Breaking News

*പോലീസ് 'സർജിക്കൽ സ്‌ട്രൈക്ക് ' തുടരുന്നു; കേരളത്തെ വിറപ്പിച്ച സൈബർ കൊള്ളക്കാർ മറനീക്കി പുറത്തേക്ക്*

കൊച്ചി : കേരളത്തെ ഞെട്ടിച്ച വൻ സൈബർ തട്ടിപ്പുകളുടെ സൂത്രധാരന്മാർ സൈബർ പോലീസിന്റെ മിന്നൽ ഓപ്പറേഷനുകളിലൂടെ മറനീക്കി പുറത്തേക്ക് വരുന്നു. 2023-മുതൽ 2025 വരെ നടത്തിയ കോടികളുടെ തട്ടിപ്പു കേസുകളിലെ പ്രമാദമായ പല കേസുകളിലെ ഇന്ത്യൻ കണ്ണികളെ പിടികൂടാൻ മാസങ്ങളും വർഷങ്ങളും നീണ്ട പ്രയത്നത്തിനൊടുവിൽ കേരള പോലീസിനായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ഞെട്ടിച്ച തട്ടിപ്പ് പ്രധാന കേന്ദ്രം ഹൈദരാബാദാണെന്നും കണ്ടെത്തി. ഇന്ത്യയിൽത്തന്നെ ഒരു വ്യക്തിയിൽ നിന്ന് ഡിജിറ്റൽ തട്ടിപ്പിലൂടെ ഏറ്റവുമധികം പണം അപഹരിച്ച സംഭവത്തിൽ ഏഴു പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു.

ഡിജിറ്റൽ ഫുട്പ്രിന്റുകൾക്ക് പിന്നാലെ... കംബോഡിയയോ സൈപ്രസോ തായ്‌ലാൻഡോ കേന്ദ്രമായി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ പിടികൂടുക ദുഷ്‌കരമാണ്. അവിടേക്ക് അന്വേഷണ സംഘത്തെ നയിക്കുന്നത് ഡിജിറ്റൽ ഫുട്പ്രിന്റുകളാണ്. പണം എത്തിയ വഴികളിലൂടെ അന്വേഷണ സംഘവും സഞ്ചരിക്കും. ഏത് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇരകളുടെ പണം ആദ്യം പോയതെന്ന് പരിശോധിക്കും. ഇന്ത്യയിൽ നിന്നുള്ള പണം ഇന്ത്യയിലെ അക്കൗണ്ടിലാകും ആദ്യമെത്തുക. ഏതൊരു തട്ടിപ്പിന് പിന്നിലും ഒരു ഇന്ത്യൻ കരം ഉണ്ടാകും. തുടർന്ന് ദിവസങ്ങൾ കാത്തിരുന്നാലാകും ബാങ്കുകളിൽ നിന്ന് സംശയകരമായ അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭിക്കുക. ഇത് പരിശോധിക്കുമ്പോഴാണ് വാടകയ്ക്ക് അക്കൗണ്ടുകൾ നൽകുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങുക.

ഇന്ത്യൻ സംഘം വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നേരിട്ട് നിക്ഷേപ-ഡിജിറ്റൽ അറസ്റ്റ് കെണികൾ ഒരുക്കുന്നുണ്ട്. വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ അവിടെയെത്തിച്ചാണിത്. ഇതല്ലാതെ ചൈനീസ് തട്ടിപ്പ് കമ്പനികളുടെ ഇന്ത്യയിലെ ഏജന്റുമാരായി പ്രവർത്തിക്കുന്നവരുമുണ്ട്. ഇവർ വാടക അക്കൗണ്ടുകൾ സംഘടിപ്പിക്കും. ഈ അക്കൗണ്ടുകളിൽ വരുന്ന പണം ചെറിയ കമ്മിഷൻ നൽകി ഏജന്റുമാർ നൽകുന്ന അക്കൗണ്ടുകളിലേക്ക് മാറ്റും. തുടർന്ന് 50 ശതമാനം വരെ കമ്മിഷൻ കൈപ്പറ്റി ബാക്കി തുക ക്രിപ്‌റ്റോ കറൻസിയിലൂടെ വിദേശ കമ്പനികൾക്ക് കൈമാറും.

ആഡംബര ജീവിതം, വൻകിട വ്യവസായം... കൊച്ചി സ്വദേശിയായ വ്യവസായിയുടെ 24.75 കോടി രൂപ നഷ്ടപ്പെട്ടതാണ് രാജ്യത്ത് തന്നെ ഒരാളിൽ നിന്ന് ഏറ്റവുമധികം പണം തട്ടിയ സംഭവം. ഇതിലെ മുഖ്യസൂത്രധാരനായ ഹൈദരാബാദിലെ വ്യവസായി സത്യനാരായണ മൂർത്തി ഉൾപ്പെടെ ഏഴുപേരെയാണ് കൊച്ചി സിറ്റി സൈബർ പോലീസ് സംഘം മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. ഇൗ കേസിൽ പിടിയിലായ അഞ്ച് മലയാളികൾ വാടകയ്ക്ക് ബാങ്ക് അക്കൗണ്ട് തരപ്പെടുത്തി നൽകിയവരാണ്. മൂർത്തിയുടെ ഇടപാടുകൾ പരിശോധിച്ച പോലീസ് ശരിക്കും ഞെട്ടി. തട്ടിപ്പ് പണത്തിലൂടെ വൻ ബിസിനസ് സാമ്രാജ്യമാണ് പടുത്തുയർത്തിയത്. 1,000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ഇടപാട്, കെനിയയിൽ ഖനിയിൽ നിക്ഷേപം, തെലുങ്ക് സിനിമാ താരങ്ങൾ താമസിക്കുന്ന അത്യാഡംബര ഫ്ലാറ്റിൽ താമസം അങ്ങനെ പോകുന്നു ഇയാളുടെ വിവരങ്ങൾ.

കൊച്ചി സ്വദേശിയായ 77-കാരനെ ഡിജിറ്റൽ അറസ്റ്റിലാക്കി ആറുകോടി രൂപ തട്ടിയെടുത്ത കേസിലെ ഹൈദരാബാദിലെ പ്രിന്റിങ് സ്ഥാപന ഉടമയായ നിരഞ്ജൻ ചൗധരിയെയും ഇതേ സംഘം കഴിഞ്ഞ ദിവസം പിടികൂടി. പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പിൻവലിച്ച് കംബോഡിയ ആസ്ഥാനമായ സൈബർ തട്ടിപ്പു സംഘങ്ങൾക്ക് ഇയാൾ കൈമാറിയതായി കണ്ടെത്തി. മറ്റൊരു കേസിൽ ഇയാൾക്കൊപ്പം പിടിയിലായ ഹൈദരാബാദുകാരൻ സയ്യിദ് ഹസനെതിരേ വിവിധ സംസ്ഥാനങ്ങളിൽ 31 സൈബർ പരാതികളുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 2.71 കോടി രൂപ നേരത്തേ തന്നെ മരവിപ്പിച്ചിട്ടുമുണ്ട്. ദുബായ് കേന്ദ്രീകരിച്ച സൈബർ തട്ടിപ്പ് ശൃംഖലയുമായും ഇയാൾക്ക് ബന്ധമുണ്ട്. കൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടറുടെ 37 ലക്ഷം രൂപ നഷ്ടമായ കേസിൽ പണത്തിന്റെ ഒരുഭാഗം ഇയാളുടെ കൈവശമുള്ള അക്കൗണ്ടുകളിൽ എത്തിയതായും കണ്ടെത്തി.

രണ്ട് വർഷം, മലയാളിക്ക് നഷ്ടം 1,578 കോടി രൂപ! 2025-ൽ കേരളത്തിൽ സൈബർ തട്ടിപ്പിനിരയായ 42,500 പേർക്കുണ്ടായ ആകെ നഷ്ടം 814 കോടി രൂപയാണ്. നിക്ഷേപ-ട്രേഡിങ് തട്ടിപ്പിലൂടെ മാത്രം 413 കോടി നഷ്ടപ്പെട്ടു. 2024-ൽ 41,430 പേർ തട്ടിപ്പിനിരയായപ്പോൾ 764 കോടി രൂപയും നഷ്ടപ്പെട്ടു. അതിൽ വെർച്വൽ അറസ്റ്റ് ഇനത്തിൽ 44 കോടി രൂപ തട്ടിയെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പണം ഒരാൾക്ക് നഷ്ടമായതും കേരളത്തിൽ തന്നെ. 2023-ൽ കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.75 കോടി രൂപ നഷ്ടപ്പെട്ട സംഭവമാണിത്. 2023-മുതൽ 2025-വരെ തൊഴിൽ പരസ്യതട്ടിപ്പിലൂടെ മലയാളികൾക്ക്് 105 കോടി രൂപയും നഷ്ടമായി. രാജ്യത്താകമാനം വെർച്വൽ അറസ്റ്റിലൂടെ 2025-ൽ 3,000 കോടിയാണ് തട്ടിപ്പുസംഘം നേടിയത്. 2025-ൽ രാജ്യത്ത് നിന്ന് 20,000 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ കൊണ്ടുപോയത്. ചൈനയിലേക്കാണ് ക്രിപ്‌റ്റോ കറൻസി വഴി കൂടുതൽ പണവും പോയത്. ഇതിൽ 77-ശതമാനവും നിക്ഷേപ തട്ടിപ്പിലൂടെയാണ് നഷ്ടമായത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments