*ഗോവിന്ദനെതിരെ**ജി.സുധാകരൻ*
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ സമാനതകളില്ലാത്ത കടുത്ത രാഷ്ട്രീയ ആക്രമണവുമായി ജി.സുധാകരൻ എംഎല്‍എ. എം.വി ഗോവിന്ദൻ പ്രായോഗികമായും സൈദ്ധാന്തികമായും യഥാർത്ഥ വർഗ്ഗവഞ്ചകനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ അദ്ദേഹം ഒട്ടും യോഗ്യനല്ലെന്നും സുധാകരൻ തുറന്നടിച്ചു. ജി.സുധാകരൻ വർഗ്ഗവഞ്ചകനാണെന്ന എം.വി ഗോവിന്ദന്റെ മുൻ പ്രസ്താവനയ്ക്കാണ് ആലപ്പുഴയില്‍ വെച്ച് സുധാകരൻ അതിരൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്. വിമത എംഎല്‍എമാരായ വി.കുഞ്ഞികൃഷ്ണൻ, ടി.കെ ഗോവിന്ദൻ എന്നിവരെ പാർട്ടിയിലേക്ക് തിരികെ വിളിച്ചുള്ള എം.വി ജയരാജന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്. ഇതിന് പിന്നില്‍ ഗോവിന്ദന്റെ രാഷ്ട്രീയ വകതിരിവുകേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വർഗ്ഗം എന്താണെന്നോ വർഗ്ഗവഞ്ചകൻ എന്താണെന്നോ എം.വി ഗോവിന്ദന് അറിയില്ല. വലിയ 'സൈദ്ധാന്തികൻ' എന്ന ഒരു അടിസ്ഥാനവുമില്ലാത്ത ലേബല്‍ മാത്രമാണ് അദ്ദേഹത്തിനുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ല. ഒന്നുകില്‍ അദ്ദേഹം സ്വയം ആ പദവി ഒഴിയണം, അല്ലെങ്കില്‍ സിപിഎം അദ്ദേഹത്തെ പുറത്താക്കണം," ജി. സുധാകരൻ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കോട്ടയായ കണ്ണൂർ ജില്ലയില്‍ അഞ്ച് സീറ്റുകളില്‍ യുഡിഎഫ് ജയിച്ചിട്ടും പാർട്ടി സെക്രട്ടറിയായ ഗോവിന്ദന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ പരിഹസിച്ചു. മുതലാളി വർഗ്ഗത്തിന് സന്തോഷമുണ്ടാക്കി സ്വന്തം വർഗ്ഗത്തെ വഞ്ചിക്കുന്നയാളാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെങ്കില്‍ ആ ലേബല്‍ ഗോവിന്ദനാണ് ചേരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതോ രാജിവെച്ചതോ ആയ ആളല്ല. എന്റെ സ്വന്തം ഇഷ്ടപ്രകാരം പാർട്ടി അംഗത്വം പുതുക്കാതിരുന്നതാണ്. അത് എങ്ങനെ വർഗ്ഗവഞ്ചനയാകും..? പാർട്ടി ഭരണഘടനയില്‍ തന്നെ അംഗത്വം പുതുക്കാതിരിക്കാനുള്ള അവകാശത്തെപ്പറ്റി വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഞാൻ പാർട്ടിയെപ്പറ്റി മോശമായി ഒന്നും സംസാരിച്ചിട്ടില്ല. ഞാൻ പാർട്ടിയില്‍ വന്ന കാലത്ത് ഗോവിന്ദൻ പാർട്ടിയില്‍ പോലുമില്ല. ഇന്നുവരെ അദ്ദേഹത്തിനെതിരെ ഒരക്ഷരം ഞാൻ സംസാരിച്ചിട്ടില്ല. ഇപ്പോള്‍ കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തുകയാണ്. എന്നെപ്പറ്റി പറയാൻ അദ്ദേഹത്തിന് ഒരു കാര്യവുമില്ലായിരുന്നു. നിലവില്‍ പാർട്ടിക്ക് കിട്ടിയ നാല് രാജ്യസഭാ സീറ്റുകള്‍ പോലും കോണ്‍ഗ്രസ് പിന്തുണയോടെയല്ലേ എന്ന് സുധാകരൻ ചോദിച്ചു. സിപിഎമ്മിലേക്ക് തിരികെ വരാൻ താൻ ആർക്കും അപേക്ഷയൊന്നും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജി.സുധാകരൻ, സഭയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ കൊണ്ടുവരുന്ന നല്ല കാര്യങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചു. നിലവില്‍ സഭയില്‍ ശക്തമായ പ്രതിപക്ഷം ഇല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ വരാത്തത് മനസ്സിലാക്കാമെന്നും, എന്നാല്‍ സഭയില്‍ പകരം സംസാരിക്കേണ്ട കെ.എൻ. ബാലഗോപാല്‍ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ ശകാരിക്കുന്നത് ജനം കണ്ടതാണെന്നും സുധാകരൻ ഓർമ്മിപ്പിച്ചു. ഇതാണോ തൊഴിലാളിവർഗ്ഗത്തിന്റെ സംസ്‌കാരമെന്ന് ചോദിച്ച സുധാകരൻ, ഇത്തരം നിലവാരമില്ലാത്ത പെരുമാറ്റം നടത്തിയിട്ടും ബാലഗോപാലിനെതിരെ എന്തുകൊണ്ട് സിപിഎം നടപടിയെടുക്കുന്നില്ലെന്നും വാർത്താ സമ്മേളനത്തില്‍ ചോദ്യമുയർത്തി. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനുള്ളിലെ ആഭ്യന്തര കലഹം ജി.സുധാകരന്റെ യുദ്ധപ്രഖ്യാപനത്തോടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments