*ശിവ സൂര്യന്റെ തിരോധാനം: PUCL വസ്തുതാന്വേഷണ സംഘം വീടും പരിസരവും സന്ദർശിച്ചു*
തലശ്ശേരി : പുളിയനമ്പ്രം സ്വദേശി ജിഗീഷിന്റെ മകനും 17 വയസ്സുള്ള പ്ലസ് ടു വിദ്യാർത്ഥിയുമായ ശിവ സൂര്യനെ ആഗസ്റ്റ് 8 മുതൽ കാണാതായ സംഭവത്തിൽ കണ്ണൂർ ജില്ലാ PUCL വസ്തുതാന്വേഷണത്തിന് തുടക്കം കുറിച്ചു.
PUCL ജില്ലാ ഘടകത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഡ്വ. പി. എ. പൗരൻ (വൈസ് പ്രസിഡന്റ്), സുചിത്ര, ഇഖ്ബാൽ, ഷഫീഖ് എന്നിവർ ഉൾപ്പെട്ട വസ്തുതാന്വേഷണ സംഘമാണ് രൂപീകരിച്ചത്. സംഘം ആഗസ്റ്റ് 30ന് ശിവ സൂര്യന്റെ വീടും പരിസര പ്രദേശങ്ങളും സന്ദർശിച്ച് കുടുംബാംഗങ്ങളിൽ നിന്നും ബന്ധപ്പെടുന്നവരിൽ നിന്നും വിവരങ്ങളും രേഖകളും ശേഖരിക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.
വസ്തുതാന്വേഷണത്തിന്റെ ഭാഗമായി പാനൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന കെ. സി., വാർഡ് കൗൺസിലർ ഷഫീഖ് വി. വി., പരിസരവാസികളും പൊതുപ്രവർത്തകരുമായ പ്രമോദ് എം., നജീർ കോറോത്ത്, ശരത്ത് തുടങ്ങിയവരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. 30ലധികം പൊതുപ്രവർത്തകരും പരിസരവാസികളും അന്വേഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
ശിവ സൂര്യനെ കാണാതായതിനെ തുടർന്ന് പിതാവ് ജിഗീഷ് ചൊക്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണം കാര്യക്ഷമമല്ലെന്ന ആശങ്ക ഉന്നയിച്ച് മുഖ്യമന്ത്രി വി. ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരാതി നൽകിയതിനെ തുടർന്ന് ഡോ. നന്ദഗോപൻ IPSന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കാൻ ഉത്തരവായി.
തുടർന്ന് അന്വേഷണ സംഘം CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയും അന്വേഷണം നടത്തി. ശിവ സൂര്യൻ എഴുതിവെച്ചതായി പറയുന്ന കത്തിനെ കേന്ദ്രീകരിച്ച് വാരണാസിയിലും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ നിർണായകമായ പുതിയ തുമ്പുകൾ ലഭിച്ചിട്ടില്ല.
PUCL വസ്തുതാന്വേഷണ സംഘം അന്വേഷണ ചുമതലയുള്ള ഡോ. നന്ദഗോപനുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയപ്പോൾ അന്വേഷണം വിവിധ തലങ്ങളിൽ മുന്നോട്ടുപോകുന്നതായി അദ്ദേഹം അറിയിച്ചു.
അതേസമയം, ശിവ സൂര്യനെ കണ്ടെത്തുന്നതിനായി പ്രദേശവാസികളും പൊതുപ്രവർത്തകരും ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ശക്തമായ ജനകീയ ഇടപെടലുമായി മുന്നോട്ടുപോകാനുള്ള ആലോചനയിലാണ്.
17 വയസ്സുകാരനായ ശിവ സൂര്യനെ എത്രയും വേഗം കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ ശക്തമാക്കണമെന്നും ലഭ്യമായ എല്ലാ ശാസ്ത്രീയ അന്വേഷണ മാർഗങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും PUCL വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments