Breaking News

*തിരുപ്പാങ്കുന്ദ്രം വിവാദം: ഹൈക്കോടതി വിധി തടഞ്ഞില്ലെങ്കില്‍ എല്ലാ തൂണുകള്‍ക്കും മതപരമായ സ്വഭാവം വരുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍*

ന്യൂഡൽഹി : തിരുപ്പറങ്കുന്ദ്രം കുന്നിലെ ദര്‍ഗ്ഗയ്ക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി നിലനില്‍ക്കാന്‍ അനുവദിച്ചാല്‍ രാജ്യത്തെ ആയിരക്കണക്കിന് സര്‍വേ തൂണുകള്‍ക്ക് മതപരമായ സ്വഭാവം കൈവരാന്‍ അത് വഴിയൊരുക്കുമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഹാജരായി. കോടതിയുടെ അധികാരപരിധി വിപുലീകരിക്കരുതെന്നും അല്ലാത്തപക്ഷം രാജ്യത്തെ ആയിരക്കണക്കിന് സര്‍വേ തൂണുകള്‍ മതപരമായ ഇടങ്ങളായി മാറാന്‍ തുടങ്ങുമെന്നും വാദത്തിനിടെ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു.  തര്‍ക്കത്തിലുള്ള തൂണ്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ആവശ്യത്തിനായി സ്ഥാപിച്ചതാണെന്നും, ക്ഷേത്രത്തിലെ വിളക്ക് തെളിയിക്കാന്‍ ഉദ്ദേശിച്ചുള്ള 'ദീപത്തൂണ്‍' (കല്‍ത്തൂണ്‍) അല്ല അതെന്നും അദ്ദേഹം വാദിച്ചു. വിധിയില്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ ഇത്തരം എല്ലാ തൂണുകള്‍ക്കും മതപരമായ നിറം കൈവരികയും ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്യുമെന്നതാണ് സര്‍ക്കാരിന്റെ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. തര്‍ക്കത്തിലുള്ള കല്‍ത്തൂണില്‍ (ഹൈക്കോടതിയുടെ കണക്കനുസരിച്ച് സിക്കന്ദര്‍ ബാദുഷ ദര്‍ഗ്ഗയില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്) കാര്‍ത്തിക ദീപം തെളിയിക്കാന്‍ അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭരണസമിതിക്ക് നിര്‍ദ്ദേശം നല്‍കിയ 2025 ഡിസംബറിലെ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന സംസ്ഥാനത്തിന്റെ ആശങ്കകളെ 'സാങ്കല്‍പ്പിക ഭൂതം' എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞ ഹൈക്കോടതി, തൂണ്‍ സ്ഥിതി ചെയ്യുന്നത് ക്ഷേത്രഭൂമിയിലാണെന്നും അവകാശപ്പെട്ടു.  എന്നാല്‍, പരമ്പരാഗതമായി വിളക്ക് തെളിയിക്കുന്ന ഏക സ്ഥലം ഉച്ചി പിള്ളയാര്‍ ക്ഷേത്രമാണെന്ന് (ദീപ മണ്ഡപം എന്നും അറിയപ്പെടുന്നു) ഗോപാല്‍ ശങ്കരനാരായണന്‍ ഊന്നിപ്പറഞ്ഞു. കുന്നിന്റെ ഫോട്ടോഗ്രാഫുകളും ഡ്രോണ്‍ ചിത്രങ്ങളും ചൂണ്ടിക്കാട്ടിയ ഗോപാല്‍ ശങ്കരനാരായണന്‍, മലയടിവാരത്തുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും മറുവശത്തുള്ള ദര്‍ഗ്ഗയും കോടതിക്ക് കാണിച്ചുകൊടുത്തു. ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തിന് പകരം ഈ സ്ഥലത്ത് വിളക്ക് തെളിയിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്ന് ബെഞ്ച് ചോദിച്ചു. മറ്റ് സ്ഥലങ്ങളില്‍ വിളക്ക് തെളിയിക്കാനുള്ള ശ്രമങ്ങള്‍ മുമ്പ് മൂന്ന് തവണയെങ്കിലും തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് ഗോപാല്‍ ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി. ചടങ്ങിനായി മറ്റൊരു സ്ഥലം അംഗീകരിക്കുന്നത് പരമ്പരാഗത ആചാരത്തിന്റെ പവിത്രതയെ വിഭജിക്കുമെന്നും, വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാര്യങ്ങളില്‍ ജുഡീഷ്യല്‍ ഇടപെടല്‍ നടത്തരുതെന്നും ശങ്കരനാരായണന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.  മതിയായ സമയം നല്‍കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതെന്ന് സിക്കന്ദര്‍ ബാദുഷ ദര്‍ഗ്ഗയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്മദി വാദിച്ചു. ദര്‍ഗ്ഗയ്ക്ക് നോട്ടീസ് നല്‍കാതെയാണ് സിംഗിള്‍ ജഡ്ജി സ്ഥലപരിശോധന നടത്തിയതെന്നും ബെഞ്ചിനെ അറിയിച്ചു. നെല്ലിത്തോപ്പിനും ദര്‍ഗ്ഗയ്ക്കും ഇടയിലുള്ള പ്രദേശത്താണ് ദീപത്തൂണ്‍ സ്ഥിതി ചെയ്യുന്നതെന്നും വാദമുണ്ടായി. സ്ഥലപരിശോധനയ്ക്ക് മുമ്പ് ദര്‍ഗ്ഗയ്ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍, അത് ക്ഷേത്ര സ്വത്തിനുള്ളിലാണെന്ന നിഗമനത്തില്‍ സിംഗിള്‍ ജഡ്ജി എത്തില്ലായിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments