Breaking News

*രണ്ടു മാസത്തെ പെട്രോളും ഡീസലും ഭദ്രം, ഭൂമിക്കടിയിൽ 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരം, ഹോർമുസ് അടഞ്ഞാലും എണ്ണ മുടങ്ങില്ലെന്ന് കേന്ദ്രം*

ന്യൂഡൽഹി | രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയില്‍ വില പിടിവിട്ടു കുതിക്കുകയും ഹോർമുസ് വഴിയുള്ള വരവ് നിലയ്ക്കുകയും ചെയ്തതോടെ ഇന്ത്യ അടക്കമുള്ള എണ്ണയിറക്കുമതി രാജ്യങ്ങള്‍ ജാഗ്രതയിൽ. ഇന്നലെ പാചക വാത വില വർധിപ്പിച്ചതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അത്തരം റിപ്പോർട്ടുകൾ തള്ളിയ കേന്ദ്രസര്‍ക്കാർ രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്റ്റോക്കുണ്ടെന്നും വ്യക്തമാക്കി. ക്രൂഡ് ഓയിലും ശുദ്ധീകരിച്ച എണ്ണയും ചേർത്ത് ഏകദേശം 4,000 കോടി ലിറ്റർ രാജ്യത്ത് സ്റ്റോക്കുണ്ട്. ഏതാണ്ട് രണ്ടുമാസത്തേക്ക് രാജ്യത്തിന് ആവശ്യമായ സ്റ്റോക്കാണിത്. രാജ്യത്തെ മൂന്ന് ഓയിൽ റിസര്‍വുകളിലായി 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ സൂക്ഷിച്ചിട്ടുണ്ട്. മംഗളൂരു, പദൂർ, വിശാഖപട്ടണം എന്നീ സ്ഥലങ്ങളിലെ ഭൂഗർഭ അറകളിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളതെന്നും സർക്കാർ പറഞ്ഞു. 

ഇന്ത്യയുടെ എണ്ണ വാങ്ങൽ എപ്പോഴും ദേശീയ താൽപര്യത്തിന് അനുസരിച്ചായിരിക്കുമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. പത്തു വർഷങ്ങൾക്ക് മുമ്പ് 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യയുടെ എണ്ണ വാങ്ങൽ. ഇപ്പോഴത് 40 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് പ്രധാനപ്പെട്ട വാണിജ്യ പാതയാണെങ്കിലും ആകെ ക്രൂഡ് ഓയിലിന്‍റെ 40 ശതമാനമാണ് ഇതിലൂടെ എത്തുന്നത്. ബാക്കി 60 ശതമാനം റഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ബദൽ റൂട്ടുകളിലൂടെയാണ് എത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രംപിന്‍റെ 'വിലക്കു'ണ്ടെങ്കിലും ഫെബ്രുവരിയിൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയത് റഷ്യയിൽ നിന്നാണെന്നും റിപ്പോർട്ടിലെ കണക്കുകൾ പറയുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ ഒരു രാജ്യത്തിന്‍റെയും അനുമതി തേടിയിട്ടുമില്ല. രാജ്യത്തെ പ്രതിദിന ക്രൂഡ് ഓയിൽ ഉപഭോഗം 210–230 ദശലക്ഷം മെട്രിക് വരെയാണ്. എന്നാൽ ഇന്ത്യയ്ക്ക് 258 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു. പെട്രോളിൽ 20 ശതമാനം എഥനോള്‍ കലർത്താനുള്ള പദ്ധതിയിലൂടെ പ്രതിവർഷം 44 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും കഴിഞ്ഞു. 

കഴിഞ്ഞ നാലു വർഷമായി രാജ്യത്തെ ചില്ലറ ഇന്ധന വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് തുടരുന്നു. 2022 ഫെബ്രുവരിക്കും 2026 ഫെബ്രുവരിക്കും ഇടയിൽ ഡൽഹിയിലെ പെട്രോൾ വില ലിറ്ററിന് 0.67 ശതമാനം കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ പാക്കിസ്ഥാനില്‍ 55 ശതമാനവും ജര്‍മനിയിൽ 22 ശതമാനവും വില കൂടി. പെട്രോൾ, ഡീസൽ വില നിയന്ത്രിക്കാൻ പൊതുമേഖല എണ്ണ കമ്പനികൾ 24,500 കോടി രൂപയുടെ നഷ്ടം സഹിച്ചു. പാചകവാതകത്തിൽ 40,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം,പശ്ചിമേഷ്യൻ ക്രൂഡ് പ്രതിസന്ധി മറികടക്കാന്‍ ബദൽ മാർഗങ്ങളും ഇന്ത്യ തേടിയിട്ടുണ്ട്. റഷ്യ, വെസ്റ്റ് ആഫ്രിക്ക, യുഎസ്എ തുടങ്ങിയ വിപണികളിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ എത്തിക്കാനാകുമോഎന്നാണ്  പരിശോധിക്കുന്നത്. ഇറാൻ യുദ്ധം കൂടുതൽ കാലം നീണ്ടാൽ സ്വീകരിക്കേണ്ട നടപടികളും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments