Breaking News

*ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരാൻ സമയമായെന്ന് സുപ്രീം കോടതി*

ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും തുല്യമായ പൗരാവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഏക പോംവഴി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുകയാണെന്ന് സുപ്രീം കോടതി. വിവിധ മതവിഭാഗങ്ങളിലെ വ്യക്തിനിയമങ്ങള്‍ ലിംഗസമത്വത്തിന് തടസ്സമാകുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ നിയമനിർമ്മാണ സഭകള്‍ ഉണർന്നു പ്രവർത്തിക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ആർ.മഹാദേവൻ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് പരാമർശം.1937-ലെ മുസ്‌ലിം വ്യക്തിനിയമത്തിലെ (ശരീഅത്ത്) വിവേചനപരമായ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ വിഹിതം മാത്രം ലഭിക്കുന്ന അനന്തരാവകാശ നിയമം വിവേചനപരമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി മുൻനിർത്തി മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ വ്യക്തിനിയമങ്ങളില്‍ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. അനന്തരാവകാശം ഒരു സിവില്‍ കാര്യമാണെന്നും അതിനെ മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന കാര്യത്തില്‍ യോജിപ്പുണ്ടെങ്കിലും നിലവിലെ നിയമം റദ്ദാക്കിയാല്‍ ഉണ്ടാകുന്ന നിയമപരമായ ശൂന്യതയെക്കുറിച്ച്‌ കോടതി ആശങ്ക പ്രകടിപ്പിച്ചു. വ്യക്തമായ മറ്റൊരു നിയമം പകരം വെക്കാനില്ലാതെ ശരിയത്ത് നിയമം റദ്ദാക്കിയാല്‍ അത് സ്ത്രീകള്‍ക്ക് നിലവില്‍ ലഭിക്കുന്ന അവകാശങ്ങള്‍ പോലും ഇല്ലാതാക്കാൻ കാരണമായേക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്തുന്നത് നിയമനിർമ്മാണ സഭയുടെ ചുമതലയാണെന്നും ഇതിനുള്ള പോംവഴി ഏകീകൃത സിവില്‍ കോഡ് ആണെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. അതേസമയം, വിവേചനപരമായ വ്യവസ്ഥകള്‍ നീക്കം ചെയ്താല്‍ പകരം സ്വീകരിക്കാവുന്ന പോംവഴികള്‍ എന്താണെന്ന് അറിയിക്കാൻ ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments