*മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ പി.എം.എ.വൈ ഫണ്ട് തിരിമറി;നിയമന നടപടിയിൽ വീഴ്ചയെന്ന് പ്രസിഡൻ്റ്യു.കെ സൈഫുല്ല തങ്ങൾ*
കുമ്പള : മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവനപദ്ധതിയിൽ പതിനഞ്ച് ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് വിഹിതം ജീവനക്കാരന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തിലും ജീവനക്കാരന്റെ നിയമന നടപടിയിലും വീഴ്ചയുണ്ടായെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുല്ല തങ്ങൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.ഒരാൾക്ക് 1.12 ലക്ഷം രൂപ വീതം ആകെ 16.80 ലക്ഷം രൂപയാണ് ക്രമക്കേടിലൂടെ മാറ്റിയതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. പി.എം.എ.വൈ സെക്ഷനിലെ ക്ലർക്ക് രാംദാസാണ് ക്രമക്കേട് നടത്തിയതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ഗുണഭോക്താക്കളുടെ പട്ടികയിൽ പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തി സ്വന്തം അക്കൗണ്ട് ചേർത്താണ് പണം കൈമാറിയതെന്നാണ് കണ്ടെത്തൽ.മൂന്ന് പുതിയ ഗുണഭോക്താക്കളും പന്ത്രണ്ട് പഴയ ഗുണഭോക്താക്കളും ഉൾപ്പെടെ പതിനഞ്ച് പേരുടെ വിഹിതമാണ് ഇത്തരത്തിൽ മാറ്റിയത്.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പരിശോധനയിലാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. ഗുണഭോക്താക്കളുടെ രജിസ്റ്റർ ആവശ്യപ്പെട്ടിട്ടും ജീവനക്കാരൻ നൽകാതിരുന്നതിനെ തുടർന്ന് സെക്രട്ടറി നേരിട്ട് പരിശോധിക്കുകയായിരുന്നു. രേഖകളിൽ 2025 എന്നത് 2026 എന്ന് തിരുത്തിയതായി സംശയം ഉയർന്നതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ സെക്രട്ടറിയും ഭരണസമിതിയും പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. പണം തിരിച്ചടക്കാമെന്ന് ജീവനക്കാരനും ഭാര്യയും മറ്റൊരാളും ഉറപ്പുനൽകിയതായും ഇതിന്റെ ഭാഗമായി ജീവനക്കാരൻ ഒരു ലക്ഷം രൂപ തിരിച്ചടച്ചതായും പ്രസിഡന്റ് പറഞ്ഞു. ബാക്കി തുക തിരിച്ചുപിടിക്കാനും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ് കമലാക്ഷി, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് ഹനീഫ്, മോഹൻ റൈ, മെമ്പർ അസീസ് മെരിക്കെ തുടങ്ങിയവർ സംബന്ധിച്ചു.നിയമന നടപടികളിലും വീഴ്ചയെന്ന് ആരോപണംകഴിഞ്ഞ മെയ് മാസത്തിലാണ് രാംദാസ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ചുമതലയേറ്റത്.നിയമന ഉത്തരവ് ഔദ്യോഗികമായി ഓഫീസിൽ ലഭിക്കാതെ ജീവനക്കാരൻ നേരിട്ടെത്തിയാണ് ഉത്തരവിന്റെ പകർപ്പ് കൈമാറിയതെന്നും സൈഫുല്ല തങ്ങൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻപ് ജോലി ചെയ്തിരുന്ന ഓഫീസിൽ അരക്കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായിരുന്നുവെന്നും സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ നേരിട്ടിരുന്നുവെന്നും അറിഞ്ഞു.എന്നാൽ പുതിയ നിയമന ഉത്തരവിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം.മുൻകാല നടപടികൾ മറച്ചുവെച്ച് നിയമനം നൽകിയതിൽ ഡയറക്ടറേറ്റിന് വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സൈഫുല്ല ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകളിൽ ആരോപണവിധേയരാകുന്നവരെയും അച്ചടക്ക നടപടികൾ നേരിടുന്നവരെയും കാസർകോട് ജില്ലയിലേക്ക് സ്ഥലംമാറ്റുന്നതിലൂടെ ജില്ലയോടും ഇവിടുത്തെ തദ്ദേശസ്ഥാപനങ്ങളോടും വിവേചനം കാണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments