Breaking News

*ഹോർമൂസ് കടലിടുക്ക് അടഞ്ഞുതന്നെ, തുറക്കാൻ ഇറാന് തിടുക്കമില്ല: ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി*

തെഹ്റാൻ : ഹോർമൂസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണെന്നും അത് ഉടൻ തുറക്കാൻ ഇറാന് തിടുക്കമില്ലെന്നും വ്യക്തമാക്കി ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി. 'ഹോർമൂസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഈ പാതയിലൂടെ ഏതെങ്കിലും കപ്പൽ കടന്നുപോകുന്നുണ്ടെങ്കിൽ, ഇസ്‌ലാമിക്‌ റിപ്പബ്ലിക്കിന്റെ ഏകോപനത്തോടെയും അനുമതിയോടെയും മാത്രമായിരിക്കും അത്' എന്നായിരുന്നു ഗരീബാബാദിയുടെ പ്രതികരണം. 

ഇറാന്റെ സ്റ്റുഡന്റ് ന്യൂസ് നെറ്റ്‌വർക്ക് (എസ്എൻഎൻ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നീക്കങ്ങൾ ഇറാൻ സേന പൂർണമായി നിരീക്ഷിച്ചുവരികയാണെന്നും ഇറാന്റെ അനുമതിയില്ലാതെ കപ്പലുകൾ കടന്നുപോകുന്നുവെന്ന അവകാശവാദങ്ങൾ തെറ്റാണെന്നും ഇറാൻ്റെ ഉപവിദേശകാര്യ മന്ത്രി വ്യക്തമാക്കി. '

ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ഇറാനും ഒമാനും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ ഈ ധാരണ സ്വമേധയാ പ്രാബല്യത്തിൽ വരില്ലെന്നും അമേരിക്ക തങ്ങളുടെ പ്രതിബദ്ധതകൾ പാലിക്കുന്നതിനെ ആശ്രയിച്ചായിരിക്കും അത് നടപ്പാക്കുക'യെന്നും ഗരീബാബാദി വ്യക്തമാക്കി. 'ഈ ധാരണയിലൂടെ നയതന്ത്രത്തിലേക്ക് മടങ്ങാൻ ഇറാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അമേരിക്ക തങ്ങളുടെ പ്രതിബദ്ധതകൾ നടപ്പാക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.

 അമേരിക്ക നടപടിയെടുത്താൽ അതിന് അനുസൃതമായ തുടർനടപടികൾ ഇറാനും സ്വീകരിക്കും' എന്നായിരുന്നു ഗരീബാബാദിയുടെ പ്രതികരണം.അതേസമയം, ഹോർമൂസ് കടലിടുക്കിൽ തങ്ങൾ ശക്തമായ നിയന്ത്രണം തുടരുകയാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വ്യക്തമാക്കി. കടലിടുക്ക് തുറന്നുകിടക്കുകയാണെന്ന തരത്തിലുള്ള അമേരിക്കയുടെ പ്രസ്താവനകൾ തെറ്റാണെന്നും ഐആർജിസി ആരോപിച്ചു. ഊർജവിലകളെ സ്വാധീനിക്കുന്നതിനും എണ്ണവിലയിൽ കൃത്രിമത്വം സൃഷ്ടിക്കുന്നതിനുമായി അമേരിക്ക തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നാണ് ഐആർജിസിയുടെ ആരോപണം. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും ഐആർജിസി വ്യക്തമാക്കി.

ഇതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടനിലക്കാരായി പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇറാഖ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ഖാസിം അൽ അറാജിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇറാനെതിരായ സൈനിക ആക്രമണവും സാമ്പത്തിക യുദ്ധവും ഫലപ്രദമാണെന്നാണ് കരുതുന്നതെന്ന് നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. 

അൽ-ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കയുടെ സാമ്പത്തിക യുദ്ധനീക്കം സൈനിക ആക്രമണങ്ങളേക്കാൾ ഫലപ്രദമാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിൻ്റെ മറുപടി. യുദ്ധത്തിൽ അമേരിക്ക വലിയ രീതിയിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണെന്നും അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാനെതിരായ സാമ്പത്തികവും സൈനികവുമായ നടപടികൾ ഫലപ്രദമാണെന്നും, ഇറാനുമായി ചർച്ചകൾ നടത്തുന്നതിൽ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. '

എനിക്ക് സമയപരിധിയൊന്നുമില്ല. ഞാൻ ധൃതിയിലല്ല' എന്നായിരുന്നു അൽ ജസീറയുടെ റിപ്പോർട്ട‍ർ ടാന്യ നൂരിയുടെ ചോദ്യങ്ങളോടുള്ള ട്രംപിൻ്റെ പ്രതികരണം.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments