*ഗതാഗത നിയമലംഘനം; ക്യാമറ നിരീക്ഷണത്തിൽ കുടുങ്ങിയത് 60ഓളം വിഐപി വാഹനങ്ങളും, പട്ടികയിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പോലീസുകാരുടെയും എംവിഡി ജീവനക്കാരുടേയും വാഹനങ്ങൾ*
നിരത്തുകളിൽ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങളിൽ വലിയ തോതിൽ വിഐപി വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരുടേയും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ ക്യാമറ നിരീക്ഷണത്തിൽ കുടുങ്ങിയത്. എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ 60ഓളം വിഐപി വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ വർഷ ങ്ങളിലെ കണക്കുകൾ വെച്ചുനോക്കിയാൽ ഇത് 180ഓളം വരുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗം, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യൽ തുടങ്ങിയവയാണ് പ്രധാന നിയമ ലംഘനങ്ങൾ. മുൻപും ഇത്തരം നിയമലംഘനങ്ങളുടെ പേരിൽ ദേശീയ പാതകളിലെ ക്യാമറകളിൽ പല തവണ വിഐപി വാഹനങ്ങൾ കുടുങ്ങിയിട്ടുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരുടേയും വാഹനങ്ങൾ വരെ ഈ ലിസ്റ്റിലുണ്ട്. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന ചില വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിലായതായും കണ്ടെത്തിയിട്ടുണ്ട്. പല തവണ നോട്ടീസ് നൽകിയിട്ടും പിഴ അടയ്ക്കാതെയും ആവർത്തിച്ച് നിയമ ലംഘനം നടത്തിയതുമായ വാഹനങ്ങളെയാണ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള കാറും ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. ക്യാമറയിൽ നിയമ ലംഘനം പതിഞ്ഞ് ഇ-ചലാൻ തയ്യാറായാൽ പിന്നീട് ഇടപെടലുകൾക്ക് വലിയ സാധ്യതയില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. സോഫ്റ്റ്‌വെയർ അടിസ്ഥാനത്തിലുള്ള സംവിധാനമായതിനാൽ ആരെയും ഒഴിവാക്കാനാകില്ലെന്നാണ് വിശദീകരണം.
പിഴ അടയ്ക്കാത്ത വാഹനങ്ങളുടെ കൈമാറ്റം, രജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് പരിശോധന എന്നീ സേവനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളിൽ പല ജനപ്രതിനിധികളും കുടിശിക പിഴ അടച്ചുതീർത്തെന്നും എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാരിലേക്കുള്ള കുടിശിക അടയ്ക്കാനുള്ളവരുടെ നാമനിർദേശ പത്രിക തള്ളപ്പെടാനുള്ള വ്യവസ്ഥ ഉള്ളതിനാലാണ് പലരും ഇത്തരത്തിൽ വാഹന കുടിശിക അടച്ച് തീർത്തതെന്നാണ് വിവരം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments