Breaking News

*അപകടം വിതച്ച് വ്യാജ ഫെയർനെസ് ക്രീമുകൾ: മെർക്കുറി വിഷബാധ മൂലം 17-കാരിക്ക് ഗുരുതര വൃക്കരോഗം*>> സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം; ക്രീമിൽ കണ്ടെത്തിയത് അനുവദനീയമായതിലും പല മടങ്ങ് മെർക്കുറി അംശം *

അരീക്കോട് : മുഖകാന്തി വർദ്ധിപ്പിക്കാനെന്ന വ്യാജേന വിപണിയിലെത്തുന്ന സൗന്ദര്യ വർദ്ധക ക്രീമുകളിലെ അമിത മെർക്കുറി വിഷബാധ ജില്ലയിൽ വീണ്ടും 17-കാരിയുടെ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കി. ഫെയർനെസ് ക്രീമിൽ അമിതമായി അടങ്ങിയിരുന്ന മെർക്കുറി അംശം മൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച 17-കാരിക്ക് കൃത്യമായ രോഗനിർണ്ണയത്തിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും പുതുജീവൻ നൽകി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം. മെർക്കുറി വിഷബാധയെത്തുടർന്ന് മെംബ്രനസ് നെഫ്രോപ്പതി എന്ന അതിസങ്കീർണ്ണ രോഗാവസ്ഥ ബാധിച്ച പെൺകുട്ടിയാണ് മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ അപകടനില തരണം ചെയ്തത്. അരീക്കോട് സ്വദേശിയായ 17-കാരി നിലവിൽ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെ വിദഗ്ദ്ധ ചികിത്സയിൽ ആരോഗ്യ നില മെച്ചപ്പെടുന്നു എന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ശരീരത്തിൽ നീരും കടുത്ത ശാരീരിക അസ്വസ്ഥതകളുമായിട്ടാണ് 17-കാരിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സകൾ ആരംഭിച്ച ശേഷം രോഗലക്ഷണങ്ങളിലെ അസ്വാഭാവികത മെഡിക്കൽ സംഘത്തിൽ സംശയമുണർത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമാംവിധം ഉയർന്നതായി കണ്ടെത്തി. മെർക്കുറി ശരീരത്തിലെത്തിയ ഉറവിടം കണ്ടെത്തുന്നതിനായി നെഫ്രോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ഗൗരി .എസ് നടത്തിയ വ്യക്തമായ അന്വേഷണത്തിലാണ് പെൺകുട്ടി ഉപയോഗിച്ചിരുന്ന സൗന്ദര്യ വർദ്ധക ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിൽ സമാനമായ ആരോഗ്യ പ്രശ്നങ്ങളോടെ രണ്ട് കുട്ടികളെ കണ്ടെത്തിയിരുന്നതിനാൽ ഡോക്ടറുടെ മുൻപരിചയവും നിരീക്ഷണപാടവവും രോഗകാരണം വേഗത്തിൽ സ്ഥിരീകരിക്കാൻ സഹായകമായി. പെൺകുട്ടി ഉപയോഗിച്ചിരുന്ന അതേ ഫെയർനെസ് ക്രീം കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചത്. രാജ്യത്തെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) മാനദണ്ഡങ്ങൾ പ്രകാരം സൗന്ദര്യവർദ്ധക വസ്തുക്കളിൽ അനുവദനീയമായ സുരക്ഷാ പരിധിയേക്കാൾ വളരെയധികം ഉയർന്ന തോതിലാണ് ഈ വിഷാംശം കണ്ടെത്തിയത്. ശരീരത്തിൽ പ്രവേശിക്കുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്നതിനും നാഡീവ്യൂഹത്തെ ബാധിക്കുന്നതിനും ഇത് കാരണമാകുന്നു. വിദഗ്ധ പരിചരണത്തിലൂടെയും ചികിത്സാരീതികളിലൂടെയും പെൺകുട്ടിയുടെ ശരീരത്തിലെ മെർക്കുറിയുടെ അളവ് കുറച്ചുകൊണ്ടുവരാൻ അധുപത്രിയിലെ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന് സാധിച്ചു. കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് വിപണിയിലെത്തുന്ന ഇത്തരം അനധികൃത ഉൽപ്പന്നങ്ങൾ സമൂഹത്തിന് വലിയ ആരോഗ്യഭീഷണിയാണ് മാറുകയാണ്. ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ഏതൊരു സൗന്ദര്യവർദ്ധക വസ്തുവും ഉപയോഗിക്കുന്നതിന് മുൻപ് അവയുടെ ചേരുവകളും അംഗീകൃത സർട്ടിഫിക്കേഷനുകളും കൃത്യമായി പരിശോധിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം എന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ഗൗരി .എസ് പറഞ്ഞു. തങ്ങളുടെ കുട്ടിക്ക് നേരിട്ട ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ അവബോധം സൃഷ്ടിക്കാനും ആശുപത്രി പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ സി.ഒ.ഒ റോബിൻ സി.വി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ 17-കാരിയും, പിതാവും, നെഫ്രോളജി വിഭാഗം ഡോ. ഗൗരി .എസ്, ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ സി.ഒ.ഒ റോബിൻ സി.വി, സി.എം.എസ് ഡോ. സഹീർ കൊയപ്പൊത്തൊടിക എന്നിവർ പങ്കെടുത്തു.

Note: സൗന്ദര്യവർധക വസ്തുക്കളിൽ മെർക്കുറി ഉപയോഗിക്കുന്നത് അപകടകരവും നിയമ ലംഘനവുമാണ്. അനിവാര്യമായ സാഹചര്യങ്ങളിൽ കടന്നുകൂടുന്ന അളവ് 1 പി.പി.എമ്മിൽ കൂടാൻ പാടില്ല. എന്നാൽ ഈ ക്രീമിൽ കണ്ടെത്തിയ ക്രീമിൽ 1.25 ശതമാനം എന്നത് 12,500 പി.പി.എം മെർക്കുറി സുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനവും അപകടത്തിന്റെ തീവ്രതയും വ്യക്തമാക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments