*നിഥാരി കൂട്ടക്കൊല കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദ്ര കോലി മരിച്ച നിലയിൽ*
ഹരിദ്വാർ : രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലക്കേസിൽ പ്രതിയാക്കപ്പെടുകയും 2023 ൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സുരേന്ദ്ര കോലിയെ (50) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഹരിദ്വാർ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രാഥമിക പരിശോധനയിൽ സുരേന്ദ്ര കോലിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സുരേന്ദ്ര കോലി ഹരിദ്വാറിൽ ചായക്കട നടത്തുകയായിരുന്നു എന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ലാൽ മാതാ ക്ഷേത്രത്തിന് എതിർവശത്തായിട്ടായിരുന്നു ചായ വിൽപന നടത്തിയിരുന്നത്.
2006 ലാണ് രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക കേസുകൾ പുറത്തുവന്നത്. കേസിൽ സുരേന്ദ്ര കോലിയും വ്യവസായി മോനീന്ദർ സിങ് പാന്ഥറും പ്രതികളായിരുന്നു. പാന്ഥറിന്റെ നോയിഡയിലെ വീടിനു പിന്നിലെ അഴുക്കുചാലിൽനിന്നു കുട്ടികളുടെയും യുവതികളുടെയും അസ്ഥികൂടങ്ങൾ ലഭിച്ചതിനെ തുടർന്നാണു കൊലപാതക പരമ്പര പുറത്തുവന്നത്. പാന്ഥറിന്റെ വീട്ടിൽ ജോലിചെയ്യുകയായിരുന്നു 30 കാരനായിരുന്നു സുരേന്ദ്ര കോലി. വിചാരണ കോടതി സുരേന്ദ്ര കോലിക്കു വധശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീലിൽ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
ഡി 5 ബംഗ്ലാവ്2005–2006 കാലഘട്ടത്തിലാണ് ഡൽഹിക്കടുത്തുള്ള നോയിഡയിലെ നിഥാരി ഗ്രാമം വാർത്തകളിൽ നിറയുന്നത്. പ്രദേശത്തെ ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെയും യുവതികളെയും തുടർച്ചയായി കാണാതാവുന്നതായിരുന്നു കേസിന്റെ തുടക്കം. പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടാകാതിരുന്ന സംഭവത്തിൽ, 2006 ഡിസംബറിൽ നിർണായകമായ കണ്ടെത്തലുണ്ടായി. നോയിഡ സെക്ടർ 31ലെ ഡി 5 ബംഗ്ലാവിനു പിന്നിലെ ഓടയിൽ നിന്നും അഴുക്കുചാലുകളിൽ നിന്നും മനുഷ്യ അസ്ഥികൂടങ്ങളും തലയോട്ടികളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു.ആ ബംഗ്ലാവിന്റെ ഉടമ വ്യവസായിയായ മോനിന്ദർ സിങ് പന്ധറും, അവിടെയുള്ള ഏക വേലക്കാരൻ സുരേന്ദ്ര കോലിയുമായിരുന്നു. മധുരപലഹാരങ്ങളും ചോക്ലേറ്റുകളും നൽകി കുട്ടികളെയും സ്ത്രീകളെയും കോലി ഈ വീട്ടിലേക്ക് ആകർഷിക്കുമായിരുന്നുവെന്നാണ് കണ്ടെത്തിയത്. പിന്നീട് ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും, മൃതദേഹങ്ങൾ കഷണങ്ങളാക്കി മുറിച്ചു ചാക്കുകളിലാക്കി അഴുക്കുചാലിൽ തള്ളുകയും ചെയ്യുന്നതായിരുന്നു രീതി.
കേസ് സിബിഐ ഏറ്റെടുത്തതോടെ സുരേന്ദ്ര കോലിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പതിനാറോളം കേസുകൾ റജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി സിബിഐ പ്രത്യേക കോടതികൾ കോലിക്ക് വധശിക്ഷയും വിധിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സീരിയൽ കില്ലറായി കോലി ഇതിനോടകം മാധ്യമങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ടിരുന്നു. കോലിയുടെ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഒരു ഘട്ടത്തിൽ ജയിൽ അധികൃതർ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, മേൽ കോടതികളിൽ എത്തിയപ്പോൾ കേസിന്റെ ഗതി മാറിമറിഞ്ഞു.
2023 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി കോലിയെ 12 കേസുകളിൽ കുറ്റവിമുക്തനാക്കി. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസും സിബിഐയും പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. മാത്രമല്ല, വീടിന്റെ മുൻ ഉടമസ്ഥനായ ഡോക്ടർ അനധികൃത അവയവക്കടത്ത് കേസിലെ പ്രതിയായിരുന്നിട്ടും, കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോൾ എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ അവയവക്കടത്ത് എന്ന കോണിലൂടെ അന്വേഷിച്ചില്ല എന്ന് അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വെറുമൊരു ദരിദ്രനായ വേലക്കാരന്റെ തലയിൽ എല്ലാ കുറ്റവും കെട്ടിവച്ച് യഥാർഥ മാഫിയയെ സിബിഐ രക്ഷപെടുത്തിയെന്ന ആരോപണം കോടതി ശരിവയ്ക്കുകയായിരുന്നു.
12 കേസുകളിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയെങ്കിലും ഒരു കേസിൽ മുൻപ് സുപ്രീം കോടതി വധശിക്ഷ ശരിവച്ചിരുന്നതിനാൽ കോലിക്ക് ജയിലിൽ തന്നെ തുടരേണ്ടി വന്നു. എന്നാൽ ഒരേ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്ത വിധികൾ നിലനിൽക്കുന്നത് നീതിനിഷേധമാണെന്ന് ചൂണ്ടിക്കാണിച്ച് കോലി നൽകിയ ക്യൂറേറ്റീവ് ഹർജിയിൽ 2025 നവംബറിൽ സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് കോലിയെ അവസാന കേസിൽ നിന്നും കുറ്റവിമുക്തനാക്കി. ഇതോടെ 19 വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം കോലി ഗ്രേറ്റർ നോയിഡയിലെ ലുക്സർ ജയിലിൽ നിന്നും പൂർണ സ്വതന്ത്രനായി പുറത്തിറങ്ങുകയായിരുന്നു.
നിയമത്തിനു മുന്നിൽ നിരപരാധിയായെങ്കിലും സമൂഹത്തിനു മുന്നിൽ കോലി ഇപ്പോഴും ക്രൂരനായ കൊലയാളിയായിരുന്നു. കോലിയുടെ ജയിൽവാസം കാരണം കുടുംബം വലിയ നാണക്കേടാണ് അനുഭവിച്ചത്. വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ഭാര്യ രണ്ടു കുട്ടികളുമായി ഗ്രാമം വിട്ടുപോയിരുന്നു, അമ്മ മരണപ്പെടുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തിയ കോലി കുറച്ചുനാൾ ഒരു സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി. പിന്നീട് സപ്ത് സരോവർ റോഡിൽ ചെറിയ ചായക്കട വാടകയ്ക്കെടുത്ത് നടത്തിവരികയായിരുന്നു. കുടുംബത്തിന്റെ തകർച്ചയും ഒറ്റപ്പെടലും നൽകിയ മാനസിക വിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments