Breaking News

*സംസ്ഥാനത്തെ 5183 പ്രൈമറി സ്കൂളുകളിൽ 'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതി; മുന്നിൽ മലപ്പുറം*

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 5183 പ്രൈമറി സ്കൂളുകളെ ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയ്ക്കായി തെരഞ്ഞെടുത്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. സ്കൂളുകളിൽ പൊതുവായി ഡിജിറ്റൽ പഠന ഇടം ക്രമീകരിക്കുകയും ഏറ്റവും കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമാക്കുകയും ചെയ്ത വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ പട്ടിക കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സെപ്റ്റംബർ ആദ്യവാരം തന്നെ സ്കൂളുകളിലെ കമ്പ്യൂട്ടറുകളിലേക്ക് ആവശ്യമായ സോഫ്റ്റ്‌വെയറുകൾ കൈറ്റ് ലഭ്യമാക്കും. തുടർന്ന് ചുമതലയുള്ള അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകും. സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്ലാറ്റ്‌ഫോമിലൂടെ കളിയിലൂടെയുള്ള പഠനം, സർഗാത്മകത, സ്വയംപഠനശേഷി, ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തിയെടുക്കലാണ് ലക്ഷ്യമിടുന്നത്. കാഴ്ചപരിമിതിയുള്ളവർക്കും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് പ്ലാറ്റ്‌ഫോമിന്റെ രൂപകൽപ്പന.

ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടാൻ സന്നദ്ധത അറിയിച്ച സ്കൂളുകളെയാണ് പരിഗണിച്ചത്. പദ്ധതിയിൽ ഏറ്റവും കൂടുതൽ സ്‌കൂളുകൾ ഇടംപിടിച്ചത് മലപ്പുറം (814) ജില്ലയിൽ നിന്നാണ്. എറണാകുളം (475), പാലക്കാട് (466), കണ്ണൂർ (463) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ. ഈ വർഷം തന്നെ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments