*2023ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ കുടിക്കാന്‍ സന്ദര്‍ശിച്ച അയോധ്യയിലെ കുടുംബം ഇപ്പോള്‍ കടക്കെണിയില്‍*
ലഖ്‌നോ : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് തൊട്ടുമുമ്പ് 2023 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി സന്ദര്‍ശിച്ച, ഉജ്ജ്വല യോജനയുടെ പത്തുകോടി തികച്ച ഗുണഭോക്താവായ മീര മാഞ്ചിയുടെ കുടുംബം ഇന്ന് വായ്പക്കുരുക്കിലും കടക്കെണിയിലുമാണെന്ന വാര്‍ത്ത പുറത്ത്. ഉത്തര്‍പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശരദ് ശുക്ലയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മീരയും ഭര്‍ത്താവ് സൂരജ് കുമാര്‍ മാഞ്ചിയും തങ്ങളുടെ ദുരവസ്ഥ തുറന്നുപറഞ്ഞത്. അന്ന് പ്രധാനമന്ത്രി തങ്ങളുടെ ദാരിദ്ര്യം കണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നതായി മീര ഓര്‍മ്മിക്കുന്നു. ഘാട്ടില്‍ പൂക്കള്‍ വിറ്റ് ജീവിച്ചിരുന്ന മീരയ്ക്ക് സ്ഥിരമായൊരു കടമുറിയും, തൊഴിലാളിയായ ഭര്‍ത്താവിന് നദിയില്‍ സര്‍വീസ് നടത്താന്‍ ഒരു വഞ്ചിയും ഒരുക്കിത്തരാമെന്ന് ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും പിന്നീട് ഉറപ്പുനല്‍കി. എന്നാല്‍, ജോലി നല്‍കുന്നതിന് പകരം പ്രധാനമന്ത്രിയുടെ തൊഴില്‍ ഉല്‍പ്പാദന പദ്ധതി (PMEGP) പ്രകാരം ബാങ്ക് വായ്പ എടുക്കാനാണ് ഉദ്യോഗസ്ഥര്‍ അവരെ നിര്‍ബന്ധിച്ചത്. തങ്ങള്‍ സഹായമാണ് ചോദിച്ചതെന്നും വായ്പയല്ലെന്നും മീര വ്യക്തമാക്കുന്നു. ഇതിനുപുറമേ, അനുവദിച്ച സ്ഥലത്ത് പൂക്കള്‍ വില്‍ക്കാന്‍ മീരയോട് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് പൂക്കച്ചവടം നിര്‍ത്തേണ്ടി വന്നത് അവരുടെ പ്രധാന വരുമാനം ഇല്ലാതാക്കി. വലിയ ക്രൂയിസ് കപ്പലുകളും മോട്ടോര്‍ ബോട്ടുകളും വന്നതോടെ ഭര്‍ത്താവിന്റെ പരമ്പരാഗത വഞ്ചി സര്‍വീസില്‍ നിന്നുള്ള വരുമാനവും നിലച്ചു. വെള്ളപ്പൊക്കം കൂടിയായതോടെ കുടുംബം പൂര്‍ണ്ണമായും പ്രതിസന്ധിയിലായി. ബിബിസി ഹിന്ദി റിപ്പോര്‍ട്ട് അനുസരിച്ച്, വഞ്ചി നിര്‍മ്മിക്കാന്‍ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ 2,04,616 രൂപ കുടിശ്ശികയാവുകയും ബാങ്ക് ഇത് നിഷ്‌ക്രിയ ആസ്തിയായി (NPA) പ്രഖ്യാപിക്കുകയും ചെയ്തു. 2026 ജൂലൈ 5-ന് ബാങ്ക് ഇവര്‍ക്ക് നോട്ടീസ് അയച്ചു. നിലവില്‍ മൂന്ന് കുട്ടികളടങ്ങുന്ന ഈ കുടുംബം വായ്പ തിരിച്ചടവ് ഏജന്റുമാരുടെ ഭീഷണി നേരിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശരദ് ശുക്ല കുറ്റപ്പെടുത്തി. 'മോദി മോഡലിന്റെ' യഥാര്‍ത്ഥ ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മാസങ്ങളായി കത്തുകള്‍ അയച്ചിട്ടും ഈ കുടുംബത്തിന് സഹായം ലഭിച്ചിരുന്നില്ല. അതേസമയം, പ്രതിപക്ഷം വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും പിഎം ആവാസ് യോജന പ്രകാരം വീടും, ആയുഷ്മാന്‍ കാര്‍ഡും, വഞ്ചി നന്നാക്കാന്‍ പിഎം സ്വനിധിയിലൂടെ വായ്പയും ഈ കുടുംബത്തിന് നല്‍കിയിട്ടുണ്ടെന്നും ബിജെപി അവകാശപ്പെട്ടു. എന്നാല്‍ വായ്പ തിരിച്ചടവിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും അതിന് സമൂഹം തന്നെയാണ് മുന്നോട്ടുവരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments