻമാരെയും നിയമിക്കുന്നതിനൊപ്പം സർവേ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും ഫീൽഡ് പരിശോധനാ സൗകര്യങ്ങളും ഉറപ്പാക്കണം.ജില്ലയിൽ ജോലി ചെയ്യുന്ന സർവേയർമാരെ ജില്ലയിൽത്തന്നെ നിലനിർത്തുകയും ശമ്പളം കാസർകോട് ജില്ലയിൽനിന്ന് കൈപ്പറ്റി മറ്റ് ജില്ലകളിലേക്ക് ജോലി ക്രമീകരണത്തിന്റെ പേരിൽ നിയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും വേണം. ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന കാസർകോട് ജില്ലയിൽ ലഭ്യമായ ഉദ്യോഗസ്ഥരുടെ സേവനം മറ്റു ജില്ലകളിലേക്ക് മാറ്റുന്നത് സർവേ പ്രവർത്തനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കി.കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് അധിക ജീവനക്കാരെ ഉൾപ്പെടുത്തി പ്രത്യേക എൽ.ആർ.എം. മിഷൻ രൂപീകരിക്കണം. താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഫയലുകൾക്ക് സമയപരിധി നിശ്ചയിച്ച് തീർപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.ജില്ലയിലെ ഭൂമി സംബന്ധമായ തർക്കങ്ങൾക്കും രേഖകളിലെ അപാകതകൾക്കും പരിഹാരം കാണുന്നതിനും സാധാരണക്കാരുടെ ദീർഘകാലമായുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും റവന്യൂ വകുപ്പിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും കല്ലട്ര മാഹിൻ എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടു.

വാർത്തകൾക്കും പരസ്യം നല്‍കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments