Breaking News

*മൊബൈൽ ലോൺ തിരിച്ചടവ് മുടങ്ങിയാൽ ഫോൺ ലോക്ക് ചെയ്യാം; റിസർവ് ബാങ്കിന്റെ പുതിയ കരടുചട്ടം പുറത്തിറങ്ങി*

ന്യൂഡൽഹി : വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ തിരിച്ചടവ് മുടങ്ങിയാൽ, വായ്പ നൽകിയ ധനകാര്യസ്ഥാപനങ്ങൾക്ക് അവ ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ റിസർവ് ബാങ്ക് അനുമതി നൽകും. ഇതുസംബന്ധിച്ച് കരടുചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. നിലവിൽ പല വായ്പാ സ്ഥാപനങ്ങളും ഇത്തരത്തിൽ ലോക്ക് ചെയ്യാറുണ്ടെങ്കിലും കൃത്യമായ ചട്ടമുണ്ടായിരുന്നില്ല.

വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാൽ മാത്രമേ ഉപകരണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനാകൂ. മൊബൈൽ ഫോൺ വായ്പകൾ കുടിശികയായി 60 ദിവസം കഴിഞ്ഞാൽ ധനകാര്യ സ്ഥാപനം നോട്ടിസ് നൽകണം. തുടർന്ന് 21 ദിവസം തിരിച്ചടവിന് അനുവദിക്കണം. എന്നിട്ടും പണമടച്ചില്ലെങ്കിൽ ഒരാഴ്ച കൂടി സമയം അനുവദിച്ച് രണ്ടാമത്തെ നോട്ടിസും നൽകണം. ഫോൺ ലോക്ക് ചെയ്യാൻ വായ്പാ കരാറിൽ ഉപഭോക്താവിന്റെ സമ്മതം വാങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ.
വായ്പ തിരിച്ചുപിടിക്കുന്നതിനായി ഫോണുകൾ ലോക്ക് ചെയ്യാൻ അനുവദിക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെയും സ്വകാര്യതയെയും ബാധിച്ചേക്കുമെന്ന ആശങ്കകൾ നേരത്തെ ഉയർന്നിരുന്നു.ഫോൺ മേടിക്കാനുള്ള വായ്പയല്ലാത്ത, ജനറൽ വായ്പകൾ കുടിശികയായാൽ ഇത്തരത്തിൽ ഫോണിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരിക്കില്ല. ഫോണിൽ പ്രീ–ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിലൂടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇന്റർനെറ്റ്, ഇൻകമിങ് കോളുകൾ, എമർജൻസി എസ്ഒഎസ് സേവനങ്ങൾ, സർക്കാരിന്റെ ജാഗ്രതാ സന്ദേശങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ ഫോണിൽ നിയന്ത്രിക്കാൻ പാടില്ല.

കുടിശിക തുക തിരിച്ചടച്ച് ഒരു മണിക്കൂറിനുള്ളിൽ നിയന്ത്രണങ്ങൾ നീക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വായ്പാ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. ലോക്ക് ചെയ്ത ഫോണുകളിലെ വ്യക്തിഗത വിവരങ്ങൾ ധനകാര്യസ്ഥാപനങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. വായ്പ തിരിച്ചടച്ചാലുടൻ ഫോൺ ലോക്ക് ചെയ്യാനുള്ള ആപ്പുകൾ നീക്കം ചെയ്തിരിക്കണം. ലോൺ മുൻകൂറായി അടച്ചുതീർക്കാനും വായ്പയെടുത്ത വ്യക്തിക്ക് അവകാശമുണ്ടായിരിക്കും. ഫോൺ ലോക്കിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും സംവിധാനം വേണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments