കുമ്പള ബദ്രിയാ നഗറിൽ ചെങ്കൽ ക്വാറിയിലെ പൊടിപടലങ്ങളിൽ നാട്ടുകാർക്ക് ദുരിതമാവുന്നു. ശ്വാസംമുട്ടി ജനങ്ങൾ,കാൻസർ രോഗികൾ പോലും ദുരിതത്തിൽ.
കുമ്പള : നിയമങ്ങളെ കാറ്റിൽപ്പറത്തി കുമ്പള പഞ്ചായത്തിലെ ഇരുപതാം വാർഡിലെ ബദ്രിയാ നഗറിൽ ചെങ്കൽ ക്വാറിയിലെ പൊടിപടലങ്ങൾ തിന്നാൻ വിധിക്കപ്പെട്ട് നാട്ടുകാർ.ബദ്രിയ നഗർ അംഗൻവാടി റോഡ് പരിസരത്ത് പ്രവർത്തിക്കുന്ന അനധികൃത ക്വാറികളിൽ നിന്നുള്ള ചെങ്കൽ പൊടി ശ്വസിച്ച് ഇരുപതോളം കുടുംബങ്ങളാണ് മാറാരോഗങ്ങളുടെ പിടിയിലായിരിക്കുന്നതെന്ന് നാട്ടുകാർ ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.ഇത് വർഷങ്ങളായി തുടരുന്ന അനധികൃത ചെങ്കൽ ക്വാറിയാണ്.
ശ്വാസമടക്കിപ്പിടിച്ചാണ് പ്രദേശവാസികൾ കഴിഞ്ഞുകൂടുന്നത്. കാറ്റിൽ പറന്നെത്തുന്ന പൊടിപടലങ്ങൾ കുട്ടികളുടെയും, വയോധികരുടെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.
പ്രദേശത്തെ വീടുകളും, കിണറുകളും ചെങ്കൽ പൊടിയിൽ മുങ്ങിയിരിക്കുന്നു. രാവിലെ വീടുകളും, വീടുകളിലെ പാത്രങ്ങളും, വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കിയാലും വൈകിട്ട് ആകുമ്പോഴേക്കും പൊടി നിറഞ്ഞ് വൃത്തികേടായി മാറും. ക്വാറിമൂലം ഏറെ ദുരിതാവസ്ഥയിലാ യത് പ്രദേശത്തെ കാൻസർ രോഗികളാണ്. മാരകമായ രോഗാവസ്ഥയിൽ സമാധാനമായി ഒന്ന് കിടന്നുറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇവർക്കുള്ളത്. പിഞ്ചുകുട്ടികളും, വയോധികരും അടക്കമുള്ളവർ ഗുരുതരമായ ആരോഗ്യപ്രതിസന്ധി നേരിടുമ്പോഴും അതികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും പ്രദേശവാസികൾക്കുണ്ട്.
ജനവാസ മേഖലയിൽ ക്വാറി നടത്തുമ്പോൾ പാലിക്കേണ്ട യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. വീടുകളിൽ നിന്ന് കൃത്യമായ അകലം പാലിച്ച് ക്വാറിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കി ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദം രേഖാമൂലം വാങ്ങിയതിനു ശേഷം ചെങ്കൽ ക്വാറി പ്രവർത്തിക്കണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും ഇവിടെ അതൊന്നും പാലിക്കപ്പെടുന്നില്ല എന്ന് നാട്ടുകാർ പറയുന്നു.പുലർച്ചെ നാലുമണി മുതൽ വൈകിട്ട് 5 മണി വരെയും,ചില ദിവസങ്ങളിലും രാത്രിയും ക്വാറി പ്രവർത്തിക്കും. കുമ്പള ഗ്രാമപഞ്ചായത്ത്, ജിയോളജി വകുപ്പ്, തഹസിൽദാർ, ജില്ലാ കളക്ടർ എന്നിവർക്ക് നാട്ടുകാർ പരാതികൾ നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല.
"ഉദ്യോഗസ്ഥരും ക്വാറി ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ നിശബ്ദതയ്ക്ക് പിന്നിലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നുമുണ്ട്.
അടിയന്തരമായി ഈ അനധികൃത ഖനനം നിർത്തലാക്കി ജനങ്ങളുടെ ജീവനും,സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാവുന്നില്ലെങ്കിൽ ശക്തമായ ബഹുജന സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ആദ്യഘട്ടം എന്ന നിലയിൽ പെരുന്നാളിന് ശേഷം പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറയുന്നുണ്ട്.
ഫോട്ടോ:കുമ്പള ബ ദ്രിയാ നഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments