Breaking News

വന്ദേമാതരം : യു.ഡി.എഫ് സർക്കാർ ഹിന്ദുത്വ അജണ്ടക്ക് കീഴടങ്ങിയതിൻ്റെ തെളിവ് - ഐ.എൻ.എൽ

കോഴിക്കോട് : കേരളത്തിൽ ഇതാദ്യമായി  മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ദേശീയ ഗാനത്തിന് മുന്നോടിയായി വിവാദ ഗീതമായ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിച്ചത് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ഹിന്ദുത്വ അജണ്ടക്ക് കീഴടങ്ങിയതിൻ്റെ വ്യക്തമായ തെളിവാണെന്ന് ഐ.എൻ.എൽ.
പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത ബി.ജെ.പി മുഖ്യമന്ത്രിയുടെ  സ്ഥാനാരോഹണത്തിൽ വന്ദേമാതരം ചൊല്ലിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.  അതേസമയം കേന്ദ്രസർക്കാറിന്റെ തീവ്ര വലതുപക്ഷ നീക്കങ്ങളെ ശക്തിയുക്തം എതിർക്കുന്ന തമിഴ്നാട്ടിൽ നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം ചൊല്ലിയത് വിവാദമായിരുന്നു. അതിനു വഴങ്ങരുതെന്ന് ഇടതു കക്ഷികൾ വിജയിയെ ഓർമ്മപ്പെടുത്തുകയുണ്ടായി. രാജേന്ദ്ര ആർലേക്കർ ലോക് ഭവനിൽ എത്തിയത് മുതൽ മുഴുവൻ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം പൂർണമായി ആലപിച്ച് ഹിന്ദുത്വ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ സംഭവം പോലുമുണ്ടായി. എൽ.ഡിഎഫ് ഭരണകാലത്ത് വന്ദേമാതരത്തിലൂടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ നഖശികാന്തം എതിർത്തതാണ്. എന്നാൽ മുഖ്യമന്ത്രി വി.ഡി സതീശനോ മുസ്‌ലിം ലീഗ് നേതാക്കളോ ഒരക്ഷരം എതിർപ്പ് പ്രകടിപ്പിക്കാത്തത് കൊണ്ടാണ് രാഹുൽ ഗാന്ധിയെയും പാണക്കാട് സ്വാദിഖലി തങ്ങളെയും മത നേതാക്കളെയും സാക്ഷിയാക്കി ആർ.എസ്.എസിന് പ്രിയപ്പെട്ട ഗീതം അടിച്ചേൽപ്പിച്ചത്.  വന്ദേ മാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് രാഷ്ട്രശില്പികളും ഭരണഘടന നിർമ്മാണ സഭയും അംഗീകരിച്ചത്. ഹൈന്ദവ ദൈവങ്ങൾക്ക് സ്തുതി ഗീതം പാടുന്ന ശേഷിക്കുന്ന ഭാഗം ബഹുസ്വര, മതേതര സംസ്കൃതിക്ക് യോജിച്ചതല്ലെന്ന് നെഹ്റു അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയതാണ്. ഭൂരിപക്ഷ വർഗീയതയെ കൂട്ടുപിടിച്ച് അധികാരം  നിലനിർത്താൻ പാടുപെടുന്ന കോൺഗ്രസ്, പാർട്ടി ടിക്കറ്റിൽ മത്സരിച്ച ഫൗസിയ ഷെയ്ഖ്, റുബീന ഇഖ്‌ബാൽ എന്നിവർ ഇൻഡോർ മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം ആലപിക്കുന്നതിനെ എതിർത്തതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുക പോലും ഉണ്ടായി. അധികാരം പിടിച്ചെടുക്കാനുള്ള ആക്രാന്തത്തിനിടയിൽ പാർട്ടിയുടെ നിലപാടും അസ്ഥിത്വവും കോൺഗ്രസിന് മുന്നിൽ അടിയറവ് വെച്ച മുസ്‌ലിം ലീഗ് നേതാക്കൾക്ക് ഇത്തരം ഘട്ടങ്ങളിൽ ഒന്ന് പരിഭവിക്കാനുള്ള അവസരം പോലും നഷ്ടപ്പെട്ടതിൻ്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments