*‘കൊലയാളി സമ്മാനം കൊടുക്കേണ്ട’; ശ്രീറാം വെങ്കിട്ടരാമൻ കുട്ടിക്ക് സമ്മാനം കൊടുക്കുന്നത് വിലക്കി രക്ഷിതാവ്: നാടകീയ രംഗങ്ങൾ*
കോഴിക്കോട് : ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡ‌്ലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ തന്റെ മകൾക്ക് സമ്മാനം നൽകേണ്ടെന്ന് വിളിച്ചുപറഞ്ഞ് ഒരു കുട്ടിയുടെ രക്ഷിതാവ് പരസ്യമായി രംഗത്തു വരികയായിരുന്നു. ‘‘സാർ കൊടുക്കേണ്ട. കൊലയാളി വേണ്ട. കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ കൊടുക്കേണ്ട. എന്റെ മോൾക്ക് വേറെ ആരെങ്കിലും സമ്മാനം കൊടുത്താൽ മതി’’ എന്നാണ് വേദിയിൽ കയറിയ രക്ഷിതാവ് പറഞ്ഞത്.
പ്രതിഷേധത്തെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽനിന്ന് പിന്മാറി. തുടർന്ന് സബ് കലക്ടർ ഗൗതം രാജാണ് സമ്മാന ദാനം നിർവഹിച്ചത്. കോഴിക്കോട് ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിലായിരുന്നു കിഡ്സ് സ്വിമ്മത്തോൺ മത്സരം സംഘടിപ്പിച്ചത്. ഇതേ സ്ഥലത്ത് സൈക്ലിങ്, നീന്തൽ, ഓട്ടം എന്നിവ ഉൾപ്പെടുന്ന കാലിക്കറ്റ് ട്രയാത്‌ലോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനായാണ് ശ്രീറാം വെങ്കിട്ടരാമൻ കോഴിക്കോട്ടെത്തിയത്. ഇതിനിടെയാണ് സ്വിമ്മിങ് മത്സരത്തിന്റെ സംഘാടകർ അദ്ദേഹത്തെ സമ്മാന ദാനത്തിനായി ക്ഷണിച്ചത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. കേസിൽ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയാണ്. കേസിന്റെ വിചാരണ നടപടികൾ തുടർന്നു വരികയാണ്.
No comments