Breaking News

*അന്ന് സ്റ്റാലിനുമായുള്ള സ്വര ചേർച്ചയിൽ പാർട്ടി വിട്ടു, ഇന്ന് വിജയ്‌യുടെ കൈ പിടിച്ച് ഡിഎംകെ കോട്ട തകർത്തു; ആരാണ് ടിവികെയുടെ വി എസ് ബാബു ?*

തമിഴ്നാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലിനേക്കാൾ വലിയൊരു തീ തിങ്കളാഴ്ച കൊളത്തൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് എരിയുന്നുണ്ടായിരുന്നു. 2021 ൽ 70,000 ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിന് കാലിടറിയത്. ആഘോഷവും ആരവവും ഉയരേണ്ട ദിവസം തന്നെ വലിയൊരു നിശബ്ദതയിലേക്ക് ഡിഎംകെ പ്രവർത്തകർക്ക് ഒതുങ്ങേണ്ടി വന്നു.

ഒരുവശത്ത്, മുഖ്യമന്ത്രിയുടെ വോട്ടുകൾ കുറയുമ്പോൾ മറുവശത്ത് തമിഴക വെട്രി കഴകത്തിന്റെ കൊടികളേന്തിയ പ്രവർത്തകരുടെ ആവേശം ഉയരുകയായിരുന്നു. രാഷ്ട്രീയത്തിലുള്ള അട്ടിമറികളും പരാജയവുമൊന്നും പുതിയ കഥയല്ല. എന്നാൽ ഈ വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പ് തമിഴ്നാടിന്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്താൻ പോകുന്നത് വി എസ് ബാബുവിന്റെ അവിശ്വസനീയമായ ഒരു പോരാട്ടത്തിന്റെ പേരിലാണ്.

യാതൊരുവിധ പബ്ലിസിറ്റിയുടെയും പിന്നാലെ പോകാതെ, ചെന്നൈയിലെ തെരുവുകളിൽ സാധാരണക്കാരുടെ കുടിവെള്ളത്തിനും പാർപ്പിട പ്രശ്നങ്ങൾക്കുമൊക്കെ വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ച ഒരു മനുഷ്യന്റെ പോരാട്ടമാണത്. ഡിഎംകെയിൽ ആയിരുന്നു വി എസ് ബാബു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
പാർട്ടി പ്രവർത്തകനിൽ നിന്ന് നേതൃനിരയിലേക്കുള്ള ബാബുവിന്റെ വളർച്ചയും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. 2006 ൽ പുരസൈവാക്കത്ത് നിന്ന് അസംബ്ലിയിലെത്തിയ വി എസ് ബാബു, ഇന്ന് വിജയിയുടെ പടത്തലവനായി കൊളത്തൂരിലും അവതരിച്ചപ്പോൾ ഡിഎംകെയുടെ കോട്ടകളും അടവുകളുമെല്ലാം ഓരോന്നായി തകർന്നടിയുകയായിരുന്നു.

ചെന്നൈയിലെ നഗര രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് 75 വയസുകാരനായ വി എസ് ബാബു. മുൻപ് ഡിഎംകെയിലും എഐഎഡിഎംകെയിലും പ്രധാന പദവികൾ വഹിച്ചിട്ടുണ്ട് അദ്ദേഹം.

2006 മുതൽ 2011 വരെ പുരസൈവാക്കം എംഎൽഎ ആയിരുന്ന അദ്ദേഹം, ഉത്തര ചെന്നൈയിലെ ഡിഎംകെയുടെ കരുത്തുറ്റ ജില്ലാ സെക്രട്ടറിയുമായിരുന്നു. സാധാരണക്കാരുമായി നേരിട്ട് ഇടപഴകിയും മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുമാണ് അദ്ദേഹം ജനകീയനായി മാറിയത്.

അടിസ്ഥാന വികസനങ്ങളിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ ശൈലി കൊളത്തൂരിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. ബാബുവും സ്റ്റാലിനും തമ്മിലുള്ള ബന്ധത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. 2011ൽ കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ അവിടുത്തെ തെരഞ്ഞെടുപ്പ് ചുമതല വി എസ് ബാബുവിനായിരുന്നു.

അന്ന് സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതോടെ ബാബുവിനെ ചോദ്യം ചെയ്യുകയും പിന്നാലെ അദ്ദേഹം പാർട്ടി വിടുകയും ചെയ്തു. പിന്നീട് എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം, ഈ വർഷം ഫെബ്രുവരിയിലാണ് നടൻ വിജയ്‌യുടെ ടിവികെയിൽ (തമിഴക വെട്രി കഴകം) ചേരുന്നത്.

നിലവിൽ പാർട്ടിയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയായ അദ്ദേഹം തന്റെ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ തന്ത്രങ്ങൾ മുഴുവൻ ഈ ഒറ്റ മണ്ഡലത്തിൽ പ്രയോഗിക്കുകയായിരുന്നു. സ്റ്റാലിനെതിരായ തകർപ്പൻ വിജയത്തിലൂടെ മധുരപ്രതികാരം വീട്ടിയാണ് ബാബു ഇപ്പോൾ നിയമസഭയിലേക്ക് നടന്നു കയറുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments