Breaking News

* മക്കയിലെ റിയല്‍ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുത്ത് സഊദി; വിദേശികള്‍ക്കും വിശുദ്ധനഗരിയില്‍ സ്വത്ത് വാങ്ങാം; ഹറമിന് സമീപത്തെ ഭൂമിക്ക് ലോകത്തെ ഏറ്റവും ഉയര്‍ന്ന വില*

റിയാദ് : എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായി മക്കയിലെ റിയല്‍ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി തുറന്നുനല്‍കാന്‍ സഊദി അറേബ്യ തീരുമാനിച്ചു. രാജ്യാന്തര മാധ്യമം ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2030ഓടെ പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. മക്കയില്‍ പ്രവര്‍ത്തിക്കുന്ന ഡെവലപ്പര്‍മാരില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശികളായ മുസ്ലിംകള്‍ക്കും വിശുദ്ധ നഗരത്തില്‍ വസ്തുവകകള്‍ വാങ്ങാനുള്ള വഴി തെളിഞ്ഞത്. ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഹോട്ടല്‍, പാര്‍പ്പിട മേഖലകളില്‍ വലിയ ഡിമാന്‍ഡ് സൃഷ്ടിക്കുന്നുണ്ട്. ഇത് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ലാഭം ഉറപ്പാക്കുന്നു.

*ഉയർന്ന ഭൂമി വില; 60 ബില്യണ്‍ ഡോളറിന്റെ പദ്ധതികൾ*

മക്കയില്‍ നിലവില്‍ ഏകദേശം 60 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ നിര്‍മ്മാണത്തിലിരിക്കുകയോ പ്ലാന്‍ ചെയ്യുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിശുദ്ധ മസ്ജിദുല്‍ ഹറമിന് സമീപമുള്ള ഭൂമിക്ക് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണുള്ളത്. ചിലയിടങ്ങളില്‍ ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 87,000 ഡോളര്‍ (ഏകദേശം 72 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വരെ വില ഈടാക്കുന്നതായി ബ്രോക്കര്‍മാര്‍ സൂചിപ്പിക്കുന്നു.

*വെല്ലുവിളികളും ആശങ്കകളും*

വിശുദ്ധ നഗരിയുടെ ദ്രുതഗതിയിലുള്ള മാറ്റം ചില ആശങ്കകള്‍ക്കും വഴിമാറുന്നുണ്ട്. താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ വില വര്‍ദ്ധിക്കുന്നത് സാധാരണക്കാരായ തീര്‍ത്ഥാടകരെ ബാധിച്ചേക്കാം. വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചരിത്രപരമായ സ്ഥലങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ പങ്കുവെക്കുന്നുമുണ്ട്. വര്‍ദ്ധിച്ചുവരുന്ന ജനത്തിരക്ക് പ്രായമായവര്‍ക്കും മറ്റും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഇത്തരം വിപുലീകരണം അത്യാവശ്യമാണെന്നാണ് സൗദി അധികൃതരുടെ നിലപാട്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായ പദ്ധതികള്‍ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments