Breaking News

*കാന്തപുരത്തെ പിന്തുണച്ച്‌ നാസര്‍ ഫൈസി കൂടത്തായി*

കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ വിവാദമായ സര്‍ക്കുലറിനെയും പ്രസ്താവനകളെയും പിന്തുണച്ചുകൊണ്ട് സമസ്ത ഇ.കെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്ത്. മതവിധി പറയാന്‍ കാന്തപുരത്തിന് പൂര്‍ണ്ണ അവകാശവും ബാധ്യതയുമുണ്ടെന്നും അത് പറയരുതെന്ന് തിട്ടൂരമിടാന്‍ ആര്‍ക്കും അവകാശമില്ലെന്നും നാസര്‍ ഫൈസി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മുസ്ലിം സ്ത്രീ-പുരുഷന്മാര്‍ വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും പൊതുയിടങ്ങളിലും എങ്ങനെയൊക്കെയാണ് ജീവിക്കേണ്ടതെന്ന് ഇസ്ലാം മതം വ്യക്തമായി നിര്‍വ്വചിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജീവിതത്തിന്റെ സമ്പൂര്‍ണ്ണ വ്യവസ്ഥിതിയാണ് ഇസ്ലാം മതം. ഇത്തരം മതവിധികള്‍ വിശ്വാസികളെ ബോധ്യപ്പെടുത്താനും അത് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാനുമാണ് മതം പഠിച്ച പണ്ഡിതന്മാര്‍ നിലകൊള്ളുന്നത്. അതിനാല്‍ തന്നെ കാന്തപുരത്തിനും അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീ-പുരുഷന്മാരായ അണികളോട് മതവിധി പറയാന്‍ പൂര്‍ണ്ണ അവകാശമുണ്ട്. അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീകള്‍ പൊതുയിടങ്ങളില്‍ എങ്ങനെയായിരിക്കണമെന്ന് പറയാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്. അത്തരം അഭിപ്രായങ്ങളെ അംഗീകരിക്കാത്തവര്‍ക്ക് തള്ളിക്കളയാവുന്നതാണ്. എന്നാല്‍ പറയാന്‍ പാടില്ല എന്ന തിട്ടൂരം കാന്തപുരത്തോട് മാത്രമല്ല, ഒരു മതപണ്ഡിതനോടും വേണ്ടെന്ന് നാസര്‍ ഫൈസി വ്യക്തമാക്കി. പൊതുയിടങ്ങളിലും അന്യപുരുഷന്മാര്‍ക്കിടയിലും സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലര്‍ വലിയ സാംസ്‌കാരിക - രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാന്തപുരത്തെ പിന്തുണച്ച്‌ ഇ.കെ വിഭാഗത്തില്‍പ്പെട്ട നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയത്. മതപരമായ ആഘോഷങ്ങളില്‍ അതിര്‍വരമ്പ് ലംഘിക്കരുതെന്നും പരിപാടികള്‍ പൂര്‍ണ്ണമായും ഇസ്ലാമിക മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ മാത്രമായിരിക്കണം നടത്തേണ്ടതെന്നും കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലറില്‍ കര്‍ശനമായി ആവശ്യപ്പെടുന്നുണ്ട്. നിരത്തുകളിലും പൊതുവേദികളിലും അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കരുതെന്നും, ഇസ്ലാമികമല്ലാത്ത ആചാരങ്ങള്‍ കടത്തിക്കൂട്ടി കൂട്ടിയിണക്കരുതെന്നും മഹല്ലുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ മുന്നോട്ട് പോകുന്നത് വളരെ ഗൗരവത്തോടെ കാണണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാരും ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും സംയുക്തമായി അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്തരം പരിപാടികള്‍ തികച്ചും ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും പള്ളി, മദ്രസ്സ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവന്‍ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും, വരുംതലമുറയിലേക്ക് സന്മാര്‍ഗികമായ മാതൃകകള്‍ പകര്‍ന്നുനല്‍കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സമസ്ത നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments