Breaking News

*യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസുകൾ നിർത്തണമോ?; കെഎസ്ആര്‍ടിസി മാന്വൽ പറയുന്നതിങ്ങനെ**സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതിയുമായി ബന്ധപ്പെട്ട വീഡിയോ വലിയ രീതിയിലാണ് സോഷ്യമീഡിയയിൽ പ്രചരിച്ചത്*


*NYD NEWS 🔻17.0
കോഴിക്കോട് : സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവതി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്‍റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്ത സംഭവം വലിയ ചർച്ചയ്ക്കായിരുന്നു തുടക്കമിട്ടത്.

ഇതിന് പിന്നാലെ വിശദീകരണവുമായി യുവതി തന്നെ രം​ഗത്തെത്തിയിരുന്നു. അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടിവന്നുവെന്നും താൻ കടുത്ത പരിഭ്രാന്ത്രിയിലും സമ്മര്‍ദ്ദത്തിലുമായിരുന്നു എന്നുമാണ് യുവതി പറഞ്ഞത്. എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല, സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ട് എന്നും യുവതി പറഞ്ഞു.

28000 രൂപ ഫൈൻ അടച്ച് അന്നു തന്നെ ഔദ്യോഗികമായി പരിഹരിച്ച വിഷയത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയാണ് പ്രചരിച്ചത്. പിന്നാലെ യുവതിക്കെതിരെ ശക്തമായ സൈബർ ആക്രമണവും നടന്നു. ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടത്തുന്നുവെന്നും ട്രോളുകളും അധിക്ഷേപങ്ങളും മാനസികമായി ബാധിക്കുന്നുവെന്നും യുവതി പറഞ്ഞിരുന്നു. യുവതിയെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. അടിയന്തര ഘട്ടങ്ങളിൽ ബസുകൾ നിർത്തി കൊടുക്കണമെന്ന നിയമമുണ്ടെന്ന വാദമാണ് ഇവർ ഉന്നയിത്.


ഇതിന് പിന്നാലെ, കെഎസ്ആർടിസി ബസിൽ കയറിയാൽ പറയുന്ന സ്ഥലത്ത് സ്റ്റോപ്പ് ആവശ്യപ്പെടാൻ പറ്റുമോയെന്നാണ് പലരും ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം കെഎസ്ആര്‍ടിസി മാന്വലില്‍ തന്നെ കൃത്യമായി പറയുന്നുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആർടിഎ, പൊലീസ് തുടങ്ങിയവർ യാത്രക്കാരുടെ എണ്ണവും കയറാനും ഇറങ്ങാനുമുള്ള സൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് ബസ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് കെഎസ്ആർടിസിയും സ്റ്റോപ്പുകൾ അനുവദിക്കാറുണ്ട്. വിവിധ ക്ലാസുകളിൽപ്പെട്ട ബസുകൾക്കുള്ള സ്റ്റോപ്പുകളും വിഭിന്നമാണ്. ഇത്തരം സ്റ്റോപ്പുകളിലാണ് സാധാരണഗതിയിൽ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതെന്ന് പൊതുവായി മാന്വലില്‍ പറയുന്നു.

ഇതിന് പുറമെ സ്റ്റോപ്പ് അനുവദിക്കാവുന്ന സന്ദർഭങ്ങളെയും ഇതിൽ സൂചിപ്പിക്കുന്നു. യാത്രക്കാർ വളരെക്കുറവായി സർവീസ് നടത്തുന്ന ഘട്ടങ്ങളിൽ സ്റ്റോപ്പുകൾ, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലും മറ്റ് യാത്രാസൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലും സ്റ്റോപ്പുകൾ അല്ലാത്തിടത്തും ബസുകൾ നിർത്തിക്കൊടുക്കേണ്ടതാണ്. പ്രായമായവർ, സ്ത്രീകൾ, അംഗവൈകല്യം സംഭവിച്ചവർ, രോഗികൾ എന്നിവർക്കും ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകേണ്ടതാണെന്ന് നിയമത്തിൽ കൃത്യമായി സൂചിപ്പിക്കുന്നു.

പൊലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവയുടെ മുമ്പിൽ സ്റ്റോപ്പുകൾ ഇല്ലെങ്കിലും ട്രാഫിക് തടസം ഉണ്ടാകുന്നില്ലെങ്കിൽ ആവശ്യപ്പെട്ടാൽ ബസുകൾ നിർത്തിക്കൊടുക്കണം. യാത്രക്കാർക്ക് പരമാവധി സൗകര്യവും, സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതാണ് ലക്ഷ്യമെന്നും അത്കൊണ്ട് തന്നെ അംഗീകൃത സ്റ്റോപ്പുകൾ അല്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ ബസ് നിർത്തിക്കൊടുക്കണമെന്ന് നിർദേശിക്കുന്നു.

രാത്രികാലങ്ങളിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് സംബന്ധിച്ചും ഇതിൽ പറയുന്നു. രാത്രികാലങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുംവിധമാണ് അവരെ ഇറക്കി വിടേണ്ടത്. ഇറക്കിവിടുന്നതിനുമുമ്പ് അപകട സാധ്യത ഒഴിവാക്കാൻ ആവശ്യപ്പെടുന്നപക്ഷം മുൻകൂട്ടി വീടുകളുമായോ ബന്ധുക്കളുമായോ ടെലിഫോണിൽ ബന്ധപ്പെടാനുള്ള സൗകര്യം ചെയ്‌തു കൊടുക്കേണ്ടതാണ്. അവരെ ഇറക്കിവിടുന്ന സ്ഥലങ്ങൾ അപകടരഹിതമാണെന്ന് ഉറപ്പുവരുത്തണം. കെഎസ്ആർടിസി ബസുകളിൽ രാത്രി കാലങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം എന്ന തോന്നൽ യാത്രക്കാർക്ക് ഉണ്ടാകത്തക്ക രീതിയിലാകണം കണ്ടക്‌ടറുടെ പെരുമാറ്റമെന്നും പറയുന്നു. രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്.

ഡ്രൈവർമാർ സ്റ്റോപ്പുകളിൽ ബസുകൾ നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല കണ്ടക്ടർമാർക്കാണ്. റിക്വസ്റ്റ് സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാർ കയറാനുണ്ടെന്ന് കാണുന്നപക്ഷം അവർക്ക് വേണ്ടി ബസ് നിർത്തികൊടുക്കേണ്ടതാണ്. റെയിൽവേ സ്റ്റേഷനുകൾ, സിനിമാ തിയേറ്ററുകൾ, വ്യവസായ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ, ബസ് സർവീസുകൾ തമ്മിൽ പരസ്‌പരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ തുടങ്ങി സാധരണയായി യാത്രക്കാർ ബസിൽ കയറുവാനായി കാത്തു നിൽക്കുന്ന എല്ലാ സ്ഥലങ്ങളിൽ നിന്നും യാത്രക്കാരെ കയറ്റുന്നതിനായി കണ്ടക്ടർമാരും ഡ്രൈവർമാരും പ്രത്യേക താൽപ്പര്യമെടുക്കേണ്ടതാണെന്നും പറയുന്നു. ട്രെയിൻ സർവീസുകളെ ബന്ധിപ്പിക്കുന്ന തരത്തിൽ സർവീസ് നടത്തുന്ന ബസുകളിൽ ആവശ്യമെങ്കിൽ യാത്രക്കാർക്ക് ബസിൽ കയറത്തക്കവിധം മൂന്ന് മിനിട്ട് വരെ ബസ് നിർത്തിയിടേണ്ടതാണെന്ന് മാന്വലിൽ പ്രത്യേകം പറയുന്നു. കൂടാതെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേർന്നെന്ന് വിവരം ലഭിച്ചാൽ ആ ട്രെയിനിലെ യാത്രക്കാർക്ക് കൂടി ബസിൽ കയറാൻ സാധ്യമാകുംവിധം കാത്ത് കിടക്കേണ്ടതാണെന്നും മാന്വലിൽ പറയുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments