Breaking News

*പാലത്തായി പോക്‌സോ കേസ്: ബിജെപി നേതാവിന് ജാമ്യം അനുവദിച്ചതിനെതിരേ അപ്പീല്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍*

 കണ്ണൂര്‍ : പാലത്തായില്‍ പത്തുവയസുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പാനൂര്‍ കടവത്തൂരിലെ കെ പത്മരാജന് ഹൈക്കോടതിയില്‍ നിന്ന് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച വിധിക്കെതിരേ അപ്പീല്‍ നല്‍കാതെ സംസ്ഥന സര്‍ക്കാര്‍. കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണ കോടതി നല്‍കിയ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രതിക്ക് തുണയായത്. നാലാംക്ലാസ് വിദ്യാര്‍ഥിനിയെ അതേ സ്‌കൂളിലെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് രക്ഷയൊരുക്കിയ യുഡിഎഫ്ബിജെപി ഒത്തുകളി. ജാമ്യ ഹരജിയെ ഫലപ്രദമായി എതിര്‍ക്കുന്നതിലും വിചാരണ കോടതിക്ക് മുന്‍പാകെയുള്ള തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിലും പ്രോസിക്യുഷന്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ കൂടി ഫലമായാണ് ജാമ്യം ലഭിച്ചത്.  പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ജാമ്യം ലഭിക്കുന്നതിനായി പ്രോസിക്യൂഷന്‍ മനഃപൂര്‍വ്വം വീഴ്ചകള്‍ വരുത്തിയെന്നാണ് പ്രധാന വിമര്‍ശനം. ഇരയായ പെണ്‍കുട്ടി വിചാരണ കോടതിക്ക് നല്‍കിയ നൂറിലേറെ പേജുള്ള മൊഴിയടക്കമുള്ള നിര്‍ണായക തെളിവുകള്‍ ഹൈക്കോടതിയില്‍ എത്തിക്കുന്നതിലും വിശദീകരിക്കുന്നതിലും പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടു. പ്രതിയുടെ ജാമ്യഹരജി ഫലപ്രദമായി എതിര്‍ക്കുന്നതിന് പകരം, പ്രതിഭാഗത്തിന് അനുകൂലമായ മൗനമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ സ്വീകരിച്ചത്. ജാമ്യഹരജി അസാധാരണമാംവിധം വേഗത്തില്‍ കോടതിയുടെ പരിഗണനയില്‍ കൊണ്ടുവന്നതിലും ഈ ഒത്തുകളിയുടെ പങ്കുണ്ടെന്നാണ് ആരോപണം. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ അവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കിക്കൊടുക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണെന്ന വിമര്‍ശനവും ശക്തമാണ്.  പ്രതിയെ രക്ഷപ്പെടുത്താനുള്ള സിപിഎം ശ്രമത്തിന്റെ തുടര്‍ച്ച: ജോണ്‍സണ്‍ കണ്ടച്ചിറ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി കൃത്യമായ തെളിവുകള്‍ ഹാജരാക്കി പ്രതിക്ക് ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഉറപ്പാക്കിയത്. പോക്‌സോ കേസുകളില്‍ മാതൃകാപരമായ വിധിയായിരുന്നു അത്. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായി യുഡിഎഫ് അധികാരത്തില്‍ വന്നതോടെ കേസിന്റെ ഗതി മാറിമറിഞ്ഞു. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തെ പ്രീതിപ്പെടുത്താനായി യുഡിഎഫ് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പോക്‌സോ പോലൊരു ഗുരുതരമായ കേസില്‍, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിച്ചിട്ടും അതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കാന്‍ ആഭ്യന്തര വകുപ്പോ സര്‍ക്കാരോ തയ്യാറാകാത്തത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.  2020 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളില്‍ നാലാം ക്ലാസുകാരിയായ 10 വയസുകാരിയെ സ്‌കൂളിനകത്തും പുറത്തുംവെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലായിരുന്നു തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി പത്മരാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2025 നവംബര്‍ 14ലെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധിക്കെതിരേ പത്മരാജന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. ജാമ്യ ഹരജിയെ എതിര്‍ക്കുന്നതിനും വിചാരണക്കോടതിക്ക് മുമ്പാകെയുള്ള തെളിവുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചത്. 

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments