Breaking News

*ഒളിഞ്ഞും തെളിഞ്ഞും റാഗിംഗ് ; ആന്റി റാഗിംഗ് സ്‌ക്വാഡുകള്‍ പേരിനോ..?*

അദ്ധ്യയന വർഷത്തിന്റെ തുടക്കത്തില്‍ പല സ്കൂളുകളിലും റാഗിംഗ് കേസുകള്‍ തലപൊക്കുന്നു. ഈ മാസം 16-ന് തലശേരി ചിറക്കര വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ ഷർട്ടിന്റെ ബട്ടണിട്ടില്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ ചേ‌ർന്ന് മർദ്ദിച്ച സംഭവം ഇതില്‍പെടും. പരാതിയെ തുടർന്ന് എട്ട് വിദ്യാർത്ഥികളെ സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. കാസർഗോഡ് പൈവളിഗെയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ക്രൂരമായ മർദ്ദനത്തെ തുടർന്ന് നെഞ്ചിനും കഴുത്തിനും പരുക്കേറ്റ് ചികിത്സ തേടിയതും ഇതെ വിഭാഗത്തിലുള്ള സംഭവമാണ്. ഉദിനൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ ഷർട്ടിന്റെ ബട്ടണില്ലെന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുയർന്നിരുന്നു. ഇത്തരം പരാതികള്‍ ഉടൻ പോലീസിന് കൈമാറണമെന്നുണ്ടെങ്കിലും മിക്ക കേസുകളും സ്‌കൂളില്‍ തന്നെ ഒതുക്കുന്ന പ്രവണതയാണുള്ളത്. ചില സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരും റാഗിംഗിനെതിരെ ശക്തമായ നടപടിയെടുക്കാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിലും വിവിധ സ്കൂളുകളില്‍ വ്യാപകമായി റാഗിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

*എവിടെ ആന്റി റാഗിംഗ് സ്ക്വാഡുകള്‍..?*

കോളേജും സ്‌കൂളുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നാണ് ചട്ടം. സ്ഥാപന മേധാവി അദ്ധ്യക്ഷനായ കമ്മിറ്റിയില്‍ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികളും വേണം. പ്രദേശത്തെ സന്നദ്ധ പ്രവർത്തകൻ, തദ്ദേശ സ്ഥാപനത്തിന്റെ പ്രതിനിധി എന്നിവരും ഈ കമ്മിറ്റിയില്‍ അംഗങ്ങളാകണം. വിദ്യാലയത്തില്‍ റാഗിംഗ് പരാതി ഉയർന്നാല്‍ ഈ കമ്മിറ്റി പരിശോധിക്കുകയും റാഗിംഗ് ആണെന്ന് ബോധ്യപ്പെട്ടാല്‍ പോലീസില്‍ അറിയിക്കുകയും വേണമെന്നാണ് ചട്ടം. എന്നാല്‍ ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും രൂപീകരിച്ച ആന്റി റാഗിംഗ് സ്‌ക്വാഡുകളുടെ പ്രവർത്തനം നിലവില്‍ നിർജ്ജീവമാണെന്നാണ് ആക്ഷേപം. 

*ശുചിമുറികള്‍ ഇടിമുറികള്‍*

അധികം കേസുകളിലും ഷർട്ടിന്റെ ബട്ടണ്‍ മുകളില്‍ വരെ ഇടണമെന്ന ആവശ്യമുയർത്തിയാണ് സ്കൂളുകളില്‍ സീനിയർ വിദ്യാർത്ഥികള്‍ ജൂനിയർ കുട്ടികളെ ഉപദ്രവിച്ചുതുടങ്ങുന്നത്. ഇത് അനുസരിക്കാതിരുന്നാല്‍ കൂട്ടമായി വളഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കും. ഒറ്റയ്ക്ക് എവിടെയെങ്കിലും വിളിച്ച്‌ വരുത്തി കൂട്ടമായി ആക്രമിക്കുന്ന രീതിയുമുണ്ട്. ശുചി മുറികളില്‍ വെച്ച്‌ സീനിയർ വിദ്യാർത്ഥികളെത്തി ജൂനിയർ കുട്ടികളെ കൂട്ടമായി ആക്രമിക്കുന്ന സ്ഥിതിയുണ്ട്. ഷൂസ് ഇടരുത്, ഹെയർ കട്ട് സ്റ്റൈലിഷ് ആകാൻ പാടില്ല, പെണ്‍കുട്ടികളുടെ കൂടെ നടക്കാൻ പാടില്ല തുടങ്ങിയ ചട്ടങ്ങളും ജൂനിയ‌ർ വിദ്യാർത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്.

*റാഗിംഗിന്റെ പരിധിയില്‍*

*മാനസിക പീഡനം* 

കളിയാക്കല്‍, പരസ്യമായി അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍.

*ശാരീരിക ഉപദ്രവം* 

മർദ്ദനം, കഠിനമായ ജോലികള്‍ ചെയ്യിക്കല്‍, പരിക്കേല്‍പ്പിക്കല്‍.

*അപകടകരമായ പെരുമാറ്റം* 

നിർബന്ധിച്ച്‌ വസ്ത്രങ്ങള്‍ അഴിക്കല്‍, ക്രൂരമായി വേദനിപ്പിക്കല്‍.

*ശിക്ഷാ നടപടികള്‍*

1998-ലെ കേരളാ റാഗിംഗ് നിരോധന ആക്‌ട് പ്രകാരം റാഗിംഗ് ചെയ്യുയോ പ്രേരിപ്പിക്കുയോ ചെയ്യുന്നവർക്ക് 2 വർഷം വരെ തടവും 10,000 രൂപ പിഴയും.

*പിരിച്ചുവിടല്‍* 

കുറ്റം തെളിയുന്ന വിദ്യാർത്ഥിയെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കും. അടുത്ത 3 വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം ലഭിക്കില്ല.

*സസ്‌പെൻഷൻ* 

പരാതി ലഭിച്ചാല്‍ 7 ദിവസത്തിനകം അന്വേഷണം നടത്തി, കുറ്റാരോപിതനായ കുട്ടിയെ സ്ഥാപന മേധാവി സസ്‌പെൻഡ് ചെയ്യേണ്ടതാണ്.

*സ്ഥാപന മേധാവിക്ക് ചെയ്യാനുണ്ട്*

*പരാതി അന്വേഷണം* 

വിദ്യാർത്ഥിയോ രക്ഷിതാവോ അധ്യാപരോ നല്‍കുന്ന പരാതി ലഭിച്ച്‌ 7 ദിവസത്തിനകം മേധാവി അന്വേഷണം നടത്തി പോലീസിന് കൈമാറണം.

*വീഴ്ച വരുത്തിയാല്‍* 

പരാതിമേല്‍ നടപടി എടുക്കാത്ത സ്ഥാപന മേധാവിയും റാഗിംഗിന് കൂട്ടുനിന്നതായി കരുതി തുല്യ ശിക്ഷയ്ക്ക് അർഹനാകും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments