*കാന്‍സര്‍ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം; വില വര്‍ധിപ്പിക്കാന്‍ കേന്ദ്രാനുമതി*
ന്യൂഡല്‍ഹി : രാജ്യത്ത് കാന്‍സര്‍ ചികില്‍സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന സിസ്പ്ലാറ്റിന്‍, കാര്‍ബോപ്ലാറ്റിന്‍ എന്നീ മരുന്നുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അവയുടെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായാണ് ഈ അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്. മരുന്നുകളുടെ ലഭ്യതയും വിലയും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഡിപിസിഒ (ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍) വ്യവസ്ഥ പ്രകാരമാണ് തീരുമാനം. ഇതിനായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ 82 മരുന്നുകളുടെ വില പുനപ്പരിശോധിക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ നിയോഗിച്ച സമിതി പരിശോധിച്ചപ്പോള്‍ നാലു മരുന്നുകള്‍ക്ക് അടിയന്തര വിലവര്‍ധന അനിവാര്യമാണെന്ന് കണ്ടെത്തി. അവയില്‍ പ്രധാനപ്പെട്ടവയാണ് സിസ്പ്ലാറ്റിനും കാര്‍ബോപ്ലാറ്റിനും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഉല്‍പ്പാദനച്ചെലവിലെ വര്‍ധന, വിദേശനാണ്യ വിനിമയ നിരക്കിലെ മാറ്റങ്ങള്‍ എന്നിവ കാരണം ഈ മരുന്നുകളുടെ നിര്‍മ്മാണം കമ്പനികള്‍ക്ക് സാമ്പത്തികമായി പ്രയാസകരമായിരുന്നു. ഇതോടെ ചില കമ്പനികള്‍ ഉല്‍പ്പാദനം കുറയ്ക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്തതോടെ വിപണിയില്‍ ക്ഷാമം രൂക്ഷമായി. ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ നേരത്തെ തന്നെ ഈ മരുന്നുകളുടെ ക്ഷാമം രോഗികളുടെ ചികില്‍സയെ ഗുരുതരമായി ബാധിക്കുന്നതായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ ചികില്‍സാ തിയ്യതികള്‍ മാറ്റിവയ്‌ക്കേണ്ടി വരുന്നതും, പകരം ഫലപ്രാപ്തി കുറഞ്ഞ ചികില്‍സാരീതികളിലേക്ക് മാറേണ്ടിവരുന്നതും ആരോഗ്യരംഗത്ത് ആശങ്ക ഉയര്‍ത്തിയിരുന്നു. മരുന്നുകളുടെ വില എത്രത്തോളം വര്‍ധിപ്പിക്കണമെന്ന് സംബന്ധിച്ച് എന്‍പിപിഎ ഉടന്‍ തീരുമാനമെടുക്കും. അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉല്‍പ്പാദനച്ചെലവും വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും പുതിയ വില പ്രഖ്യാപിക്കുക. വിലവര്‍ധനയിലൂടെ മരുന്ന് നിര്‍മാതാക്കള്‍ക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പ്രോല്‍സാഹനം ലഭിക്കുമെന്നും, അതുവഴി കാന്‍സര്‍ രോഗികള്‍ നേരിടുന്ന മരുന്ന് ക്ഷാമത്തിന് പരിഹാരമാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments